ദുലീപ് ട്രോഫിയിലെ വിക്കറ്റ് നേട്ടത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി. ടൂര്‍ണമെന്റിലെ നോര്‍ത്ത് ഈസ്റ്റ് സോണ്‍ – ഈസ്റ്റ് സോണ്‍ മത്‌സരത്തിലാണ് ഈസ്റ്റ് സോണിന് വേണ്ടി താരം വിക്കറ്റ് വീഴ്ത്തിയത്. ബാറ്റിങ്ങില്‍ പാടെ നിരാശപ്പെടുത്തിയെങ്കിലും പന്തെറിഞ്ഞ് രണ്ട് വിക്കറ്റെടുത്ത് വൈഭവ് തിളങ്ങി.
തനിക്ക് പന്തെറിയാന്‍ നല്‍കുന്നത് റിസ്‌ക് ആണെന്നാണ് ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ കരുതിയതെന്നും എന്നാല്‍ താന്‍ പന്തെറിയാറുണ്ടെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും വൈഭവ് പറഞ്ഞു.
ബി.സി.സി.ഐ ഡൊമസ്റ്റിക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് വൈഭവ് സൂര്യവംശി വിക്കറ്റ് നേട്ടത്തെ കുറിച്ച് സംസാരിച്ചത്.
𝐁𝐨𝐰𝐥 𝐢𝐭 𝐥𝐢𝐤𝐞 𝐕𝐚𝐢𝐛𝐡𝐚𝐯 𝐒𝐨𝐨𝐫𝐲𝐚𝐯𝐚𝐧𝐬𝐡𝐢 🎯
Meet the secret wicket-taker who enjoys bowling and answered his captain’s ‘risky’ call 🤙 – By @jigsactin#DuleepTrophy pic.twitter.com/ZhZ0QkeyZm
— BCCI Domestic (@BCCIdomestic) August 29, 2026
‘ഏതൊരു ബാറ്ററോട് ചോദിച്ചാലും അയാള്‍ക്ക് ബൗള്‍ ചെയ്യാനും ഇഷ്ടമാണെന്ന് പറയും. ബൗളറോട് ചോദിച്ചാല്‍ അവര്‍ക്ക് ബാറ്റ് ചെയ്യാനും ഇഷ്ടമായിരിക്കും. എതിരാളികളുടെ വിക്കറ്റുകള്‍ വീഴാതിരുന്നപ്പോഴാണ് എന്നെ പന്ത് ഏല്‍പ്പിച്ചത്. എനിക്ക് ബോള്‍ തരുന്നത് റിസ്‌ക് ആണെന്നാണ് ഇഷാന്‍ ഭയ്യ കരുതിയത്, എന്നാല്‍ ഞാന്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ആളാണെന്ന് പുള്ളിക്ക് അറിയില്ലായിരുന്നു.
അഞ്ച് വിക്കറ്റ് വീഴ്ത്തിയാല്‍ പോലും എനിക്ക് പരമാവധി മൂന്ന് ഓവര്‍ മാത്രമേ ലഭിക്കൂ എന്ന് എനിക്കറിയാമായിരുന്നു. ഒരു കൃത്യമായ ഏരിയയില്‍ പന്തെറിഞ്ഞ് ബൗളര്‍ എന്ന നിലയില്‍ എന്റെ പരമാവധി നല്‍കാനാണ് ഞാന്‍ ശ്രമിച്ചത്. അത് വളരെ രസകരമായിരുന്നു.
ബാറ്റിങ്ങില്‍ തിളങ്ങാന്‍ കഴിയാതിരുന്നതിനാല്‍ പന്തുകൊണ്ട് സംഭാവന നല്‍കണമെന്ന് ഞാന്‍ കരുതി. ഒരു ബാറ്റര്‍ വിക്കറ്റ് വീഴ്ത്തുമ്പോള്‍ ലഭിക്കുന്ന സന്തോഷത്തേക്കാള്‍ വലുതായി ഒന്നുമില്ല,’ വൈഭവ് പറഞ്ഞു.
മത്സരത്തില്‍ ഈസ്റ്റ് സോണിന്റെ ആദ്യ ഇന്നിങ്‌സില്‍ വെറും എട്ട് റണ്‍സ് മാത്രമാണ് വൈഭവിന് നേടാനായത്. ഈസ്റ്റ് സോണ്‍ ഇന്നിങ്‌സിനും 210 റണ്‍സിനും വിജയിച്ചതിനാല്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങേണ്ടിയും വന്നില്ല.
നോര്‍ത്ത് ഈസ്റ്റ് സോണിന്റെ രണ്ടാം ഇ്‌നിങ്‌സില്‍ 11 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് വൈഭവ് തിളങ്ങിയത്.
വമ്പന്‍ ഷോട്ടിന് ശ്രമിച്ച കിഷന്‍ ലാങ്‌ദോയെ മിഡ്‌വിക്കറ്റിലും, ഇംലിവതി ലെംതൂറിനെ വിക്കറ്റ് കീപ്പറുടെ കൈകളിലും എത്തിച്ചാണ് വൈഭവ് മടക്കിയത്.
രാജസ്ഥാന്‍ റോയല്‍സിലൂടെ ശ്രദ്ധേയനായ ഈ ബീഹാര്‍ താരം അടുത്തിടെ സമാപിച്ച സിംബാബ്‌വേ പര്യടനത്തില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും നേടിയിരുന്നു.
അതേസമയം, ദുലീപ് ട്രോഫി സെമി ഫൈനല്‍ മത്സരമാണ് ഇനി വൈഭവിന് മുമ്പിലുള്ളത്. ബെംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ സെന്‍ട്രല്‍ സോണാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിക്കാതെ പോയതില്‍ കേട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കൂടിയാകും വൈഭവ് സെമി പോരാട്ടത്തിനിറങ്ങുന്നത്.
Content highlight: Vaibhav Suryavanshi on taking a wicket in the Duleep Trophy.
