Vaashi Review | സെക്‌സിലെ ശരിയും തെറ്റും അത്ര സിംപിളല്ല
Film Review
Vaashi Review | സെക്‌സിലെ ശരിയും തെറ്റും അത്ര സിംപിളല്ല
അന്ന കീർത്തി ജോർജ്
Sunday, 19th June 2022, 8:07 pm

സെക്സിലെ കണ്‍സെന്റ് എന്ന വളരെ പ്രധാനപ്പെട്ട, അടുത്ത കാലത്ത് ഏറെ ചര്‍ച്ചയായ വിഷയത്തെയാണ് വാശി എന്ന സിനിമ കൈകാര്യം ചെയ്യുന്നത്. ഏറെ സെന്‍സെറ്റീവും സങ്കീര്‍ണവുമായ വിഷയത്തെ ഒരുവിധം എല്ലാ വശങ്ങളില്‍ നിന്നും സിനിമ സമീപിക്കുന്നുണ്ട്. തെറ്റും ശരിയും നിശ്ചയിക്കലെന്നത് അത്ര എളുപ്പമല്ലെന്നും, കുറെ ശരികളും ചില തെറ്റുകളും തിരിച്ചെടുക്കാനോ തിരുത്താനോ ആകാത്ത ചില നിമിഷങ്ങളും പിന്നെ ചില വാശികളുമൊക്കെ എല്ലാവരിലും കാണുമെന്നാണ് ഈ കോര്‍ട്ട് ഡ്രൂം പറയുന്നത്.

വാശിയുടെ നെടുംതൂണ്‍ വിഷണു ജി. രാഘവന്റെ തിരക്കഥയും സംവിധാനവുമാണ്. കോടതിയിലെ വാദപ്രതിവാദങ്ങളുടെ ഒരു മൂഡാണ്
സിനിമയ്ക്ക്. ഒരു വിഷയത്തിന്റെ രണ്ട് വശങ്ങളില്‍, രണ്ട് ധ്രുവങ്ങളില്‍ എന്നുതന്നെ പറയാം, അങ്ങനെയാണ് ഒരുവിധം എല്ലാ സന്ദര്‍ഭത്തിലും കഥാപാത്രങ്ങള്‍ നില്‍ക്കുന്നത്. അങ്ങനെ ഓരോ സീനിലും, പ്രതിഭാഗം വക്കീലും വാദി ഭാഗം വക്കീലും തമ്മില്‍ നടക്കുന്ന വാദങ്ങളുടെ ഫീല്‍ സിനിമ നല്‍കും. ഡയലോഗിലൂടെ മാത്രമല്ല, സിനിമയെ മുഴുവനായി ഇങ്ങനെയാണ് വിഷ്ണു മേക്ക് ചെയ്‌തെടുത്തിരിക്കുന്നത്.

സിനിമയിലെ പ്രണയത്തിലായാലും, കല്യാണത്തിലായാലും കേസിലായാലും കോടതിയിലായും വീട്ടിലായാലും ഓഫീസിലായാലും കോണ്‍ഡ്രക്ടിങ്ങ് എലമെന്റ്സ് കാണാം. ഓരോരുത്തര്‍ക്കും അവരവരുടേതായ ശരികളുണ്ട്, ന്യായങ്ങളുണ്ട്, പക്ഷെ അതിനപ്പുറത്ത് നില്‍ക്കുന്ന കാര്യങ്ങളും തീരുമാനങ്ങളെടുക്കേണ്ട സന്ദര്‍ഭങ്ങളുമൊക്കെ വരികയും ചെയ്യും.

ഈ നൂലിന്മേല്‍ കളിയെ എന്‍ഗേജിങ്ങായി കൊണ്ടുപോകാന്‍ വിഷ്ണുവിന് എഴുത്തിനും സംവിധാനത്തിനും കഴിയുന്നുണ്ട്. ജെന്‍ഡര്‍, മതം എന്നിവയില്‍ തുടങ്ങി സ്വഭാവത്തിലും കാഴ്ചപ്പാടുകളിലും വരെ വ്യത്യസ്തരായവര്‍ ചില ഗ്രേ ഗ്രൗണ്ടുകള്‍ കണ്ടെത്തി എങ്ങനെ കോ എക്സിസിറ്റ് ചെയ്യുന്നു എന്നും സിനിമയിലുണ്ട്. ഇതിനൊപ്പം വാശിയെന്ന എലമെന്റ് എങ്ങനെയാണ് ജീവിതത്തില്‍ പ്ലേ ഔട്ട് ചെയ്യുന്നതെന്ന് കൂടി ചിത്രത്തിലുണ്ട്.

