രാഹുലിനെതിരായ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദം നിയമവാഴ്ചയോടുള്ള വെല്ലുവിളി; സണ്ണി ജോസഫിനെതിരെ വി. ശിവന്‍കുട്ടി
Kerala
രാഹുലിനെതിരായ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദം നിയമവാഴ്ചയോടുള്ള വെല്ലുവിളി; സണ്ണി ജോസഫിനെതിരെ വി. ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th December 2025, 5:39 pm

തിരുവനന്തപുരം: ബലാത്സംഗക്കേസിലെ പ്രതി പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നില്‍ ആസൂത്രിത നീക്കമാണെന്ന കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രസ്താവന അപഹാസ്യവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.

രാഹുലിനെതിരായ പരാതിയ്ക്ക് പിന്നില്‍ ‘ലീഗല്‍ ബ്രെയിന്‍’ ഉണ്ടെന്നും ഗൂഢാലോചനയുണ്ടെന്നും പറയുന്നത് കുറ്റങ്ങളെ വെള്ള പൂശാനുള്ള പാഴ്ശ്രമമാണെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വി. ശിവന്‍കുട്ടിയുടെ പ്രതികരണം.

നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. ഒരു പരാതി ലഭിച്ചാല്‍ അത് അന്വേഷിക്കുകയെന്നത് ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഉത്തരവാദിത്തമാണ്. അതിനെ ഗൂഢാലോചനയായി ചിത്രീകരിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പരാതി നല്‍കിയവരെയും അതിന് പിന്നിലെ നിയമവശങ്ങളെയും ഭയക്കുന്നത് എന്തിനാണ്? സ്വന്തം ഭാഗത്ത് ന്യായമുണ്ടെങ്കില്‍ ഏത് ‘ലീഗല്‍ ബ്രെയിനി’നെയും നേരിടാന്‍ കെ.പി.സി.സിക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

സുതാര്യത ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും അവിടെ രാഷ്ട്രീയം നോക്കി നടപടി സ്വീകരിക്കുന്ന രീതി ഈ സര്‍ക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറ്റ് ചെയ്തവര്‍ ആരായാലും നടപടി നേരിടേണ്ടി വരും. പുകമറ സൃഷ്ടിച്ച് യഥാര്‍ത്ഥ വിഷയം വഴിതിരിച്ചുവിടാനുള്ള കെ.പി.സി.സി പ്രസിഡന്റിന്റെ നീക്കം പൊതുസമൂഹം തിരിച്ചറിയുമെന്നും മന്ത്രി വ്യക്തമാക്കി.

രാഹുലിനെതിരെ ഉയര്‍ന്ന രണ്ടാമത്തെ പരാതി ആസൂത്രിതമാണെന്നും വെല്‍ഡ്രാഫ്റ്റഡായ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ഉണ്ടെന്നുമായിരുന്നു സണ്ണി ജോസഫിന്റെ പരാമര്‍ശം. മാങ്കൂട്ടത്തിലിനെതിരെ കെ.പി.സി.സിക്ക് ഇ-മെയില്‍ വഴി ലഭിച്ച രണ്ടാമത്തെ പരാതി സംബന്ധിച്ചായിരുന്നു കെ.പി.സി.സി അധ്യക്ഷന്റെ ആരോപണം.

പരാതി കിട്ടിയ ഉടനെ പൊലീസിനെ സമീപിച്ചുവെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ ആദ്യഘട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.

എന്നാല്‍ രണ്ടാമത്തെ കേസില്‍ രാഹുലിന് വിചാരണക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ, തങ്ങള്‍ക്ക് മെയില്‍ വഴി പരാതി ലഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങള്‍ക്കും പരാതി ലഭിച്ചെന്നും അതില്‍ സംശയമുണ്ടെന്നും സണ്ണി ജോസഫ് പ്രതികരിച്ചത്.

Content Highlight: V. Sivankutty against Sunny Joseph in rahul issue