തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.
സുരേഷ് ഗോപി എന്ന വ്യക്തി ഒരു സാധാരണ സിനിമാ നടനില്‍ നിന്നും പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്കുള്ള ദൂരം ഇനിയും താണ്ടിയിട്ടില്ലെന്ന് വി. ശിവന്‍കുട്ടി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
അദ്ദേഹത്തിന്റെ സമീപകാല വാക്കുകളും പ്രവൃത്തികളും അതാണ് തെളിയിക്കുന്നതെന്നും മുമ്പൊക്കെ അദ്ദേഹം സിനിമാ നടന്റെ ‘ഹാങ്ങോവറില്‍’ നിന്ന് മുക്തനായിട്ടില്ലെന്നായിരുന്നു വിമര്‍ശനമെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഇപ്പോള്‍ ഒരുപടി കടന്ന് രാഷ്ട്രീയമായി പിച്ചും പേയും പറയുന്ന അവസ്ഥയിലാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ എതിരാളികളെ സുരേഷ് ഗോപി ഊളകളെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ശിവൻകുട്ടിയുടെ വിമർശനം.
ഒരു പൊതുപ്രവര്‍ത്തകന്, അതും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് ചേരുന്ന ഭാഷയാണോ ഇതെന്നും മന്ത്രി ചോദിച്ചു. ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ അദ്ദേഹം സ്വയം നാണംകെടുക മാത്രമല്ല, താന്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ സംസ്‌കാരം കൂടിയാണ് ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നതെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ തിരുവനന്തപുരത്തെ കുറിച്ചുള്ള കേന്ദ്ര മന്ത്രിയുടെ അജ്ഞത അത്ഭുതപ്പെടുത്തുന്നതാണ്. തിരുവനന്തപുരത്ത് ഏഴോ എട്ടോ സീറ്റുകള്‍ എന്നാണ് അദ്ദേഹം ഒരു വീഡിയോയില്‍ പറയുന്നത്.
ജില്ലയില്‍ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ടെന്നോ, എത്ര ലോക്‌സഭാ മണ്ഡലങ്ങളുണ്ടെന്നോ, എന്തിനധികം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എത്ര വാര്‍ഡുകള്‍ ഉണ്ടെന്ന് പോലും അറിയാത്ത ഒരാളാണ് സുരേഷ് ഗോപിയെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.
ഇതിനൊക്കെ പുറമെയാണ് തനിക്ക് കേന്ദ്ര മന്ത്രിയെന്ന നിലയില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍. സ്വന്തം കഴിവില്ലായ്മ തിരിച്ചറിഞ്ഞ് അത് തിരുത്തുന്നതിന് പകരം, മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ഒരു പരാജിതന്റെ ലക്ഷണമാണ്. അങ്ങേയറ്റം പരിഹാസ്യമായ നിലപാടാണതെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഇപ്പോള്‍ നേമം മണ്ഡലം മുന്‍നിര്‍ത്തി ബി.ജെ.പിയും സുരേഷ് ഗോപിയും മനപ്പായസം ഉണ്ണുകയാണ്. തിരുവനന്തപുരത്തെ കുറിച്ചോ ഇവിടുത്തെ രാഷ്ട്രീയത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത ഇക്കൂട്ടരുടെ മോഹങ്ങള്‍, മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നം പോലെ അവശേഷിക്കുകയേ ഉള്ളൂവെന്നും മന്ത്രി പറഞ്ഞു.
നേമത്ത് ബി.ജെ.പി അക്കൗണ്ട് പൂട്ടിച്ചത് രാഷ്ട്രീയ വിക്രിയകളിലൂടെയാണെന്ന സുരേഷ് ഗോപിയുടെ വാദം നേമത്തെ വോട്ടര്‍മാരെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തില്‍ ജനങ്ങളുടെ തീരുമാനത്തെ ‘വിക്രിയ’ എന്ന് വിളിച്ച് ആക്ഷേപിക്കുന്നതിന് ബി.ജെ.പി വലിയ വില കൊടുക്കേണ്ടി വരുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
Content Highlight: V. Sivankutty against suresh gopi’s tvm statement