ലിസ്റ്റ് എ ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് യുവതാരം വൈഭവ് സൂര്യവംശി. ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്ക എ-ക്കെതിരെ തകര്‍ത്തടിച്ചാണ് ഇന്ത്യ എ ടീമിനൊപ്പം വൈഭവ് ചരിത്രം സൃഷ്ടിച്ചത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് വൈഭവ് നല്‍കിയത്.
ദാംബുള്ളയില്‍ നടക്കുന്ന മത്സരത്തില്‍ 29 പന്തില്‍ 94 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. 324.14 പ്രഹര ശേഷിയില്‍ 10 ഫോറുകളും എട്ട് കൂറ്റന്‍ സിക്‌സുകളുമാണ് വൈഭവ് അടിച്ചെടുത്തത്. സെഞ്ച്വറിക്ക് ആറ് റണ്‍സകലെ താരം പുറത്താവുകയായിരുന്നു.
മത്സരത്തില്‍ വെറും 11 പന്തില്‍ നിന്നും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് വൈഭവ് ഞെട്ടിച്ചത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയാണ് വൈഭവ് ദാംബുള്ളയില്‍ അടിച്ചെടുത്തത്.
കെ. വീരരത്നെയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്താണ് 15കാരന്‍ ഒന്നാമനായത്. 2005ല്‍ 12 പന്തുകളില്‍ നിന്നുമായിരുന്നു താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അഗമാക് ക്രിക്കറ്റ് ക്ലബ്ബിന്റെ താരമായ വീരരത്നെ കുരുനേഗല യൂത്ത് ക്രിക്കറ്റ് ക്ലബ്ബിനെതിരെയാണ് അര്‍ധ സെഞ്ച്വറി നേടിയിരുന്നത്.
അതേസമയം ഫൈനലിന് മുമ്പ് നടന്ന ശ്രീലങ്കക്കെതിരെയുള്ള മത്സരത്തില്‍ വൈഭവും ലങ്കന്‍ താരങ്ങളും തമ്മിൽ കയ്യാകളി നടന്നിരുന്നു. വൈഭവ് സൂര്യവംശിയും ലങ്കന്‍ താരം വിഷന്‍ ഹലംബാഗെയും തമ്മില്‍ കൊമ്പുകോര്‍ക്കുന്ന കാഴ്ചക്കാണ് ആരാധകര്‍ സാക്ഷിയായത്.
മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ വിജയം സ്വന്തമാക്കിയ ശ്രീലങ്കയുടെ വിജയാഘോഷത്തിനിടെയായിരുന്നു സംഭവം. ലങ്കന്‍ താരങ്ങള്‍ വിജയമോഘോഷിക്കുമ്പോള്‍ 15കാരന്‍ തിരികെ നടക്കുകയായിരുന്നു.
എന്നാല്‍, പെട്ടെന്ന് താരം ലങ്കന്‍ ബൗളര്‍ മാതുലന് നേരെ തിരിഞ്ഞു. പിന്നാലെ രംഗം ശാന്തമാക്കാനെത്തിയ വിഷന്‍ ഹലംബാഗെയെ വൈഭവ് കൈകൊണ്ട് തള്ളി മാറ്റി. ഹലംബാഗെയും തിരിച്ചുതള്ളാന്‍ ശ്രമിച്ചു. പിന്നാലെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകതെ സീനിയര്‍ താരം നിരോഷന്‍ ഡിക്ക്വെല്ല ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
Content Highlight: Vaibhav Suryavanshi scores fastest half century in List A cricket