തിരുവനന്തപുരം: തിരുനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് മത്സരിക്കാം. വൈഷ്ണയുടെ വോട്ട് നീക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി ഉത്തരവിറക്കി. ഇതോടെയാണ് വൈഷ്ണയ്ക്ക് മത്സരിക്കാന്‍ അവസരമൊരുങ്ങിയിരിക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുട്ടട വാര്‍ഡിലാണ് വൈഷ്ണ മത്സരിക്കുന്നത്. ഈ വാര്‍ഡിലെ വൈഷ്ണയുടെ വോട്ട് പരാതിയെ തുടര്‍ന്നാണ് സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തത്. ഈ നടപടിയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, സത്യം ജയിക്കും എന്ന് ഉറപ്പായിരുന്നു. കോടതിക്ക് നന്ദിയെന്നും വൈഷ്ണ വിധിയോട് പ്രതികരിച്ചു. ജനാധിപത്യത്തിന്റെ വിജയമെന്ന് രമേശ് ചെന്നിത്തല വിധിയോട് പ്രതികരിച്ചു.
പിന്നാലെ, വൈഷ്ണയുടെ പേര് വെട്ടിയതിന് പിന്നിലെ സാഹചര്യം വ്യക്തമാക്കാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന് വ്യക്തമായ മറുപടി ലഭിക്കാത്തതിനാലാണ് വൈഷ്ണയ്ക്ക് അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്.
ചട്ട പ്രകാരല്ല കോര്‍പ്പറേഷനിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ വൈഷ്ണയുടെ പേര് നീക്കം ചെയ്ത നടപടി സ്വീകരിച്ചതെന്ന സൂചന നല്‍കിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.
അതേസമയം, വൈഷ്ണയ്ക്ക് അനുകൂലമായ ഉത്തരവ് വന്നതോടെ സ്ഥാനാര്‍ത്ഥിയാകാനും മുട്ടട വാര്‍ഡില്‍ വോട്ട് ചെയ്യാനും വൈഷ്ണയ്ക്ക് തടസങ്ങളുണ്ടാകില്ല.
കോര്‍പ്പറേഷനിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് മാത്രമെ കൗണ്‍സിലിലേക്ക് മത്സരിക്കാന്‍ കഴിയൂ എന്നാണ് ചട്ടം. എന്നാല്‍, വോട്ടര്‍ പട്ടികയിലെ വൈഷ്ണയുടെ പിസി നമ്പര്‍ തെറ്റാണെന്ന് സി.പി.ഐ.എം പരാതി നല്‍കിയതോടെയാണ് വൈഷ്ണയുടെ പേര് നീക്കം ചെയ്തത്.