വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തി; കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കര വിവാദത്തില്‍
Daily News
വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തി; കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കര വിവാദത്തില്‍
ന്യൂസ് ഡെസ്‌ക്
Thursday, 24th November 2016, 6:53 pm

അന്വേഷണ സംഘത്തിനെതിരെ തൃശൂര്‍ ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രണ്ട് തവണ അനില്‍ അക്കര ഇരയുടെ പേര് ആവര്‍ത്തിച്ചത്. തൃശൂര്‍ ഡി.സി.സി പ്രസിഡന്റിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. 


തൃശൂര്‍: വാര്‍ത്താ സമ്മേളനത്തിനിടെ വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കര വിവാദത്തില്‍.

അന്വേഷണ സംഘത്തിനെതിരെ തൃശൂര്‍ ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രണ്ട് തവണ അനില്‍ അക്കര ഇരയുടെ പേര് ആവര്‍ത്തിച്ചത്. തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് പി.എ മാധവന്റെ സാന്നിധ്യത്തിലായിരുന്നു ഇത്.


നേരത്തെ കേസില്‍ ആരോപണ വിധാേയനായ ജയന്തനെതിരായ നടപടി വിശദീകരിക്കവേ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം വിവാദമായിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

സാമ്പത്തിക കേസില്‍ അന്വേഷണ സംഘം സി.ആര്‍.പി.സി 164-ാം വകുപ്പ് പ്രകാരം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. ഇത് സംബന്ധിച്ച മൊഴി വായിക്കുന്നതിനിടെയാണ് അനില്‍ അക്കര പേര് ആവര്‍ത്തിച്ചത്.


പരാതിക്കാരിയുടെ നഗ്‌നചിത്രം ഫേസ്ബുക്കിലിട്ടതുമായി ബന്ധപ്പെട്ട് ആരോപണവിധേയരും യുവതിയും പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ നിജസ്ഥിതി സംബന്ധിച്ച് അന്വേഷണം നടത്താനോ സാമൂഹ്യമാധ്യമങ്ങളിലെ തെളിവ് സ്വീകരിക്കാനോ പൊലീസ് തയ്യാറാകുന്നില്ലെന്ന ആരോപണമുന്നയിച്ചപ്പോഴായിരുന്നു അനില്‍ അക്കര ഇരയുടെ പേര് വീണ്ടും ആവര്‍ത്തിച്ചത്.