അയ്യര്‍പ്പടക്കൊപ്പം സച്ചിനെ വീഴ്ത്താന്‍ വൈഭവ്; ചരിത്രം കണ്മുന്നില്‍!
Cricket
അയ്യര്‍പ്പടക്കൊപ്പം സച്ചിനെ വീഴ്ത്താന്‍ വൈഭവ്; ചരിത്രം കണ്മുന്നില്‍!
സുദേവ് എ
Saturday, 6th June 2026, 2:36 pm

നീണ്ട കാത്തിരിപ്പിനൊടുവില്‍ യുവതാരം വൈഭവ് സൂര്യവംശി ഇന്ത്യന്‍ ടീമില്‍ ഇടം നേടി. അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് ടി-20 പരമ്പരക്കും ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലുമാണ് വൈഭവ് ഇടം നേടിയത്. അയര്‍ലാന്‍ഡിനെതിരെ വൈഭവ് കളത്തിലിറങ്ങുകയായെങ്കില്‍ മറ്റൊരു റെക്കോഡ് കൂടി തകര്‍ന്നുവീഴുന്ന ചരിത്ര നിമിഷത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിക്കും.

ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് വൈഭവിന്റെ മുന്നിലുള്ളത്. ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് 15കാരന് മുന്നില്‍ തകര്‍ന്ന് വീഴുക. 1989ല്‍ പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ അരങ്ങേറ്റം.

2026 ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി മിന്നും പ്രകടനമായിരുന്നു വൈഭവ് നടത്തിയത്. ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 776 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് വൈഭവ് നേടിയത്.

48.50 എന്ന മികച്ച ആവറേജിലും 237.3 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. 2025ല്‍ രാജസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 23 മത്സരത്തില്‍ നിന്ന് 1028 റണ്‍സാണ് സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.

വൈഭവ് സൂര്യവംശി. Photo: The Cricket Panda/x.com

ഈ സീസണില്‍ പല ചരിത്രങ്ങളും തിരുത്തിയെഴുതിയ വൈഭവ് തന്നെയാണ് ഓറഞ്ച് ക്യാപ്പും കൈപ്പിടിയിലാക്കിയത്. ഇതിന് പുറമെ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്‌സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളും താരം സ്വന്തം പേരിലാക്കിയിരുന്നു.

അയര്‍ലാന്‍ഡിനെതിരെയും വൈഭവിന്റെ ഈ മിന്നും പ്രകടനം ഉണ്ടാവുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

അതേസമയം ഇന്ത്യയുടെ പുതിയ ടി-20 നായകനായി ശ്രേയസ് അയ്യരിനെ നിയമിച്ചു. സൂര്യകുമാര്‍ യാദവിന് പകരക്കാരനായാണ് അയ്യര്‍ ടീമിന്റെ ക്യാപ്റ്റനാവുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് ബൗളര്‍ പ്രിന്‍സ് യാദവും ടീമിലെത്തിയിട്ടുണ്ട്.

അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പരമ്പരക്കുമുള്ള ടി-20 ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

ഏഷ്യന്‍ ഗെയിംസിനുള്ള ടി-20 ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

 

Content Highlight: Vaibhav Suryavanshi eying on Sachin Tendulker historical record

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.