നേമത്ത് ബി.ജെ.പി മദ്യവും പണവും ഒഴുക്കുന്നു; ജനാധിപത്യത്തെ അപമാനിക്കുന്നുവെന്ന് വി. ശിവന്‍കുട്ടി
Kerala
നേമത്ത് ബി.ജെ.പി മദ്യവും പണവും ഒഴുക്കുന്നു; ജനാധിപത്യത്തെ അപമാനിക്കുന്നുവെന്ന് വി. ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th April 2026, 10:38 am

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ, ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നേമത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ വി. ശിവന്‍കുട്ടി.

നേമം മണ്ഡലത്തില്‍ ബി.ജെ.പി വന്‍തോതില്‍ പണവും മദ്യവും ഒഴുക്കുകയാണെന്നും ജനാധിപത്യ സംവിധാനത്തെ പണാധിപത്യം കൊണ്ട് തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം സെന്‍ട്രല്‍ ഈഞ്ചയ്ക്കല്‍ യു.പി സ്‌കൂളിലെ 61-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേമത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ നേരിട്ട് ഇടപെട്ട് മദ്യവും പണവും വിതരണം ചെയ്യുകയാണെന്ന് ശിവന്‍കുട്ടി ആരോപിച്ചു. ബൂത്ത് അടിസ്ഥാനത്തിലാണ് മദ്യം ഒഴുകുന്നത്. വോട്ടര്‍മാര്‍ക്ക് കിറ്റും ജോലിയും വരെ വാഗ്ദാനം ചെയ്യുന്നു.

വിതരണം ചെയ്യുന്ന തുകയുടെ കണക്ക് കേട്ടാല്‍ അന്തംവിട്ടുപോകുമെന്നും, ജനാധിപത്യ പ്രക്രിയയെ ഇത്രത്തോളം നാണംകെടുത്തുന്ന രീതിയിലാണ് ബി.ജെ.പിയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് ഒരു ആശങ്കയ്ക്കും ഇടയില്ലെന്നും ഇടതുമുന്നണി തന്നെ വിജയിക്കുമെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനകളെ പരാമര്‍ശിച്ച അദ്ദേഹം, കോണ്‍ഗ്രസിന്റേത് സംസ്‌കാരശൂന്യമായ നിലപാടാണെന്നും ഇതിനെല്ലാം കേരള ജനത മറുപടി നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഇടതുമുന്നണി ചരിത്രപരമായ മൂന്നാം ഊഴം നേടുമെന്ന് ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഭരണവിരുദ്ധ വികാരം ഒരിടത്തുമില്ലെന്നും വികസനത്തുടര്‍ച്ച ആഗ്രഹിക്കുന്ന ജനങ്ങള്‍ ഇടതുപക്ഷത്തിന് വലിയ ഭൂരിപക്ഷം നല്‍കുമെന്നും മന്ത്രിമാരായ എം.ബി. രാജേഷും പി. രാജീവും പ്രതികരിച്ചു.

മെയ് 4ന് കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ചരിത്രവിജയം കുറിക്കപ്പെടുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തുടനീളം വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടന്നുവെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ ആരോപിച്ചു.

ഇത്തരം ശ്രമങ്ങള്‍ക്കെതിരെ കേരളത്തിലെ ജനങ്ങള്‍ ബാലറ്റിലൂടെ ശക്തമായി പ്രതികരിക്കുമെന്നും എല്‍.ഡി.എഫ് മികച്ച മുന്നേറ്റം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയില്‍ വികസനമില്ലെന്ന് പ്രചരിപ്പിച്ചവര്‍ പോലും ഈ സര്‍ക്കാര്‍ നിര്‍മിച്ച റോഡുകളിലൂടെ സഞ്ചരിച്ചാണ് പ്രചാരണം നടത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ഉത്തരേന്ത്യന്‍ മോഡല്‍ രാഷ്ട്രീയമാണ് കേരളത്തില്‍ പയറ്റുന്നതെന്നും സാരിയും കിറ്റും നല്‍കി വോട്ട് പിടിക്കാനാണ് അവരുടെ നീക്കമെന്നും എ. വിജയരാഘവന്‍ വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി ആലോചിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് എം.എ. ബേബി വ്യക്തമാക്കി. യു.ഡി.എഫ് സഹായിച്ചാല്‍ മാത്രമേ ബി.ജെ.പിക്ക് കേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിയൂ എന്നും വി.ഡി. സതീശന്‍ വനവാസത്തിന് പോകരുതെന്നാണ് കെ. സുധാകരന്‍ പോലും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ശക്തമായ പോളിങ് രേഖപ്പെടുത്തുന്ന മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് അനുകൂലമായ ജനമുന്നേറ്റം ഉണ്ടാകുമെന്നാണ് മുന്നണി നേതാക്കളുടെ വിലയിരുത്തല്‍.

Content Highlight: V Sivankutty allegation against BJP