സെക്സിലെ കണ്‍സെന്റ് എന്നത് ഒരു കേസായി കോടതി മുറിയിലെത്തുന്നതാണ് വാശിയിലെ മെയ്ന്‍ പ്ലോട്ട്. അതിനൊപ്പം രണ്ട് വക്കീലന്മാര്‍, പരസ്പരം ഇഷ്ടപ്പെടുന്ന രണ്ട് പേര്‍, ഇവര്‍ തമ്മിലുള്ള വാശി, ഒന്നിച്ചുള്ള ജീവിതം എന്നത് കൂടി കലരുമ്പോഴാണ് എന്‍ഗേജിങ്ങായ ട്രാക്കില്‍ കയറുന്നത്.

ഈ കേസില്‍ എന്ത് സംഭവിക്കുന്നു, എങ്ങനെയാണ് കേസ് മുന്നോട്ടു പോകുന്നത് എന്നതിനെ കുറിച്ച് അധികം പറയുന്നില്ല. അത് സ്പോയിലറാകും. അതുകൊണ്ട് ഇതില്‍ പറയുന്ന ഏരിയകളെ കുറിച്ചൊന്ന് പറയാം. പരിചയമുള്ള രണ്ട് പേര്‍ തമ്മില്‍ നടക്കുന്ന സെക്ഷ്വല്‍ ഇന്റര്‍ കോഴ്സിന് ശേഷം ഒരാള്‍ക്ക് താന്‍ വഞ്ചിക്കപ്പെട്ടതായി തോന്നിയാലോ ബോധ്യപ്പെട്ടാലോ പിന്നെ എന്താണ് നടക്കുക എന്നതും അതൊരു കേസായി മാറിയാല്‍ എന്തെല്ലാം സംഭവിക്കാം, നിയമം ഇതിനെ കാണുന്ന രീതികള്‍ തുടങ്ങിയവയൊക്കെ സിനിമയില്‍ സംസാരിക്കുന്നുണ്ട്.

അന്തിമമായി ആര്‍ക്ക് നേരെയും കുറ്റം വിധിച്ചുകൊണ്ടല്ല സിനിമ കഥ പറയാന്‍ ശ്രമിക്കുന്നത്. പ്രേക്ഷകര്‍ക്ക് അവരുടെ കാഴ്ചപ്പാടിന് അനുസരിച്ച് കാര്യങ്ങളെ കാണാനുള്ള സ്പേസ് കൊടുക്കുന്നുണ്ട്. അവരുടേതായ ശരികളും ന്യായങ്ങളും നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യങ്ങളും എല്ലാവര്‍ക്കുമുണ്ട്്. പക്ഷെ ഇതൊക്കെ ഉള്ളപ്പോഴും നമ്മുടെ ആക്ഷന്‍സിന് പ്രത്യാഘാതങ്ങളും അതു ബാധിക്കുന്നവരും ചുറ്റുമുണ്ടാകും. എത്ര നിസഹായരാണെങ്കിലും അത് കൂടി നേരിടേണ്ടി വരുമെന്നും വാശിയിലുണ്ട്.

ഉദാഹരണത്തിന്, ഒരു സീനില്‍ ജോസ് എന്ന ക്യാരക്ടര്‍ വിളിക്കുമ്പോള്‍ കീര്‍ത്തിയുടെ മാധവി പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നില്ല. അതിന് അവര്‍ക്ക് കാരണമുണ്ട്. പക്ഷെ ടൊവിനോ ചെയ്ത എബിന്‍ പോകണമായിരുന്നു എന്ന് മാധവിയോട് പറയുന്നു. അപ്പോള്‍ എബിന്റെ ഭാഗത്തും ന്യായമുണ്ടല്ലോ എന്ന് പ്രേക്ഷകര്‍ക്ക് തോന്നും.

