ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 40 റണ്‍സിന്റെ വമ്പന്‍ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ലഖ്നൗവിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ടൂര്‍ണമെന്റിലെ അഞ്ചാം വിജയമാണ് റിയാന്‍ പരാഗും സംഘവും കൈപ്പിടിയിലാക്കിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങിയെങ്കിലും മറുപടി ബാറ്റിങ്ങില്‍ ലഖ്നൗവിനെ 18 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടാക്കി രാജസ്ഥാന്‍ ജയിച്ചുകയറുകയായിരുന്നു.
മത്സരത്തില്‍ ഒരു ചരിത്രനേട്ടവും രാജസ്ഥാന്‍ യുവതാരം വൈഭവ് സൂര്യവംശി സ്വന്തമാക്കി. ഐ.പി.എല്ലില്‍ 500 റണ്‍സ് നേടിയാണ് താരം പുതിയ നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തില്‍ എട്ട് റണ്‍സ് നേടിയാണ് വൈഭവ് മടങ്ങിയത്. എങ്കിലും രണ്ട് റണ്‍സ് നേടിയപ്പോള്‍ തന്നെ വൈഭവ് ഈ മൈല്‍സ്റ്റോണിലേക്ക് നടന്നുകയറി.
ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 15 വയസും 26 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ ഈ നേട്ടം. പൃഥ്വി ഷാ, സഞ്ജു സാംസണ്‍, റിഷബ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെ ഒരുമിച്ച് മറികടന്നാണ് വൈഭവിന്റെ കുതിപ്പ്. ഈ നാല് താരങ്ങളും തങ്ങളുടെ 19ാം വയസിലാണ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.
ഇതിന് പുറമെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടവും 15കാരന്‍ സ്വന്തമാക്കി. ഐ.പി.എല്ലില്‍ നേരിട്ട 227ാം പന്തിലാണ് താരം ഈ മൈല്‍സ്റ്റോണില്‍ എത്തിയത്. ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്ലിനെ മറികടന്നാണ് വൈഭവിന്റെ ചരിത്ര നേട്ടം. ഓസീസ് ഓള്‍റൗണ്ടര്‍ 260 പന്തുകള്‍ നേരിട്ടാണ് 500 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നത്.
അതേസമയം മത്സരത്തില്‍ ലഖ്നൗവിന് വേണ്ടി 41 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 55 റണ്‍സ് നേടിയ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് ടോപ് സ്‌കോറര്‍. നിക്കോളാസ് പൂരന്‍ 25 പന്തില്‍ 22 റണ്‍സും നേടി. ഇംപാക്ട പ്ലെയര്‍ ഹിമ്മത് സിങ് 15 റണ്‍സും നേടി. മറ്റാര്‍ക്കും രണ്ടക്കം പോലും കാണാന്‍ സാധിച്ചില്ല.
റോയല്‍സിനായി ആറാം സ്ഥാനത്ത് ഇറങ്ങിയ രവീന്ദ്ര ജഡേജയാണ് മികച്ച ബാറ്റിങ് പ്രകടനം നടത്തിയത്. 29 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 43 റണ്‍സാണ് താരം നേടിയത്. യശസ്വി ജെയ്സ്വാള്‍ (22), ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (20), ഷിംറോണ്‍ ഹെറ്റ്മെയര്‍ (22), ഡെണോവന്‍ ഫെരേരിയ (20) എന്നിവര്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു.
ലഖ്നൗവിനായി മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, മൊഹസിന്‍ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി മികവ് പുലര്‍ത്തി.
മത്സരത്തില്‍ രാജസ്ഥാന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് ജോഫ്ര ആര്‍ച്ചറാണ്. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. നാന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ, രവി ബിഷ്ണോയ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content Highlight: Vaibhav Suryavanshi Become the youngest player to score 500 runs in ipl history