ഇന്‍ഡസ്ട്രി ഹിറ്റടിക്കാന്‍ ബ്രഹ്‌മാണ്ഡ ബജറ്റോ കൂടുതല്‍ സ്റ്റാര്‍ കാസ്‌റ്റോ ആവശ്യമില്ലെന്ന് മോളിവുഡ് എന്ന ചെറിയ ഇന്‍ഡസ്ട്രി വീണ്ടും തെളിയിച്ചിരിക്കുകയാണ്. റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോള്‍ 180 കോടിയിലടുത്ത് സ്വന്തമാക്കിയിരിക്കുകയാണ് വാഴ 2. ഈ വര്‍ഷം മോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായി വാഴ 2 മാറിയിരിക്കുകയാണ്.
കേരളത്തില്‍ നിന്ന് മാത്രം റെക്കോഡ് കളക്ഷനാണ് ചിത്രം നേടുന്നത്. 80 കോടിയാണ് വാഴ 2ന്റെ കേരള കളക്ഷന്‍. കേരളത്തില്‍ നിന്ന് അതിവേഗം ഈ കളക്ഷന്‍ നേടുന്ന ചിത്രമായി വാഴ 2 മാറി. ഇതേ കുതിപ്പ് തുടര്‍ന്നാല്‍ കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന മൂന്നാമത്തെ ചിത്രമായി വാഴ 2 മാറുമെന്നാണ് കണക്കുകൂട്ടല്‍.
റിലീസിന് ശേഷമുള്ള രണ്ടാമത്തെ തിങ്കളാഴ്ച കേരളത്തില്‍ നിന്ന് മാത്രം ആറ് കോടിയിലേറെ നേടിക്കഴിഞ്ഞു. മുമ്പ് ഒരു ചിത്രവും രണ്ടാമത്തെ തിങ്കളാഴ്ച ഇത്രയും വലിയ കളക്ഷന്‍ നേടിയിട്ടില്ല. പ്രേമത്തിന് ശേഷം മറ്റൊരു മലയാള ചിത്രത്തിനും ഈ ലെവലില്‍ ക്രേസ് ഉണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോയിലും വന്‍ ഡിമാന്‍ഡാണ് ചിത്രത്തിന്.
ഇന്നലെ മാത്രം രണ്ട് ലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് വാഴ 2ന്റേതായി വിറ്റുപോയത്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി വാഴ 2 മാറാന്‍ സാധ്യതകളേറെയായിരിക്കുകയാണ്. കല്യാണി പ്രിയദര്‍ശന്‍, നസ്‌ലെന്‍ എന്നിവര്‍ ഒന്നിച്ച ലോകഃയുടെ 120 കോടി എന്ന കളക്ഷന്‍ മറികടക്കാന്‍ 40 കോടിയും കൂടിയാണ് വാഴ 2ന് വേണ്ടത്.
വിഷു റിലീസായെത്തുന്ന പള്ളിച്ചട്ടമ്പി, ഒരു ദുരൂഹ സാഹചര്യത്തില്‍ എന്നീ ചിത്രങ്ങള്‍ക്ക് സ്‌ക്രീനുകള്‍ നല്‍കുന്നത് വാഴ 2ന്റെ കളക്ഷനെ ചെറിയ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ വിലയിരുത്തുന്നത്. നിലവില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ മലയാള സിനിമകളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് വാഴ 2. ഈ ആഴ്ചയോടെ ടോപ്പ് ഫൈവില്‍ ചിത്രം ഇടം പിടിക്കുമെന്നും കരുതുന്നുണ്ട്.
ആദ്യഭാഗത്തിന്റെ അതേ ട്രീറ്റ്‌മെന്റില്‍ തന്നെയാണ് വാഴ 2ന്റെയും കഥപറഞ്ഞു പോകുന്നത്. കോമഡിക്കൊപ്പം ഇമോഷനും കൃത്യമായ രീതിയില്‍ വര്‍ക്കൗട്ടാക്കുന്നതില്‍ സംവിധായകന്‍ സവിന്‍ സാ വിജയിച്ചിട്ടുണ്ട്. ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടായേക്കുമെന്ന് പറഞ്ഞുകൊണ്ട് തിരക്കഥാകൃത്ത് വിപിന്‍ ദാസ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.
Content Highlight: Vaazha 2 collected more than six crores on second Monday from Kerala Box Office