അതേസമയം, കണ്‍സെന്റുമായി ബന്ധപ്പെട്ട കേസിന്റെ ആകെത്തുകയെ പറ്റി ആലോചിക്കുമ്പോള്‍ അതിലെ കുറ്റാരോപിതന്റെ ഭാഗത്താണ് ന്യായമെന്ന രീതിയിലേക്ക്, അയാളുടെ ഒപ്പം നില്‍ക്കണമെന്ന് തോന്നിപ്പിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ കുറച്ചൊക്കെ പോകുന്നതായി തോന്നിയത്. എന്നാല്‍ അപ്പുറത്തെയാളെ കുറ്റക്കാരിയായി കാണിക്കുന്നുമില്ല എന്നതുമുണ്ട്. ഈ സിനിമ ബാക്കിയാക്കുന്ന ഇംപാക്ട് എന്താണെന്ന കാര്യത്തില്‍ അതുകൊണ്ട് തന്നെ ചില സംശയങ്ങളുണ്ട്. ഒരുപക്ഷെ ഈ സിനിമ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് തന്നെ ഇങ്ങനെ കണ്‍ഫ്യൂസിങ്ങായി ചിന്തിപ്പിക്കുക എന്നതായിരിക്കാം.

സിനിമയില്‍ ഈ കോടതിയിലെ കേസിനൊപ്പം തന്നെ ഏറെ പ്രാധാന്യത്തോടെ ചിത്രീകരിച്ചിട്ടുള്ളത് എബിനും മാധവിയും തമ്മിലുള്ള പ്രൊഫഷണല്‍ – പേഴ്സണല്‍ ലൈഫിലെ ബന്ധങ്ങളാണ്. ഈ പ്ലോട്ടിനെ ഏറെ ശ്രദ്ധയോടെയും മനോഹരമായും സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ കേസിന്റെ പോക്കില്‍ പോലും, പിന്നീട് ചിന്തിക്കുമ്പോള്‍ ഇവരുടെ തീരുമാനങ്ങള്‍ക്ക് വലിയ റോളുണ്ടായിരുന്നു എന്ന് മനസിലാവും. ടൊവിനോയും കീര്‍ത്തിയും തമ്മില്‍ ഈ സിനിമയില്‍ നല്ല കെമിസ്ട്രി വര്‍ക്ക് ചെയ്തിട്ടുണ്ട്.

മലയാളത്തിലിപ്പോള്‍ കോര്‍ട്ട് റൂം ഡ്രാമകളുടെ കാലമാണ്. ജന ഗണ മനക്കും നാരദനും ശേഷം ഭൂരിഭാഗം സമയവും കോടതിക്കുള്ളില്‍
തന്നെ നടക്കുന്ന സിനിമയാണ് വാശി. മറ്റു സിനിമകളെ അപേക്ഷിച്ച് അല്‍പം കൂടി റിയലിസ്റ്റിക്കും നല്ല മേക്കിങ്ങും വാശിയിലെ കോടതി മുറികള്‍ക്കാണ്. നിയമങ്ങളും കോടതി മുറിക്ക് പുറത്തെ വക്കീലുമാരും നിലനില്‍പ്പിനായി നേരിടുന്ന ബുദ്ധിമുട്ടുകളും സ്ത്രീകള്‍ നേരിടുന്ന ലിംഗ വിവേചനവുമെല്ലാം സിനിമയിലുണ്ട്.

സിനിമയിലെ കഥാപാത്രങ്ങളെ വളരെ ശ്രദ്ധിച്ചാണ് മേക്ക് ചെയ്തിട്ടുള്ളത്. ഓരോ അഭിനേതാക്കളുടെയും മികച്ച പെര്‍ഫോമന്‍സ് പുറത്തുകൊണ്ടുവരാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

പ്രമേയത്തിലും ട്രീറ്റ്മെന്റിലും എന്തെങ്കിലുമൊക്കെ വ്യത്യസ്ത പുലര്‍ത്തുന്ന, തന്റെ അഭിനയത്തിന്റെ അതിര്‍വരമ്പുകള്‍ വിപുലമാക്കാന്‍ സാധിക്കുന്ന സിനിമകളാണ് ടൊവിനോ ഈയടുത്ത കാലത്തായി തെരഞ്ഞെടുക്കുന്നത്. അതേസമയം ഈസി ഗോയിങ്ങായ പയ്യന്‍ എന്ന ടൊവിനോയുടെ സ്ഥിരമായി ചെയ്യുന്ന കഥാപാത്രത്തിന്റെ ലമെന്റ്സ് ഇതിലുമുണ്ട്. അതേസമയം ഡിയര്‍ ഫ്രണ്ടിലായാലും വാശിയിലായാലും അനായാസമായി കഥാപാത്രങ്ങളുടെ വികാരങ്ങളെ അനായാസമായി ടൊവിനോ കൈകാര്യം ചെയ്യുന്നുണ്ട്.

