സഞ്ജുവല്ല, വീണത് മറ്റൊരു മലയാളി; ലോകത്തില്‍ ഒന്നാമനായി വൈഭവ്
Cricket
സഞ്ജുവല്ല, വീണത് മറ്റൊരു മലയാളി; ലോകത്തില്‍ ഒന്നാമനായി വൈഭവ്
Sudev A
Wednesday, 27th May 2026, 10:55 pm

ടി-20യില്‍ ചരിത്രം സൃഷ്ടിച്ച് രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശി.
എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലെ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് വൈഭവ് പുതിയ നേട്ടങ്ങള്‍ കൈവരിച്ചത്.

ഓറഞ്ച് ആര്‍മിക്കെതിരെ വൈഭവ് 29 പന്തില്‍ 97 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്.

ഈ ഒറ്റ ഇന്നിങ്സ് കൊണ്ട് പല ചരിത്രങ്ങളും തിരുത്തിയെഴുതിയിരിക്കുകയാണ് വൈഭവ്. ഈ സീസണില്‍ 600 റണ്‍സും കടന്ന് കുതിക്കുകയാണ് വൈഭവ്. 15 ഇന്നിങ്സില്‍ 680 റണ്‍സുമായി നിലവില്‍ താരം ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ ഒന്നാമതാണ്. ഈ സീസണില്‍ റണ്‍സ് 600 കടന്നതോടെ മറ്റൊരു ലോക റെക്കോഡും വൈഭവ് തന്റെ പേരിലാക്കി മാറ്റി.

ടി-20 ടൂര്‍ണമെന്റിന്റെ ഒരു എഡിഷനില്‍ 600+ റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് 15കാരന്‍ മാറിയത്. ആര്‍.സി.ബിയുടെ മലയാളി താരം ദേവദത്ത് പടിക്കലിന്റെ പേരിലായിരുന്നു ഈ നേട്ടം ഉണ്ടായിരുന്നത്. 2019ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു പടിക്കല്‍ 580 റണ്‍സ് അടിച്ചെടുത്തത്. ഈ നേട്ടത്തിലെത്തുമ്പോള്‍ പടിക്കലിന് 19 വയസായിരുന്നു പ്രായം.

ഐ.പി.എല്ലില്‍ ഒരു സീസണില്‍ 600 റണ്‍സ് കടക്കുന്ന പ്രായം കുറഞ്ഞ താരവും വൈഭവ് തന്നെയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് നായകന്‍ റിഷബ് പന്തിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് വൈഭവ് തകര്‍ത്തത്. 2018 സീസണില്‍ തന്റെ 20ാം വയസില്‍ 684 റണ്‍സാണ് പന്ത് നേടിയിരുന്നത്.

അതേസമയം മുല്ലാന്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 243 റണ്‍സ് സ്വന്തമാക്കിയത്. മത്സരത്തില്‍ വൈഭവിന് പുറമെ ധ്രുവ് ജുറെല്‍ അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി. 21 പന്തില്‍ അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടക്കം 50 റണ്‍സാണ് റോയല്‍സ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്.

ഹൈദരബാദ് ബൗളിങ് നിരയില്‍ പ്രഫുല്‍ ഹിന്‍ജെ മൂന്ന് വിക്കറ്റുകള്‍ നേടി തിളങ്ങി. നിതീഷ് കുമാര്‍ റെഡ്ഢി, ഇഷാന്‍ മലിംഗ, ശിവാങ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: Vaibhav Suryavamshi create a historical record in T20 cricket

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.