'യുദ്ധമുഖത്തുള്ളവരെ ആശ്വസിപ്പിക്കുന്നതുപോലും പരിഹസിക്കുന്ന വല്ലാത്ത ഒരു സെമി കേഡര്‍'; ആക്ഷേപ ട്രോളുകള്‍ക്കെതിരെ വി. ശിവന്‍കുട്ടി
Kerala News
'യുദ്ധമുഖത്തുള്ളവരെ ആശ്വസിപ്പിക്കുന്നതുപോലും പരിഹസിക്കുന്ന വല്ലാത്ത ഒരു സെമി കേഡര്‍'; ആക്ഷേപ ട്രോളുകള്‍ക്കെതിരെ വി. ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th February 2022, 8:46 pm

തിരുവനന്തപുരം: ഉക്രൈനില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളോട് ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ തനിക്കെതിരെ ഉയരുന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. തനിക്കെതിരെ വന്ന ട്രോള്‍ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വി. ശിവന്‍കുട്ടി പ്രതികരിച്ചത്.

മന്ത്രി വിദ്യാര്‍ത്ഥികളോട് ഫോണില്‍ സംസാരിക്കുന്നതിന്റെ ഒരു ഭാഗം കട്ട് ചെയ്തായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. കേരളത്തില്‍ ചിരിപ്പിക്കാന്‍ വേണ്ടി തുനിഞ്ഞിറങ്ങിയ സ്‌പെഷ്യല്‍ സാധനമെന്നുള്ള തലക്കെട്ടോടെയാണ് വീഡിയോ പ്രചരിച്ചത്.

വീഡിയോ പ്രചരിപ്പിച്ചവരുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.

‘സാധാരണ ഇത്തരം കൃത്യങ്ങളോട് പ്രതികരിക്കേണ്ട കാര്യമില്ല. പക്ഷെ കോണ്‍ഗ്രസ് അനുയായികള്‍ പിന്തുടരേണ്ട സംസ്‌കാരം ഇതാണോ? യുദ്ധമുഖത്ത് ആശങ്കയില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കുമ്പോള്‍ പരിഹസിക്കുന്നവരും അവര്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ സംസ്‌കാരവും എന്താണ് വെളിപ്പെടുത്തുന്നത്? ഒരു വല്ലാത്ത സെമി കേഡര്‍,’ എന്ന തലക്കെട്ടോടെയാണ് വി. ശിവന്‍കുട്ടി പ്രതികരണം രേഖപ്പെടുത്തിയത്.

യുദ്ധമുഖത്തുള്ള വരെ പോലും പരിഹസിക്കാന്‍ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നത് കെ. സുധാകരന്റേയും രാഹുല്‍ ഗാന്ധിയുടേയും ആളുകളാണെന്നും മന്ത്രി പങ്കുവെച്ച വീഡിയോയുടെ അവസാനം പറയുന്നുണ്ട്.


Content Highlights: V Sivankutty reacts to offensive trolls against him