എബിന്‍ മാത്യു എന്ന കുറച്ച് സോഫ്റ്റായ, കടുപ്പത്തില്‍ കാര്യങ്ങള്‍ പറയാത്ത എന്നാല്‍ കോടതി മുറിയിലെത്തുമ്പോള്‍ വാശിക്കാരനായ വക്കീലായി മാറുന്ന കഥാപാത്രത്തെ ടൊവിനോ കയ്യടക്കത്തോടെ ചെയ്തിട്ടുണ്ട്. മാച്ചോ മാനിന് പുറത്തുനില്‍ക്കുന്ന കാമുകന്മാരെ ടൊവിനോ നേരത്തെയും ഭംഗിയായി ചെയ്തിട്ടുണ്ട്. ഇതിലും അത് കാണാം.

കീര്‍ത്തി മാധവിയായി നല്ല പെര്‍ഫോമന്‍സാണ് നല്‍കിയിട്ടുള്ളത്. കോടതി മുറിക്കുള്ളിലെ വാദങ്ങളില്‍, പ്രത്യേകിച്ച് അവസാന വാദത്തിന്റെയും ആ മോണോലോഗ് ടൈപ്പ് ഡയലോഗിലുമാണ് കീര്‍ത്തി കുറച്ചൊക്കെ പാളിപ്പോയത്. ബാക്കിയെല്ലാ സ്ഥലത്തും തരക്കേടില്ലാതെ ഈ ക്യാരക്ടറിനെ കീര്‍ത്തി കാരി ചെയ്യുന്നുണ്ട്.

റോണി ഡേവിഡ് രാജിന്റെ ജോസ് എന്ന അളിയനും ബൈജു സന്തോഷിന്റെ അഡ്വ. സതീഷ് മുള്ളോരും മികച്ചതായിരുന്നു. മറ്റെല്ലാ കഥാപാത്രങ്ങളും മേക്കിങ്ങിന്റെ നാച്ചുറലായ ഭംഗിയോട് ചേര്‍ന്നു നില്‍ക്കുന്ന വിധത്തിലുള്ള പെര്‍ഫോമന്‍സ് നല്‍കിയിട്ടുണ്ട്.

നീല്‍ ഡി കുഞ്ഞയുടെ ക്യാമറ വളരെ ആസ്വദ്യകരമായ, സുന്ദരമായ രീതിയിലാണ് സീനുകളെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം സിനിമയിലെ മൊത്തത്തിലെ കളര്‍ ടോണും കോസ്റ്റിയൂം ഡിസൈനും ആര്‍ട്ട് വര്‍ക്കുമൊക്കെ വളരെ പ്ലീസിങ്ങായ രീതിയിലായത് ഈ സിനിമ കണ്ടിരിക്കാന്‍ സഹായിക്കുന്നതായിരുന്നു. യാക്ക്സണ്‍, നേഹ ടീമിന്റെ ഒട്ടും ലൗഡല്ലാത്ത പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമയുടെ മൂഡിന് ചേരുന്നുണ്ടായിരുന്നു. പാട്ടുകള്‍ പ്ലേസ് ചെയ്ത സ്ഥലങ്ങള്‍ പക്ഷെ ടിപ്പിക്കലായിരുന്നു.

വിവിധ ലെയറുകളുള്ള, പ്രേക്ഷകര്‍ക്ക് ചിന്തിക്കാന്‍ സ്‌പേസ് നല്‍കിയിട്ടുള്ള വാശിയെ കുറിച്ച് തികച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളും ചര്‍ച്ചകളുമുണ്ടാകാനാണ് സാധ്യത.

Content Highlight : Vaashi Movie Review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.