Vikram Review | ലോകേഷ് വക, ഒരു കമല്‍ ഹാസന്‍ പടം
Film Review
Vikram Review | ലോകേഷ് വക, ഒരു കമല്‍ ഹാസന്‍ പടം
അന്ന കീർത്തി ജോർജ്
Friday, 3rd June 2022, 7:30 pm

ലോകേഷ് കനകരാജിന്റെ കമല്‍ ഹാസന്‍ സിനിമയാണ് വിക്രം. ആക്ഷനും മാസിനും ഒരേ പ്രാധാന്യം നല്‍കികൊണ്ട്, രോമാഞ്ചമുണ്ടാക്കുന്ന നിരവധി സീനുകളുള്ള, തിയേറ്ററില്‍ നല്ലൊരു എക്‌സ്പീരിയന്‍സ് തരുന്ന, ഒരു വണ്‍ ടൈം വാച്ചിന് പറ്റിയ സിനിമയാണിത്. അതേസമയം ചില കഥാസന്ദര്‍ഭങ്ങളിലും ഡയലോഗുകളിലും അനാവശ്യ നാടകീയത കടന്നുവരികയും ആദ്യ പകുതിയിലെ ചിലയിടങ്ങളില്‍ സിനിമ മന്ദഗതിയിലാകുകയും ചെയ്യുന്നുണ്ട്.

ഈയടുത്ത് വന്ന സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും ഹൈപ്പും, വ്യത്യസ്തമായ കാരണങ്ങള്‍കൊണ്ട് ഒരുപാട് പ്രേക്ഷകര്‍ കാത്തിരിക്കുകയും ചെയ്ത സിനിമയാണ് വിക്രം. ലോകേഷ് കനകരാജിന്റെ സിനിമ, കമല്‍ ഹാസന്റെ കംപ്ലീറ്റ് ആക്ഷന്‍ ഹീറോ വേഷം, ഫഹദും കമല്‍ ഹാസനും വിജയ് സേതുപതിയും ചെമ്പന്‍ വിനോദും കാമിയോയില്‍ സൂര്യയുമുള്ള വമ്പന്‍ കാസ്റ്റ്, കൈതിയുമായുള്ള കണക്ഷന്‍, ഒരു ലോകേഷ് യൂണിവേഴ്‌സിനുള്ള സാധ്യതകള്‍ അങ്ങനെ കാത്തിരിക്കാന്‍ കാരണങ്ങളേറെയായിരുന്നു.

അടിമുടി ഒരു ആക്ഷന്‍ പാക്ക്ഡ് സിനിമയാണ് വിക്രം. ആക്ഷന്‍ സീക്വന്‍സുകളിലൂടെ, അതിനെ മികച്ച രീതിയില്‍ കൊറിയോഗ്രഫി ചെയ്തുകൊണ്ടാണ് കഥ പറഞ്ഞുപോകുന്നത്. ചിത്രത്തിന്റെ പ്ലോട്ടില്‍ വലിയ പുതുമയില്ലെങ്കിലും, കഥാപാത്രങ്ങളെ ഇന്‍ട്രസ്റ്റിങ്ങായി പ്ലേസ് ചെയ്തും, മാസ് ആക്ഷന്‍ സീനുകള്‍കൊണ്ടും മേക്കിങ്ങ് മികച്ചതാക്കാന്‍ ലോകേഷിന് കഴിഞ്ഞിട്ടുണ്ട്.

അന്‍പറിവ് എന്ന സ്റ്റണ്ട് മാസ്റ്റര്‍ ഡുവോയുടെ ആക്ഷന്‍ സീനുകളാണ് വിക്രം സിനിമയുടെ ആസ്വദനത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. കത്തിയും തോക്കും എന്തിന് സ്പൂണും ഫോര്‍ക്കും വെച്ചു വരെയും, കയ്യിലൊന്നുമില്ലാതെയുമുള്ള സംഘട്ടനങ്ങള്‍ ചിത്രത്തിലുണ്ട്. ഓരോ കഥാപാത്രത്തിന്റെയും സ്വഭാവത്തിന് ചേര്‍ന്നത് എന്നതുപോലെയുള്ള ആക്ഷന്‍ സ്‌റ്റെലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമല്‍ ഹാസനും ഫഹദിനും വിജയ് സേതുപതിയ്ക്കും ഒരു ഗാങ്ങിനുമൊക്കെയാണ് ആക്ഷന്‍ സീനുകള്‍ ത്രൂ ഔട്ട് ഉള്ളതെങ്കിലും ഇവരേക്കാളൊക്കെ സ്‌കോര്‍ ചെയ്തത് സ്ത്രീ കഥാപാത്രമാണ്. ഒറ്റ സീനിലെ അവരുടെ ആക്ഷന്‍ ഗംഭീരമായിരുന്നു.

