വിരാടിനെ വെട്ടാനുള്ള അവസരം പാഴാക്കി; വെടിക്കെട്ട് വീരനെ പറഞ്ഞയച്ച് യു.എസ്.എ!
Sports News
വിരാടിനെ വെട്ടാനുള്ള അവസരം പാഴാക്കി; വെടിക്കെട്ട് വീരനെ പറഞ്ഞയച്ച് യു.എസ്.എ!
ശ്രീരാഗ് പാറക്കല്‍
Thursday, 15th January 2026, 6:08 pm

അണ്ടര്‍ 19 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയും യു.എസ്.എയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ യു.എസ്.എയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടര്‍ന്ന് 35.2 ഓവറില്‍ 107 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു യു.എസ്.എ.

നിലവില്‍ മഴമൂലം കളി നിര്‍ത്തിവെച്ചപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് ഓവറില്‍  ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റര്‍ വൈഭവ് സൂര്യവംശിയേയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഋത്വിവിക് റെഡ്ഡി അപ്പിഡിയുടെ പന്തില്‍ ബൗള്‍ഡായാണ് വൈഭവിന്റെ മടക്കം. നാല് പന്തില്‍ വെറും രണ്ട് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. രണ്ട് റണ്‍സിന് പുറത്തായതോടെ യൂത്ത് ഏകദിനത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരവും താരം നഷ്ടപ്പെടുത്തിയിരിക്കുകയാണ്.

വൈഭവ് സൂര്യവംശി – Photo: BCCI

യൂത്ത് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ മറികടക്കാനുള്ള അവസരമാണ് പാഴാക്കിയത്. വെറും ആറ് റണ്‍സ് നേടിയിരുന്നെങ്കില്‍ വൈഭവിന് വിരാടിനെ മറികടക്കാന്‍ സാധിക്കുമായിരുന്നു. നിലവില്‍ ഈ റെക്കോട് പട്ടികയില്‍ ഏഴാമതുള്ള വിരാടിന് 25 ഇന്നിങ്‌സില്‍ നിന്ന് 978 റണ്‍സാണ് ഉള്ളത്. വൈഭവിന് 19 ഇന്നിങ്‌സില്‍ നിന്ന് നിലവില്‍ 975 റണ്‍സാണുള്ളത്.

അതേസമം സൂപ്പര്‍ ബൗളര്‍ ഹെനില്‍ പട്ടേലിന്റെ കരുത്തിലാണ് ഇന്ത്യ യു.എസ്.എയെ ഓള്‍ ഔട്ട് ചെയ്തത്. ഫൈഫര്‍ നേടിയാണ് താരം താണ്ഡവമാടിയത്. അമ്രിന്ദര്‍ ഗില്‍ (1), അര്‍ജുന്‍ മഹേഷ് (16), ക്യാപ്റ്റന്‍ ഉത്കര്‍ഷ് ശ്രീവത്സവ (0), ശബ്രിഷ് പ്രസാദ് (7), റിഷബ് രാജ് ഷിംപി എന്നിവരുടെ വിക്കറ്റായിരുന്നു ഹെനില്‍ സ്വന്തമാക്കിയത്.

അതേസമയം യു.എസ്.എയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് നിതീഷ് റെഡ്ഡി സുധിനിയാണ്. 52 പന്തില്‍ 36 റണ്‍സാണ് താരം നേടിയത്. കളത്തില്‍ പിടിച്ചുനിന്ന യു.എസ് താരം പുറത്തായത് വൈഭവ് സൂര്യവംശിയുടെ പന്തിലാണ്. നിതീഷിന് പുറമെ അദ്‌നിത് ജാംബ് 41 പന്തില്‍ 18 റണ്‍സാണ് നേടിയത്. സഹില്‍ ഗര്‍ഗ്, അര്‍ജുന്‍ മഹേഷ് എന്നിവര്‍ 16 റണ്‍സ് വീതവും നേടിയിരുന്നു.

Content Highlight: Vaibhav Suryavanshi Missed A Chance To Achieve Great Record In Youth ODI

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