V. S. Achuthanandan: 'കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍ തലകുനിക്കാത്ത ശീലമെന്‍ യൗവനം' ഒറ്റവാക്കിൽ രാഹുൽ ഗാന്ധിയെ വീഴ്ത്തിയ വി.എസ്
V.S. Achuthanandan
V. S. Achuthanandan: 'കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍ തലകുനിക്കാത്ത ശീലമെന്‍ യൗവനം' ഒറ്റവാക്കിൽ രാഹുൽ ഗാന്ധിയെ വീഴ്ത്തിയ വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st July 2025, 6:06 pm

തിരുവനന്തപുരം: ‘തല നരയ്ക്കുവതല്ലെന്‍റെ വൃദ്ധത്വം, തല നരക്കാത്തതല്ലെന്‍ യുവത്വവും കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍ തലകുനിക്കാത്ത ശീലമെന്‍ യൗവനം’ വി.എസ് അച്യുതാനന്ദൻ്റേതായിഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട വാക്കുകളായിരുന്നു ഇത്. രാഹുൽ ഗാന്ധിക്കെതിരെയായിരുന്നു ഈ പരാമർശം.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ പ്രചരണത്തിനെത്തിയ രാഹുൽ ഗാന്ധി വി. എസ് അച്യുതാനന്ദൻ്റെ പ്രായത്തെക്കുറിച്ച് പരിഹസിച്ചിരുന്നു.

വീണ്ടുമൊരിക്കൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയാൽ 93കാരനായ മുഖ്യമന്ത്രിയെ ആകും ലഭിക്കുക എന്നായിരുന്നു അന്ന് രാഹുൽ ഗാന്ധി പരാമർശിച്ചത്. എന്നാൽ ഈ പരാമർശത്തിന് വി.എസ് അച്യുതാനന്ദൻ നൽകിയ മറുപടി ഒരു കവിതാശകലമായിരുന്നു.

വിപ്ലവകാരിയായിരുന്ന ടി.എസ് തിരുമുമ്പിൻ്റെ ‘എന്‍റെ യുവത്വം’ എന്ന കവിതയിലെ വരികൾ കടമെടുത്ത് വി.എസ് നടത്തിയ പ്രസംഗം വടികൊടുത്ത് അടി മേടിക്കലായി മാറി രാഹുലിന്. രാഹുലിനെതിരെ പ്രയോഗിച്ച ‘അമുൽ ബേബി’ പരാമർശവും അന്നായിരുന്നു. അതിനൊപ്പം തന്നെ രാഹുലിന് നല്ല മറുപടി കൊടുക്കുകയും ചെയ്തു വി.എസ് അച്യുതാനന്ദൻ.

തന്റെ പതിനേഴാം വയസില്‍ ജന്മിത്വ വിരുദ്ധപോരാട്ടത്തിലും സ്വാതന്ത്ര്യസമരത്തിലും തുടങ്ങിയ രാഷ്ട്രീയപ്രവര്‍ത്തനമാണ് തൻ്റേതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ഈ വരികള്‍ ചൊല്ലുന്ന വി. എസിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി ഇടതുപക്ഷ അനുഭാവികൾക്കിടയിൽ പ്രചരിച്ചിരുന്നു. വി.എസിൻ്റെ പ്രസംഗത്തിൽ കൂടെയാണ് ഈ വരികളും കവിതയും ശ്രദ്ധിക്കപ്പെട്ടതും.

ഹൃദയാഘാതത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന വി.എസ് ഇന്ന് വൈകീട്ട് നാലേ കാലോടെയാണ് അന്തരിച്ചത്. ഒരുമാസമായി തിരുവനന്തപുരത്തെ പട്ടം എസ്.യു.ടി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അടുത്ത് ആരോഗ്യനിലയില്‍ പുരോഗതി വന്നെങ്കിലും പിന്നീട് നില വീണ്ടും വഷളാകുകയായിരുന്നു.

Content Highlight: V.S Replay to Rahul Gandhi’s Speech regarding V.S Age