ചിത്രത്തില്‍ ഓരോ പ്രധാന അഭിനേതാക്കളുടെയും ക്യാരക്ടറുകള്‍ക്ക് മികച്ച ഇന്‍ട്രൊ, ക്യാരക്ടര്‍ ഡീറ്റെയ്‌ലിങ്ങ്, പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് എന്നിവ ഒരുപോലെ നല്‍കിയിട്ടുണ്ട്. കമല്‍ ഹാസന്‍ കഥാപാത്രമായ വിക്രത്തിലാണ് ചിത്രം പ്രധാനമായും ഊന്നുന്നതെങ്കിലും വിജയ് സേതുപതിക്കും ഫഹദിനുമെല്ലാം മികച്ച റോളുകളാണ്. ഒരോ കഥാപാത്രത്തെയും അഭിനേതാക്കളെയും സിനിമയുടെ ടോട്ടല്‍ എക്‌സ്പീരിയന്‍സിന് ചേരും വിധം ഉപയോഗിച്ചിട്ടുമുണ്ട്.

ലോകേഷ് കനകരാജിന്റെ തിരക്കഥയും സംവിധാനവും തന്നെയാണ് വിക്രം എന്ന സിനിമയുടെ നെടുംതൂണ്‍. മികച്ച റിഥം കീപ്പ് ചെയ്തുകൊണ്ട് പ്രേക്ഷകരെ ഇന്‍വോള്‍വ് ചെയ്ത് മുന്നോട്ടു കൊണ്ടുപോകാന്‍ സിനിമക്ക് പറ്റുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ കമല്‍ ഹാസന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി്, അയാള്‍ ആരാണെന്ന് അന്വേഷിച്ച് നീങ്ങുന്ന സീനുകള്‍ മികച്ചതായിരുന്നു. തുടക്കത്തില്‍ തന്നെ പ്രേക്ഷകരില്‍ ഒരു ഞെട്ടലും ആകാംക്ഷയുമുണ്ടാക്കാനും സിനിമക്ക് കഴിയുന്നുണ്ട്.

എന്നാല്‍ അതിനുശേഷം സിനിമയുടെ പ്ലോട്ട് അത്രക്ക് വ്യത്യസ്തമായ വഴിയിലൂടെയല്ല നീങ്ങുന്നത്. ആദ്യ ഭാഗത്ത് ചിലയിടത്തൊക്കെ കുറച്ച് ലാഗുമുണ്ടായിരുന്നു. ചുരുക്കം ചില സീനുകളില്‍ സിനിമാറ്റിക് ലെവലിനപ്പുറമുള്ള നാടകീയതയുണ്ടായിരുന്നു. കമല്‍ ഹാസന്റെ ഒരു നീണ്ട സംഭാഷണം ഉപദേശി പ്രസംഗത്തിലേക്ക് നീങ്ങിയത് പടത്തിന്റെ പേസ് കുറച്ചിരുന്നു. പക്ഷെ അവിടെ നിന്നും സിനിമ വേഗത ഒട്ടും വൈകാതെ വീണ്ടെടുക്കുന്നുണ്ട്.

ലോകേഷിന്റെ സിഗ്നേച്ചര്‍ സംഭവങ്ങളായ ബിരിയാണയും പഴയ തമിഴ് പാട്ടു വെച്ചുള്ള ആക്ഷന്‍സും സീരിയസ് സീനുകളിലെ ചില കുഞ്ഞു കോമഡികളുമൊക്കെ വിക്രത്തിലും കാണാം.

