എറണാകുളത്ത് വിദ്യാര്‍ത്ഥിയെ ഇരുട്ടുമുറിയില്‍ അടച്ചിട്ട സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി
Kerala
എറണാകുളത്ത് വിദ്യാര്‍ത്ഥിയെ ഇരുട്ടുമുറിയില്‍ അടച്ചിട്ട സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th August 2025, 3:31 pm

തിരുവനന്തപുരം: എറണാകുളത്ത് വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ ഇരുട്ടുമുറിയില്‍ അടച്ചിട്ട സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.

വിഷയത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതുകൊണ്ടാണ് സമാനമായ സംഭവങ്ങള്‍ കുറഞ്ഞുവരുന്നത്. അധ്യാപകര്‍ക്ക് കൃത്യമായ പരിശീലനം ലഭിക്കാത്തത് ഇതിനെല്ലാം കാരണമായിരിക്കാമെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

ഒരു കാരണവശാലും സംസ്ഥാനത്തെ സ്‌കൂളുകളില്‍ കുട്ടികള്‍ക്കെതിരെയുള്ള ഒരു വിവേചനവും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളത്തെ ഒരു സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ അടച്ചുപൂട്ടി എന്നതടക്കമുള്ള ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തില്‍ ഒരു കുട്ടിയോട് പെരുമാറാന്‍ ഒരു അധ്യാപകനോ മാനേജ്മന്റിനോ അവകാശമില്ലെന്നും മന്ത്രി പറഞ്ഞു.

കുട്ടി വൈകിയെത്തിയാല്‍ ‘ഇനി വൈകിയെത്തരുത്’ എന്ന് ഉപദേശിക്കാം. അല്ലാതെ കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയില്‍ ഇരുട്ടുമുറിയില്‍ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു.

അഞ്ചാം ക്ലാസുകാരനെതിരായ ക്രൂരത നടന്നിരിക്കുന്നത് സ്റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന സ്‌കൂളിലല്ലെന്നാണ് മനസിലാക്കുന്നതെന്നും ഇനിമുതല്‍ മറ്റ് സ്ട്രീമുകളിലെ അധ്യാപകര്‍ക്കും കൃത്യമായ പരിശീലനം നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം നടന്നത്. വൈകിയെത്തിയതോടെ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിയെ ഇരുട്ടുമുറിയില്‍ അടച്ചുപൂട്ടുകയായിരുന്നു. പിന്നാലെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ സ്‌കൂളിലേക്ക് പ്രതിഷേധവുമായെത്തി. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സ്‌കൂളിലെത്തി പ്രതിഷേധിച്ചു.

എന്നാല്‍ വ്യക്തമായ മറുപടി നല്‍കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്നാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ച പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇതിനിടെ രക്ഷിതാക്കളും ഇടത് വിദ്യാര്‍ത്ഥി സംഘടനയും പ്രതിഷേധവുമായെത്തിയപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളോട് തങ്ങളെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിച്ചതായും ആരോപണമുണ്ട്.

ഈ സമയം സ്‌കൂളിലെ ഏതാനും ഉദ്യോഗസ്ഥര്‍ ‘കണ്ടില്ലേ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊന്നും ഒരു കുഴപ്പവുമില്ലല്ലോ’ എന്ന് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Education Minister orders investigation into incident where student was locked in dark room in Ernakulam