തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മരണത്തില്‍ അനുശോചനമറിയിച്ച് എ.കെ. ആന്റണി. പാവപ്പെട്ടവര്‍ക്കും അധ്വാനിക്കുന്നവര്‍ക്കും വേണ്ടി പോരാടിയ, പടകള്‍ നയിച്ച, പാവപ്പെട്ടവന്റെ പടത്തലവനായിരുന്നു വി.എസ് അച്യുതാനന്ദനെന്ന് എ.കെ. ആന്റണി പറഞ്ഞു.
എന്റെ കുട്ടിക്കാലത്ത് ചേര്‍ത്തല താലൂക്കില്‍ ആയിരക്കണക്കിന് കര്‍ഷകസ്ത്രീകള്‍ അരിവാളുമായി അന്യനാട്ടിലേക്ക് ജോലിക്ക് പോവുമായിരുന്നു. നേരം ഇരുട്ടുമ്പോഴായിരുന്നു അവര്‍ തിരിച്ചെത്തിയത്.
അടിമകളെപ്പോലെയായിരുന്നു അവരോട് പെരുമാറിയിരുന്നത്. അവരുടെ അവകാശങ്ങള്‍ നിഷേധിക്കുക എന്നത് സാധാരണ സംഭവമായിരുന്നു. തുച്ഛമായ ഭൂമി, അപമാനം ഇതൊക്കെ സ്ഥിരം ഏര്‍പ്പാടായിരുന്നു. കുട്ടനാട്ടിലെ കര്‍ഷകരെ ജീവിതം മാറ്റിയത് വി.എസ്. അച്യുതാനനന്ദനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നിരന്തരമായ കര്‍ഷകസമരമാണ് അവര്‍ക്ക് മാന്യമായ കൂലിയും പെരുമാറ്റവും നേടിക്കൊടുത്തത്.
കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം കേരള രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കിലെ കയര്‍ തൊഴിലാളികളുടെ പോരാട്ടത്തിന് മുന്നില്‍ അദ്ദേഹമുണ്ടായിരുന്നു. അവിടുന്ന് അങ്ങോട്ട് തൊഴിലാളി വര്‍ഗത്തിനും അടിസ്ഥാന വര്‍ഗങ്ങള്‍ക്കും വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ കഥയാണ്.
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരവും നഴ്‌സുമാരുടെ സമരവും അദ്ദേഹം മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം പാര്‍ട്ടി നേതൃത്വ രംഗത്തേക്കും പാര്‍ലമെന്ററി രംഗത്തേക്കും കടന്ന് വന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ കേരളത്തിലുടനീളം പാര്‍ട്ടി കെട്ടിപ്പെടുക്കാന്‍ നിരന്തരം യാത്ര ചെയ്ത് കേരളത്തിലെ ഏറ്റവും വലിയ പ്രസ്ഥാനമാക്കി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മാറ്റിയത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.
അദ്ദേഹം കേരളത്തിലെ ഏറ്റവും വലിയ ജനകീയ നേതാവ് എന്ന നിലയിലേക്ക് വി.എസ് മാറിയത് പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴാണ്. കേരളം കണ്ട സമരവീര്യമുള്ള ഏറ്റവും പ്രബുദ്ധരായ പ്രതിപക്ഷ നേതാക്കളുടെ മുന്‍നിരയിലാണ് വി.എസിന്റെ സ്ഥാനം. അദ്ദേഹം കേരളത്തില്‍ ഉടനീളം എല്ലാ പ്രദേശത്തുമുള്ള അനീതികള്‍ക്കെതിരെ നിരന്തരം അസംബ്ലിക്കകത്തും സ്വരം ഉയര്‍ത്തിയിട്ടുണ്ട്.
അന്ന് പ്രതിപക്ഷ നേതാവായി ഇരിക്കുമ്പോള്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ ഏറ്റവും വലിയ ജനകീയ നായകനാക്കി മാറ്റിയത്. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം കേരളത്തിന്റെ വികസനത്തിനായി ആത്മാര്‍ത്ഥായി പരിശ്രമിച്ചു. അന്ന് ഞാന്‍ കേന്ദ്രത്തില്‍ പ്രതിരോധമന്ത്രിയായിരുന്നു. അന്നദ്ദേഹം എന്നെ വിളിച്ച് ഓഫീസിലേക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.
എന്നാല്‍ ഞാന്‍ വേണ്ടായെന്ന് പറഞ്ഞു. ഞാന്‍ അങ്ങോട്ട് വന്നോളം എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ അദ്ദേഹത്തെ പോയി കണ്ടു. അന്ന് അദ്ദേഹത്തിന്റെ ആഗ്രഹം കൊച്ചി മെട്രോയ്ക്ക് കേന്ദ്രത്തിന്റെ അനുമതി വേണമെന്നായിരുന്നു.
ഞാനും അതിനായി പരിശ്രമിച്ചു. പക്ഷെ ടി.പി.പി മോഡല്‍ മെട്രോയ്ക്കാണ് കേന്ദ്രത്തിന്റെ അനുമതി ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നത്. അത്തരത്തില്‍ ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ കേരളത്തിന്റെ വികസനത്തിന് വേണ്ടി കിട്ടിയ അവസരത്തിലെല്ലാം അദ്ദേഹം പരമാവധി പരിശ്രമിച്ചു. വി.എസിനെ കേരളത്തിന് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. കേരള ചരിത്രം എക്കാലവും ഓര്‍ക്കുന്ന വിപ്ലവ സൂര്യനാണ് അദ്ദേഹമെന്നും എ.കെ. ആന്റണി കൂട്ടിച്ചേര്‍ത്തു.
Content Highlight: V.S. Achuthanandan was a champion of the poor who fought for the working class: A.K. Antony