ഗിരീഷ് ഗംഗാധരന്റെ ക്യാമറ ചിത്രത്തിന്റെ ആക്ഷന്‍ സീനുകളും ഒപ്പം തീവ്രമായ ഇമോഷന്‍സും ഒരുപോലെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. എന്‍ഗേജിങ്ങ് ഫ്രെയ്മുകളും ചിത്രത്തിലുണ്ട്. അനിരുദ്ധിന്റെ മ്യൂസിക്കാണ് മാസ് ഫീല്‍ കംപ്ലീറ്റാക്കുന്ന അടുത്ത ഘടകം. സിനിമയുടെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് എലവേറ്റ് ചെയ്യാന്‍ ബാക്ക്ഗ്രൗണ്ട് സ്‌കോറിന് കഴിയുന്നുണ്ട്.

ഉലക നായകന്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക കമല്‍ ഹാസന്‍ നല്‍കിയിട്ടുണ്ട്. മാസ് സീനുകള്‍ തിയേറ്ററില്‍ കയ്യടി വാങ്ങിക്കൂട്ടുമെന്ന് ഉറപ്പിക്കാം. എന്നാല്‍ അതിനൊപ്പം ഇമോഷണലായ ചില സീനുകളില്‍ പലരുടെയും ഏറ്റവും പ്രിയപ്പെട്ട കമല്‍ ഹാസനെ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു.

പ്രതീക്ഷിച്ചതു പോലെ, ഫഹദ് ഫാസില്‍ അമറായി തന്റെ റോള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍, ഫഹദ് തമിഴ് വേഷത്തിലെത്തുമ്പോള്‍ എവിടെയോ അദ്ദേഹത്തിന്റെ ഡബ്ബിങ്ങ് ചേര്‍ന്നുപോകാത്ത അവസ്ഥയുണ്ടായിരുന്നു. ഇത് ക്യാരക്ടറില്‍ നിന്നും ചിലയിടത്തെങ്കിലും ഫഹദിനെ വേര്‍തിരിച്ചു നിര്‍ത്തിയിരുന്നു.

സന്താനം എന്ന കഥാപാത്രത്തെയും അയാളുടെ ഒട്ടൊന്ന് വ്യത്യസ്തമായ മാനറിസങ്ങളെയും വിജയ് സേതുപതി ഗംഭീരമാക്കിയിട്ടുണ്ട്. മറ്റു സിനിമകളെ പോലെ സ്‌ക്രീനില്‍ നല്ലൊരു ട്രീറ്റായിരുന്നു ഇതിലും നടന്‍. ചെമ്പന്‍ വിനോദ്, നരേന്‍, കാളിദാസ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. സൂര്യ താന്‍ വരുന്ന ഒരൊറ്റ സീനുകൊണ്ട് വന്‍ ഹൈപ്പില്‍ വന്ന മറ്റു കഥാപാത്രങ്ങളോടെല്ലാം പോരാടാന്‍ തക്ക ശക്തമായ കഥാപാത്രമാണ് തന്റേതെന്ന് തെളിയിക്കുന്നുണ്ട്. ഇവരെ കൂടാതെ സന്താനം ടീമിലും വിക്രം ടീമിലുമുള്ളവര്‍ എന്നിങ്ങനെ മനസില്‍ നില്‍ക്കുന്ന പെര്‍ഫോമന്‍സ് നല്‍കിയ മറ്റുള്ളവരുമുണ്ട്. ചിത്രത്തിലെ പേരക്കുട്ടിയുടെ കഥാപാത്രത്തെയും അത്രവേഗം മറക്കില്ല.

വിക്രത്തിലെ കൈതി കണക്ഷന്‍സും ലോകേഷ് യൂണിവേഴ്‌സുമാണ് അടുത്ത ആകര്‍ഷക ഘടകം. പക്ഷെ സ്‌പോയിലാറാകുമെന്നതുകൊണ്ട് അതേകുറിച്ച് അധികം പറയുന്നില്ല.

ഈ ഴോണറിന്റെയോ ഇതിലെ അഭിനേതാക്കളുടെയോ ലോകേഷിന്റെയോ ഫാന്‍സിന് വിക്രം ഒരുപക്ഷെ അതിഗംഭീര അനുഭവമായിരിക്കും. അല്ലാത്ത പ്രേക്ഷകര്‍ക്ക്, തിയേറ്ററില്‍ പോയി കാണാവുന്ന, നല്ലൊരു വണ്‍ ടൈം വാച്ചിന് പറ്റിയ മാസ് ആക്ഷന്‍ മൂവിയാണ് വിക്രം.

Content Highlight : Vikram Movie Review|Kamal Haasan|Fahad Faasil|Vijay Sethupathi|Lokesh Kanakaraj

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.