തിരുവനന്തപുരം: ബി.ജെ.പിയെ പരിഹസിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നാല് ചോദ്യങ്ങള്‍ ഉന്നയിച്ചാണ് മന്ത്രിയുടെ പരിഹാസം. ‘ഇക്കഥയ്ക്കുത്തരം തേടുവാന്‍ കൂടാമോ’ എന്ന കുറിപ്പോടുകൂടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലാണ് വി. ശിവന്‍കുട്ടിയുടെ ചോദ്യങ്ങള്‍.
തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞതെല്ലാം നടപ്പാക്കാന്‍ ഉള്ളതല്ലെന്ന് പറഞ്ഞത് ആര്? 50 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കാമെന്ന് പറഞ്ഞതാര്? ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ നല്‍കുമെന്ന് പറഞ്ഞതാര്? തിരുവനന്തപുരത്ത് ഒളിമ്പിക്‌സ് കൊണ്ടുവരുമെന്ന് പറഞ്ഞതാര് എന്നീ ചോദ്യങ്ങളാണ് മന്ത്രി പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം 2036ല്‍ തിരുവനന്തപുരത്ത് ഒളിമ്പിക്‌സ് നടത്തുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം വലിയ വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പിയെ പരിഹസിച്ച് മന്ത്രിയും രംഗത്തെത്തിയത്.
2036ലെ ഒളിമ്പിക്സ് വേദികളിലൊന്ന് തിരുവനന്തപുരമായിരിക്കും എന്നാണ് ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ പുറത്തിറക്കിയ പത്രികയിലാണ് ഈ വാഗ്ദാനം ഉള്‍പ്പെടുത്തിയിരുന്നത്.
‘2036ല്‍ ഇന്ത്യയില്‍ നടക്കുന്ന ഒളിമ്പിക്സിന്റെ ഒരു വേദി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് തിരുവനന്തപുരത്തേക്ക് എത്തിക്കും. ഇതിലൂടെ തലസ്ഥാന നഗരത്തിലെ യുവജനതയുടെ കായിക സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരും,’ എന്നാണ് പ്രകടനപത്രികയില്‍ പറയുന്നത്.
എന്നാല്‍ 2036ലെ ഒളിമ്പിക്സ് വേദിയെ സംബന്ധിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. നിലവില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി 2028ലെയും 2032ലെയും ഒളിമ്പിക്സ് വേദികള്‍ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
മാത്രമല്ല 2036ലെ വേദിയാകാന്‍ ഇന്ത്യ, ഇന്തോനേഷ്യ, പോളണ്ട്, മെക്‌സിക്കോ, തുര്‍ക്കി, ദക്ഷിണ കൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നല്ലാതെ മറ്റൊരു വിവരവും ഒളിമ്പിക് കമ്മിറ്റി ഇതുവരെ അറിയിച്ചിട്ടില്ല.
ഇതിനെ മുന്‍നിര്‍ത്തിയാണ് മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രതികരണം. ഇതിനുപുറമെ 2014ല്‍ അധികാരത്തിലെത്തിയാല്‍ പെട്രോളിന്റെ വില ലിറ്ററിന് 50 രൂപയാക്കുമെന്നും ഡീസലിന്റെ വില അറുപതില്‍ നിന്ന് നാല്‍പതാക്കി മാറ്റുമെന്ന ബി.ജെ.പി വാഗ്ദാനത്തെയുമാണ് മന്ത്രി പരിഹസിച്ചത്.
ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന ബി.ജെ.പിയുടെ വാഗ്ദാനവും മന്ത്രി ഓര്‍മിപ്പിക്കുന്നുണ്ട്.
Content Highlight: V. Sivankutty mocks BJP’s promise to bring Olympics to Thiruvananthapuram