തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആണും പെണ്ണും കെട്ടവനെന്ന മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ പരാമര്‍ശനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സലാം തന്റെ സംസ്‌കാരം പുറത്തെടുത്തു എന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ ശിവന്‍കുട്ടി പറഞ്ഞത്.
‘പി.എം.എ സലാം അത്തരത്തില്‍ ഒരു പ്രസ്താവന നടത്താന്‍ പാടില്ലാത്തതാണ്. സാധാരണഗതിയില്‍ മുസ്‌ലിം ലീഗിന്റെ നേതാക്കള്‍ ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നവരവല്ല. സലാം തന്റെ സംസ്‌കാരം പുറത്തെടുത്തു എന്ന് മാത്രമേ അതിനെ കാണുന്നുള്ളൂ. സലാമിന് മറുപടിയും കൊടുക്കുന്നില്ല,’ ശിവന്‍കുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ പ്രതിപക്ഷം വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നതെന്ന ചോദ്യത്തോട് വിമര്‍ശനങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി.
‘വലിയ ആരോപണമെന്നത് ചില മാധ്യമങ്ങളുടെ സൃഷ്ടിയാണ്. അത്തരത്തില്‍ ഒരു ആരോപണവുമില്ല. ആയിരക്കണക്കിന് ആളുകളാണ് ഇന്നലെ പരിപാടിയില്‍ പങ്കെടുത്തത്. എല്ലാവരും സന്തോഷത്തിലാണ്. കേരളം ഇന്ത്യയ്ക്ക് മാതൃകയാവുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സലാമിന്റെ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ.എമ്മും രംഗത്തുവന്നിരുന്നു. ലീഗിന്റെ സാംസ്‌കാരിക അപചയമാണ് സലാമിലൂടെ പുറത്തുവന്നതെന്ന് സി.പി.ഐ.എം പ്രതികരിച്ചു. മോശം പരാമര്‍ശങ്ങളിലൂടെ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താമെന്നുള്ളത് വ്യാമോഹമാണെന്നും സി.പി.ഐ.എം പ്രതികരിച്ചു. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് അവസരം ലഭിക്കാതിരിക്കുമ്പോഴാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.
ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് കേന്ദ്രത്തിന്റെ പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാന്‍ മുഖ്യമന്ത്രി തയ്യാറായതെന്നാണ് പി.എം.എ സലാം പറഞ്ഞത്. മലപ്പുറം വാഴക്കാട് പഞ്ചായത്തിലെ മുസ്‌ലീം ലീഗ് സമ്മേളനത്തിലായിരുന്നു സലാമിന്റെ വിവാദ പ്രസ്താവന.
കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് അതില്‍ പോയി ഒപ്പിട്ടതെന്ന് പറയാതിരിക്കാന്‍ നിവര്‍ത്തിയില്ല. ഒന്നുകില്‍ മുഖ്യമന്ത്രി ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം. ഇത് രണ്ടും കെട്ടൊരു മുഖ്യമന്ത്രിയെയാണ് നമുക്ക് കിട്ടിയിരിക്കുന്നത് എന്നതാണ് നമ്മുടെ അപമാനം,’ എന്നായിരുന്നു പി.എം.എ സലാം പറഞ്ഞത്.
ഒരു വനിതയെന്ന നിലയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഒരു പുരുഷനെന്ന നിലയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പി.എം ശ്രീയെ എതിര്‍ത്തിട്ടുണ്ടെന്നും സലാം പറഞ്ഞിരുന്നു. പി.എം ശ്രീയില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തിപരമായ കഴിവുകേടിനെയാണ് കാണിക്കുന്നതെന്നും സലാം പരാമര്‍ശിച്ചിരുന്നു.