ആകെ ചെയ്തത് രണ്ട് സിനിമകള്‍, അവസാന സിനിമ റിലീസായിട്ട് പത്ത് വര്‍ഷം, തമിഴിന്റെ സ്വന്തം നളന്‍
Indian Cinema
ആകെ ചെയ്തത് രണ്ട് സിനിമകള്‍, അവസാന സിനിമ റിലീസായിട്ട് പത്ത് വര്‍ഷം, തമിഴിന്റെ സ്വന്തം നളന്‍
അമര്‍നാഥ് എം.
Tuesday, 13th January 2026, 9:04 am

സൂപ്പര്‍താര സിനിമകള്‍ മാത്രം ഹിറ്റാകുന്ന തമിഴ് ഇന്‍ഡസ്ട്രിയില്‍ വലിയൊരു മാറ്റമുണ്ടായത് 2012-16 കാലഘട്ടത്തിലാണ്. സ്റ്റാര്‍ഡത്തെക്കാള്‍ സിനിമ ഹിറ്റാകാന്‍ കണ്ടന്റാണ് പ്രധാനമെന്ന് തമിഴ് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ കാലഘട്ടമായിരുന്നു ഇത്. ഷോര്‍ട്ട് ഫിലിമുകളിലൂടെ കടന്നുവന്ന ചില ചെറുപ്പക്കാര്‍ ഇന്ന് ഇന്‍ഡസ്ട്രിയിലെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്.

വ്യത്യസ്തമായ തീമുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകര്‍ പ്രത്യേക ഫാന്‍ ബേസ് തന്നെ സ്വന്തമാക്കി. കാര്‍ത്തിക് സുബ്ബരാജ്, രാം കുമാര്‍, ലോകേഷ് കനകരാജ് തുടങ്ങിയവര്‍ ഇത്തരത്തില്‍ ഷോര്‍ട് ഫിലിമുകളിലൂടെ കടന്നുവന്നവരായിരുന്നു. ഇക്കൂട്ടത്തില്‍ പലരും എടുത്തുപറയുന്ന ഒരു പേരാണ് നളന്‍ കുമാരസ്വാമി. കരിയറില്‍ ആകെ രണ്ട് സിനിമകള്‍ മാത്രം ചെയ്തിട്ടുള്ള മൂന്നാമത്തെ സിനിമ വാ വാധ്യാര്‍ റിലീസിന് തയാറെടുക്കുകയാണ്.

വാ വാധ്യാര്‍ Photo: Theatrical poster

കാതലും കടന്ത് പോകും എന്ന ചിത്രത്തിന് ശേഷം ഒമ്പതുവര്‍ഷത്തെ ഗ്യാപ്പ് എങ്ങനെ വന്നു എന്ന ചോദ്യത്തിന് നളന്‍ നല്‍കുന്ന മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മൂന്ന് സിനിമകളുടെ കഥ താന്‍ ചിന്തിച്ചെന്നും അതില്‍ ഒരെണ്ണം മാത്രമാണ് തെരഞ്ഞടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു നളന്‍ കുമാരസ്വാമി.

‘ഒരേസമയം രണ്ടും മൂന്നും കഥകളെഴുതുന്നതാണ് എന്റെ രീതി. കാതലും കടന്ത് പോകുമിന് ശേഷം അങ്ങനെ രണ്ട് കഥകള്‍ എഴുതി. എന്നാല്‍ അത് അത്ര നല്ലതായി എനിക്ക് തോന്നിയില്ല. പിന്നീടാണ് വാ വാധ്യാറിന്റെ സ്‌ക്രിപ്റ്റ് എഴുതിയത്. എം.ജി.ആറിന്റെ ഫോട്ടോ പതിച്ച ഒരു ഓട്ടോയാണ് ഈ സ്‌ക്രിപ്റ്റ് എഴുതാന്‍ പ്രചോദനം. എട്ട് മാസം കൊണ്ട് സ്‌ക്രിപ്റ്റ് പൂര്‍ത്തിയായി. എന്റെ സുഹൃത്തും സംവിധായകനുമായ ശക്തി ശരവണനെ കാണിച്ചു.

നളന്‍ കുമാരസ്വാമി Photo: Screen grab/ Galatta plus

എന്നാല്‍ നമ്മുടെ ഓഡിയന്‍സുമായി ഒട്ടും കണക്ടാകുന്നില്ലെന്നായിരുന്നു അവന്‍ പറഞ്ഞത്. വീണ്ടും കുറെ മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ് ഇപ്പോഴുള്ള വേര്‍ഷനിലേക്ക് എത്തിയത്. അപ്പോഴേക്ക് കൊവിഡ് വന്നത്. വീണ്ടും പ്രൊജക്ട് വെളിച്ചം കാണാന്‍ വൈകി. അങ്ങനെയാണ് ഇത്രയും വലിയ ഗ്യാപ്പ് കരിയറില്‍ വന്നത്,’ നളന്‍ കുമാരസ്വാമി പറയുന്നു.

ഒമ്പത് വര്‍ഷത്തിന് ശേഷമുള്ള നളന്റെ തിരിച്ചുവരവിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്. ആദ്യ ചിത്രമായ സൂധു കവ്വത്തിലൂടെ തന്റെ റേഞ്ച് വ്യക്തമാക്കിയ സംവിധായകനാണ് നളന്‍. ഡാര്‍ക്ക് ഹ്യൂമര്‍ വളരെ മനോഹരമായി ഉപയോഗിക്കുന്ന കഥപറച്ചിലാണ് നളന്റേത്. സൂധു കവ്വത്തിന് ശേഷം നളന്‍ ഒരുക്കിയ കാതലും കടന്ത് പോകും സിനിമാപ്രേമികളുടെ ഫേവറ്റാണ്.

സൂധു കവ്വം, കാതലും കടന്തു പോകും Photo: Theatrical poster

കണ്ടുശീലിച്ച നരേറ്റീവ് രീതിയല്ല നളന്‍ പിന്തുടരുന്നത്. ആദ്യാവസാനം പ്രേക്ഷരെ എന്‍ഗേജ് ചെയ്യിക്കാനും നളന് സാധിക്കുമെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നിര്‍മാതാക്കളുടെ സാമ്പത്തിക പ്രതിസന്ധി കാരണം വാ വാധ്യാര്‍ റിലീസ് വൈകുമ്പോഴും സിനിമാപ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത് സംവിധായകന്റെ പേര് മാത്രമാണ്.

Content Highlight: Vaa Vaathiyar movie director Nalan Kumaraswamy interview viral

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം