കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു വാഴ. വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു. രണ്ടാം ഭാഗത്തിന് സൂചന നല്കിക്കൊണ്ടാണ് വാഴ: ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ് അവസാനിച്ചത്. ആദ്യഭാഗത്തില്‍ ചെറിയ വേഷം ചെയ്ത് കൈയടി നേടിയ ഹാഷിറും ഗ്യാങ്ങുമാണ് രണ്ടാം ഭാഗത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ട് അടുത്തിടെ ആരംഭിച്ചിരുന്നു. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായാണ് വാഴ 2വിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. ആദ്യഭാഗത്തെപ്പോലെ രസകരമായ ചിത്രമായിരിക്കും ഇതെന്നാണ് കരുതുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ഷൂട്ട് അവസാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ഷെഡ്യൂള്‍ വിദേശ രാജ്യങ്ങളിലായിരിക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ദുബായിലും ജോര്‍ജിയയിലുമായാണ് അടുത്ത രണ്ട് ഷെഡ്യൂളുകള്‍. കേരളത്തില്‍ ഒരു ഷെഡ്യൂള്‍ കൂടി പൂര്‍ത്തിയായ ശേഷം ചിത്രം പാക്കപ്പാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. വാഴയുടെ രണ്ടാം വരവ് ഇത്തവണ ഇന്റര്‍നാഷണലാകുമ്പോള്‍ പ്രതീക്ഷകളും ഉയരത്തിലാണ്. 2026ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.
ഹാഷിര്‍, വിനായകന്‍, അജിന്‍ എന്നിവരോടൊപ്പം ആദ്യ ഭാഗത്തില്‍ പ്രധാനവേഷം ചെയ്ത സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, അമിത് മോഹന്‍ എന്നിവരും രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഴ 2: ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്നാണ് രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. അല്‍ഫോണ്‍സ് പുത്രനും വിജയ് ബാബുവും വാഴ 2വിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റൂമറുകള്‍.
ആദ്യഭാഗം സംവിധാനം ചെയ്ത ആനന്ദ് മേനോന് പകരം സവിന്‍ എസ്.എയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹാഷിര്‍ ഗ്യാങ്ങിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ അല്‍ അമീനും ഗ്യാങ്ങും വാഴ 2വിന്റെ ഭാഗമാകുന്നുണ്ട്. ആദ്യഭാഗത്തെപ്പോല യുവാക്കളുടെ കഥയെ കോമഡിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് വാഴ 2.
വിപിന്‍ ദാസ്, ഹാരിസ് ദേശം, അനീഷ് പി.ബി, ഐക്കണ്‍ സ്റ്റുഡിയോസ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. തിയേറ്റര്‍ റിലീസിന് ശേഷം ഒ.ടി.ടിയിലെത്തിയ വാഴക്ക് നേരെ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇത്തരം വിമര്‍ശനങ്ങളെല്ലാം ശ്രദ്ധിച്ച് മികച്ച ചിത്രം തന്നെയാകും അണിയറപ്രവര്‍ത്തകര്‍ സമ്മാനിക്കുകയെന്ന് കരുതുന്നു.
Content Highlight: Vaazha 2 movie next schedule will start in Dubai and Georgia