വീണ്ടും വെടിക്കെട്ടുമായി വണ്ടര്‍ കിഡ്; വൈഭവ് കരുത്തില്‍ ഇന്ത്യന്‍ കൗമാരപട
Cricket
വീണ്ടും വെടിക്കെട്ടുമായി വണ്ടര്‍ കിഡ്; വൈഭവ് കരുത്തില്‍ ഇന്ത്യന്‍ കൗമാരപട
ഫസീഹ പി.സി.
Tuesday, 27th January 2026, 2:40 pm

അണ്ടര്‍ 19 ലോകകപ്പില്‍ വീണ്ടും അര്‍ധ സെഞ്ച്വറി പ്രകടനവുമായി വൈഭവ് സൂര്യവംശി. ഇന്ന് ടൂര്‍ണമെന്റില്‍ നടക്കുന്ന സിംബാബ്‌വെയ്ക്ക് എതിരെയുള്ള മത്സരത്തിലാണ് താരം മറ്റൊരു അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയത്. ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ഈ മത്സരം നടക്കുകയാണ്.

മത്സരത്തില്‍ 29 പന്തില്‍ 52 റണ്‍സാണ് വൈഭവ് സ്‌കോര്‍ ചെയ്തത്. നാല് വീതം സിക്സും ഫോറുകളുമാണ് താരം അതിര്‍ത്തി കടത്തിയത്. 173.33 സ്‌ട്രൈക്ക് റേറ്റിലാണ് താരം ഇത്തവണ ബാറ്റേന്തിയത്. നേരിട്ട 24ാം പന്തിലാണ് താരം ടൂര്‍ണമെന്റിലെ തന്റെ രണ്ടാം അര്‍ധ സെഞ്ച്വറി പൂര്‍ത്തീകരിച്ചത്.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

അര്‍ധ സെഞ്ച്വറിക്ക് പുറമെ, ഓപ്പണറായ മലയാളി താരം ആരോണ്‍ ജോര്‍ജുമായി ഓപ്പണിങ്ങില്‍ 44 റണ്‍സും വൈഭവ് ചേര്‍ത്തു. അതേസമയം, മത്സരത്തില്‍ നിലവില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുത്തിട്ടുണ്ട്.

വേദാന്ത് ത്രിവേദിയും വിഹാന്‍ മനോജ് മല്‍ഹോത്രയുമാണ് ക്രീസിലുള്ളത്. വേദാന്ത് ഏഴ് പന്തില്‍ എട്ട് റണ്‍സും വിഹാന്‍ ആറ് പന്തില്‍ അഞ്ച് റണ്‍സുമാണ് എടുത്തിട്ടുള്ളത്.

വൈഭവിന് പുറമെ, ആരോണ്‍ ജോര്‍ജിന്റെയും ക്യാപ്റ്റന്‍ ആയുഷ് മാഹ്‌ത്രെയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആരോണ്‍ 16 പന്തില്‍ ഒരു സിക്സും രണ്ട് ഫോറുമടക്കം 23 റണ്‍സും മാഹ്‌ത്രെ 19 പന്തില്‍ രണ്ട് സിക്സും ഒരു ഫോറുമുള്‍പ്പടെ 21 റണ്‍സുമാണ് എടുത്തത്.

ആരോൺ ജോർജ്. Photo: Tanuj/x.com

സിംബാബ്‌വെക്കായി ടാറ്റെന്‍ഡ ഫോര്‍ച്യൂണ്‍ ചിമുഗോറോ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. പനാഷെ നിഗല്‍ മസായ് ഒരു വിക്കറ്റും നേടി.

അതേസമയം, ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച എല്ലാ മത്സരത്തിലും ഇന്ത്യ വിജയിച്ചാണ് മുന്നേറുന്നത്. അതിനാല്‍ തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് ടീം സിംബാബ്വെയെ നേരിടുന്നത്.

Content Highlight: Vaibhav Suryavanshi hit fify in U19 World Cup

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി