ഇന്ത്യ യൂത്ത് ടീമും സൗത്ത് ആഫ്രിക്കന്‍ യൂത്ത് ടീമും തമ്മിലുള്ള മൂന്നാം ഏകദിന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഏഴ് വിക്കറ്റിന് 393 റണ്‍സാണ് എടുത്തത്. ക്യാപ്റ്റന്‍ വൈഭവിന്റെയും ഓപ്പണര്‍ ആരോണ്‍ ജോര്‍ജിന്റെയും സെഞ്ച്വറി കരുത്തിലാണ് ടീം മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്.
ക്യാപ്റ്റന്‍ സൂര്യവംശിയായിരുന്നു മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 74 പന്തില്‍ 127 റണ്‍സായിരുന്നു താരം നേടിയത്. വെറും 63 റണ്‍സിലായിരുന്നു വണ്ടര്‍ കിഡിന്റെ ഈ സെഞ്ച്വറി നേട്ടം. പത്ത് സിക്സും ഒമ്പത് ഫോറും അടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 171. 62 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ക്യാപ്റ്റന്റെ വെടിക്കെട്ട്.
വൈഭവ് സൂര്യവംശി. Photo: Tanuj/x.com
സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള സെഞ്ച്വറിയോടെ തന്റെ റെക്കോഡ് വേട്ട വൈഭവ് തുടരുകയാണ്. ഇത്തവണ താരം സ്വന്തം പേരിലാക്കിയത് മറ്റൊരു ലോക റെക്കോഡാണ്. യൂത്ത് ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന ലോകറെക്കോഡാണ് തന്റെ പേരില്‍ കുറിച്ചത്. 14 വയസും ഒമ്പത് മാസവും പ്രായമായപ്പോളാണ് ഇന്ത്യന്‍ ക്യാപ്റ്റനായി താരത്തിന്റെ സെഞ്ച്വറി.
കഴിഞ്ഞ മത്സരത്തില്‍ യൂത്ത് ഏകദിനത്തില്‍ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി എന്ന റിഷബ് പന്തിന്റെ റെക്കോഡും വൈഭവ് തകര്‍ത്തിരുന്നു. കൂടാതെ, അണ്ടര്‍ 19 ക്രിക്കറ്റില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും താരം തന്റെ പേരില്‍ കുറിച്ചു. ഇംഗ്ലണ്ടിനെതിരെ 52 പന്തില്‍ മൂന്നക്കം കടന്നായിരുന്നു ഈ നേട്ടം.
അതേസമയം, മത്സരത്തില്‍ വൈഭവിന് പുറമെ ആരോണ്‍ 106 പന്തില്‍ 118 റണ്‍സ് സ്‌കോര്‍ ചെയ്തു. 16 ഫോറുകളാണ് താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത്. ഇവര്‍ക്കൊപ്പം വേദാന്ത് ത്രിവേദി (42 പന്തില്‍ 34), മറ്റൊരു മലയാളി താരം മുഹമ്മദ് ഇനാന്‍ (19 പന്തില്‍ 28*) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
ആരോൺ ജോർജ്.Photo: Varun Giri/x.com
നിലവില്‍ സൗത്ത് ആഫ്രിക്ക മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. പ്രോട്ടിയാസ് സംഘം അഞ്ച് വിക്കറ്റിന് 54 റണ്‍സാണ് ഇതുവരെ നേടിയത്. 27 പന്തില്‍ 19 റണ്‍സ് നേടിയ ഡാനിയേല്‍ ബോസ്മാനും അഞ്ച് പന്തില്‍ ഒരു റണ്‍സുമായി പോള്‍ ജെയിംസുമാണ് ക്രീസിലുള്ളത്.
ആതിഥേയര്‍ക്ക് നഷ്ടമായ അഞ്ച് ബാറ്റര്‍മാരില്‍ ഒരാള്‍ മാത്രമാണ് രണ്ടക്കം കടന്നത്. അത് അഞ്ചാമായി ബാറ്റിങ് ഇറങ്ങിയ ജേസണ്‍ റൗള്‍സാണ്. താരം 21 പന്തില്‍ 19 റണ്‍സാണ് നേടിയത്.
ഇന്ത്യക്കായി കിഷന്‍ സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉദ്ധവ് മോഹനും ഹെനില്‍ പട്ടേലും ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
Content Highlight: Vaibhav Suryavanshi became youngest captain to score century in Youth ODI