വൈഭവ വർഷം; കലങ്ങിയ കണ്ണുമായി സൂര്യവംശി മടങ്ങുന്നത് ലോകം കീഴടക്കി
Cricket
വൈഭവ വർഷം; കലങ്ങിയ കണ്ണുമായി സൂര്യവംശി മടങ്ങുന്നത് ലോകം കീഴടക്കി
Sudev A
Saturday, 30th May 2026, 3:10 pm

2026 ഐ.പി.എല്ലില്‍ കിരീടമെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങിയിരിക്കുകയാണ് വൈഭവ് സൂര്യവംശിയും രാജസ്ഥാന്‍ റോയല്‍സും. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ഏഴ് വിക്കറ്റിന് പരാജയപ്പെട്ടാണ് രാജസ്ഥാന്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്.

മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം അനായാസമായി മറികടന്നു.

മത്സരം രാജസ്ഥാന്‍ പരാജയപ്പെട്ടെങ്കിലും വൈഭവ് സൂര്യവംശിയുടെ പോരാട്ടം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 47 പന്തില്‍ 96 റണ്‍സാണ് വൈഭവ് ഗുജറാത്തിനെതിരെ അടിച്ചെടുത്തത്. എട്ട് ഫോറുകളും ഏഴ് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്‌സ്. സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ താരം മടങ്ങുകയായിരുന്നു.

എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയും വൈഭവ് മിന്നും പ്രകടനമാണ് നടത്തിയത്. 29 പന്തില്‍ 97 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ഈ മത്സരത്തില്‍ സെഞ്ച്വറി കടക്കാന്‍ മൂന്ന് റണ്‍സ് മാത്രം വേണ്ടിയിരുന്ന സമയത്തായിരുന്നു വൈഭവ് മടങ്ങിയത്.

വൈഭവ് സൂര്യവംശി

ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 776 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് വൈഭവ് നേടിയത്. 48.50 എന്ന മികച്ച ആവറേജിലും 237.3 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

ഈ സീസണില്‍ പല ചരിത്രങ്ങളും തിരുത്തിയെഴുതിയ വൈഭവ് മറ്റൊരു വലിയ റെക്കോഡും തകര്‍ത്തു. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടുന്ന താരമായും വൈഭവ് മാറിയിരിക്കുകയാണ്. ഈ സീസണില്‍ 135 ബൗണ്ടറികള്‍ അടിച്ചുകൂടിയാണ് വൈഭവ് മടങ്ങുന്നത്. 72 സിക്സുകളും 63 ഫോറുകളുമാണ് താരം നേടിയത്.

ജോസ് ബട്ലർ & വൈഭവ് സൂര്യവംശി

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് വൈഭവ് തകര്‍ത്തത്. 2022 സീസണില്‍ രാജസ്ഥാന് വേണ്ടി 128 ബൗണ്ടറികളാണ് ബട്ലര്‍ നേടിയത്. ഒരു ടി-20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ സ്വന്തമാക്കുന്ന താരമെന്ന ലോക റെക്കോഡും വൈഭവിന്റെ പേരിലാണ്.

ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ താരം, ബൗണ്ടറികളുടെ എണ്ണം, വര്‍ഷം

വൈഭവ് സൂര്യവംശി-135-2026

ജോസ് ബട്ലര്‍-128-2022

വിരാട് കോഹ്ലി-121-2016

ഡേവിഡ് വാര്‍ണര്‍-119-2016

ശുഭ്മന്‍ ഗില്‍-118-2023

സായ് സുദര്‍ശന്‍-109-2025

അതേസമയം മത്സരശേഷം രാജസ്ഥാന്റെ കിരീട പ്രതീക്ഷകള്‍ അസ്തമിച്ചതോടെ ഡഗ്ഔട്ടിലിരുന്ന് നിരാശയോടെ വൈഭവ് കരയുകയും ചെയ്തിരുന്നു. ടവ്വല്‍ കൊണ്ട് മുഖം മറച്ചുകൊണ്ട് കണ്ണീര്‍ ഒപ്പിയെടുക്കുന്ന വൈഭവിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. രവീന്ദ്ര ജഡേജയും സപ്പോര്‍ട്ടിങ് സ്റ്റാഫും വൈഭവിന്റെ അടുത്തെത്തി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ടീമിനായി എല്ലാം നല്‍കിയിട്ടും കിരീടമെന്ന മോഹം അവസാനിപ്പിച്ച് വൈഭവ് മടങ്ങിയിരിക്കുകയാണ്. 15ാം വയസില്‍ ക്രിക്കറ്റില്‍ ഐതിഹാസികമായ നേട്ടങ്ങള്‍ കൊണ്ട് ഒരു തന്റേതായ സ്ഥാനം കെട്ടിപ്പടുത്തുയര്‍ത്തിയ വൈഭവ് ഇനിയും ഉയരങ്ങള്‍ കീഴടക്കുമെന്നുറപ്പാണ്.

 

Content Highlight: Vaibhav Suryavamshi break Jos Butler record in IPL

 

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.