അടുത്ത കലോത്സവം ലോക റെക്കോര്‍ഡ് അധികൃതരെ അറിയിച്ച് നടത്തും; എവിടെ നടക്കുമെന്നത് പിന്നീട്: വി. ശിവന്‍കുട്ടി
Kerala News
അടുത്ത കലോത്സവം ലോക റെക്കോര്‍ഡ് അധികൃതരെ അറിയിച്ച് നടത്തും; എവിടെ നടക്കുമെന്നത് പിന്നീട്: വി. ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th January 2023, 7:23 pm

കോഴിക്കോട്: അടുത്ത തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ലോക റെക്കോഡ് അധികൃതരെ അറിയിച്ച് നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

കലോത്സവ മാന്വല്‍ പരിഷ്‌കരണം പൂര്‍ത്തിയാക്കിയ ശേഷമേ അടുത്ത വര്‍ഷത്തെ കലോത്സവം ഏത് ജില്ലയിലാണ് നടക്കുക എന്നത് പ്രഖ്യാപിക്കുകയുള്ളുവെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

എന്റെ കുഞ്ഞുങ്ങള്‍ക്ക് കോഴിക്കോടന്‍ ബിരിയാണി നല്‍കണമെന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഭക്ഷണ വൈവിധ്യത്തെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. അടുത്ത തവണ കലോത്സവ മെനുവില്‍ മാംസാഹാരവും ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

‘ഗോത്രവര്‍ഗ കലകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് അടുത്ത കലോത്സവത്തില്‍ തീരുമാനമെടുക്കും. കൊവിഡ് മഹാമാരി നമ്മെ തളച്ചിട്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന കലോത്സവം ഏറെ മികവോടെ സംഘടിപ്പിച്ചു. ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും മേള ഏറെ ശ്രദ്ധേയമായി. അക്കാര്യത്തില്‍ സംഘാടക സമിതി ഏറ്റവും മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചത്,’ വി. ശിവന്‍കുട്ടി പറഞ്ഞു.

സംഘാടക സമിതി ചെയര്‍മാനും പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനെയും അദ്ദേഹം അഭിനന്ദിച്ചു.

‘റിയാസിനോടും ഓഫീസിനോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സ്‌കൂള്‍ കലോത്സവത്തെയും ടൂറിസത്തെയും പണ്ടെങ്ങുമില്ലാത്തവണ്ണം പരസ്പരം ബന്ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എടുത്ത് പറയേണ്ടതാണ്,’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോഴിക്കോട് ജില്ലയാണ് 61മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം ചൂടിയത്. ഇരുപതാം തവണയാണ് കോഴിക്കോട് കലാകിരീടത്തില്‍ മുത്തമിടുന്നത്.

938 പോയിന്റോടെയാണ് കോഴിക്കോട് ജില്ലാ ഒന്നാം സ്ഥാനത്തെത്തിയത്. നിലവില്‍ 918 പോയിന്റുമായി കണ്ണൂരാണ് രണ്ടാം സ്ഥാനത്താണ്. 916 പോയിന്റുമായി പാലക്കാടാണ് മൂന്നാമത്.

സ്‌കൂള്‍ തലത്തില്‍ പാലക്കാട് ആലത്തൂര്‍ ഗുരുകുലം സ്‌കൂളാണ് 156 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ തവണയും ഗുരുകുലമായിരുന്നു സ്‌കൂള്‍ തലത്തിലെ ചാമ്പ്യന്‍.

തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് എച്ച്.എസ്.എസ്സാണ് 142 പോയിന്റുമായി രണ്ടാമത്. 103 പോയിന്റുള്ള കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത്.

Content Highlight: V. Sivankutty Says The next art festival will be conducted by informing the world record authorities; Where will be held later