ഇന്ത്യന്‍ ക്രിക്കറ്റ് പ്രണയികളെ ആവേശഭരിതരാക്കുന്ന നേട്ടം; മന്ഥാനയെയും കോഹ്‌ലിയെയും കുറിച്ച് ശിവന്‍കുട്ടി
Sports News
ഇന്ത്യന്‍ ക്രിക്കറ്റ് പ്രണയികളെ ആവേശഭരിതരാക്കുന്ന നേട്ടം; മന്ഥാനയെയും കോഹ്‌ലിയെയും കുറിച്ച് ശിവന്‍കുട്ടി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st September 2025, 4:26 pm

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലിയും സ്മൃതി മന്ഥാനയും പുതുതലമുറയ്ക്ക് പ്രചോദനമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കഴിഞ്ഞ ദിവസം മന്ഥാന ഓസ്ട്രേലിയക്കെതിരായ ഏകദിനത്തില്‍ സെഞ്ച്വറി നേടിയിരുന്നു. ഈ പ്രകടനത്തോടെ 50 ഓവര്‍ ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി ഇടം കൈയ്യന്‍ ബാറ്റര്‍ തന്റെ പേരിലാക്കിയിരുന്നു.

വിരാട് കോഹ്ലിയുടെ റെക്കോഡ് പഴങ്കഥയാക്കിയായിരുന്നു താരത്തിന്റെ ഈ നേട്ടം. ഇതിന് പിന്നാലെയാണ് ശിവന്‍ കുട്ടിയുടെ കുറിപ്പ്.

ഇന്ത്യന്‍ ക്രിക്കറ്റ് പ്രണയികളെ ആവേശഭരിതമാക്കുന്ന നേട്ടമെന്ന് പറഞ്ഞാണ് ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടിയ രണ്ട് താരങ്ങളാണ് മന്ഥാനയും കോഹ്ലിയുമെന്നും ഇരുവരും ഓസ്ട്രേലിയയ്ക്കെതിരെ ഒരേ ജേഴ്‌സി നമ്പര്‍ ധരിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മൂന്നാം ഏകദിനത്തിലായിരുന്നു മന്ഥാനയുടെ സെഞ്ച്വറി പ്രകടനം. ഈ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും താരം തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്ച വെച്ചത്.

കങ്കാരുക്കള്‍ക്കെതിരെ താരം 63 പന്തില്‍ അഞ്ച് സിക്സും 17 ഫോറും അടക്കം 125 റണ്‍സാണ് നേടിയത്. 198.41 പ്രഹര ശേഷിയില്‍ ബാറ്റ് വീശിയ താരം നേരിട്ട 50ാം പന്തില്‍ തന്നെ മൂന്നക്കം കടന്നിരുന്നു.

എന്നാല്‍, വിരാട് കോഹ്ലി ഏകദിനത്തിലെ തന്റെ അതിവേഗ സെഞ്ച്വറി കരസ്ഥമാക്കിയത് 2013ലായിരുന്നു. അന്ന് ജയ്പ്പൂരില്‍ നടന്ന മത്സരത്തില്‍ 52 പന്തുകള്‍ നേരിട്ടായിരുന്നു താരം സെഞ്ച്വറി തികച്ചത്. ആ മത്സരത്തില്‍ 192.30 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത് താരത്തിന്റെ ഇന്നിങ്‌സില്‍ ഏഴ് സിക്സും എട്ട് ഫോറുമായിരുന്നു പിറന്നത്.

 

Content Highlight: V Sivankutty talk about ODI fastest century of Smriti Mandhana and Virat Kohli