'മന്ത്രിസഭയിലും സുകുമാരക്കുറുപ്പ്!'; ആ കുറുപ്പ് താനെല്ലെന്ന് ശിവന്‍കുട്ടി
Kerala News
'മന്ത്രിസഭയിലും സുകുമാരക്കുറുപ്പ്!'; ആ കുറുപ്പ് താനെല്ലെന്ന് ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th November 2021, 9:49 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കുറുപ്പ് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കുറുപ്പ് പുറത്തിറങ്ങിയതു മുതല്‍ കുറുപ്പുമായി രൂപസാദൃശ്യമുള്ള ആളുകളെ കുറിച്ചുമുള്ള വാര്‍ത്തകളും പുറത്തു വരാറുണ്ട്. എന്നാലിപ്പോഴിതാ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കും കുറുപ്പിന്റെ ഛായയുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ വാദം.

യഥാര്‍ഥ സുകുമാര കുറുപ്പിന്റെയും വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടിയുടെയും ഫോട്ടോ ചേര്‍ത്ത് രണ്ടുപേരും ഒരാള്‍ തന്നെയല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി.

തന്റെയും കുറുപ്പിന്റെയും ഫോട്ടോ വെച്ചുള്ള ‘എവിടെയോ എന്തോ തകരാറുപോലെ’ എന്ന് ട്രോള്‍ പോസ്റ്റ് പങ്കുവച്ചാണ് മന്ത്രിയുടെ പ്രതികരണം. ‘ ഞാനല്ല സുകുമാരക്കുറുപ്പ് കേട്ടോ. കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്. ഇങ്ങനെയല്ല രാഷ്ട്രീയം പറയേണ്ടതെ്,’ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് കുറുപ്പുമായി രൂപസാദൃശ്യമുള്ള കോട്ടയം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കോട്ടയം ആര്‍പ്പൂക്കരയിലെ നവജീവന്‍ ആസ്ഥാനത്താണ് ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ പരിശോധന. എന്നാല്‍, സുകുമാരക്കുറുപ്പുമായി ചില രൂപസാദൃശ്യം മാത്രമേ സംശയിച്ച വ്യക്തിക്ക് ഉണ്ടായിരുന്നുള്ളൂയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

അടൂര്‍ പന്നിവിഴ സ്വദേശിയെന്ന് പറയപ്പെടുന്ന ജോബ് എന്നയാളെക്കുറിച്ച് അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് എത്തിയത്. പൊലീസിന് പ്രഥമദൃഷ്ടിയില്‍ തന്നെ ജോബ് ‘സുകുമാരക്കുറുപ്പ്’ അല്ലെന്ന് കണ്ടെത്താനായി. സുകുമാരക്കുറുപ്പിന് 172 സെ.മീ ഉയരമായിരുന്നെന്നും ജോബിന് 162 സെ.മീറ്റര്‍ മാത്രമാണെന്നും പൊലീസ് മനസിലാക്കി.

നാല് വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ ലഖ്നൗ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ അപകടത്തില്‍ പരിക്കേറ്റ് എത്തിയതാണ് ജോബ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: V Sivankutty says he is not Sukumara kurup