V.S Achuthanandan: വെള്ളാപ്പള്ളിയെയും തിരുവിതാംകൂര്‍ രാജകുടുംബത്തെയും തുറന്നുകാട്ടിയ വി.എസിന്റെ അപ്രിയസത്യങ്ങള്‍
V.S. Achuthanandan
V.S Achuthanandan: വെള്ളാപ്പള്ളിയെയും തിരുവിതാംകൂര്‍ രാജകുടുംബത്തെയും തുറന്നുകാട്ടിയ വി.എസിന്റെ അപ്രിയസത്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st July 2025, 5:41 pm

തന്റെ വാക്കുകളിലൂടെ പലപ്പോഴും പലരെയും തുറന്നുകാട്ടിയ നേതാവായിരുന്നു വി.എസ്. അച്യുതാനന്ദന്‍. മുഖം നോക്കാതെ തുറന്നുപറഞ്ഞിരുന്ന പല അപ്രിയസത്യങ്ങളും കേരള രാഷ്ട്രീയത്തെ പലപ്പോഴും ചൂടുപിടിപ്പിച്ചു. തുടക്കത്തില്‍ എല്ലാവരും വി.എസിന്റെ വാക്കുകളെ എതിര്‍ത്തെങ്കിലും പിന്നീട് അവയെല്ലാം സത്യമാണെന്ന് കാലം തെളിയിച്ചു.

വര്‍ഗീയ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ ആദ്യമായി പ്രതികരിച്ചത് വി.എസ്സായിരുന്നു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ ചേര്‍ത്തുനിര്‍ത്തിയ വെള്ളപ്പള്ളിയുടെ ഉള്ളിലിരുപ്പ് എന്തായിരുന്നെന്ന് ആദ്യമായി പൊതുവേദിയില്‍ വി.എസ് പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ബി.ജെ.പിയുടെ സഖ്യകക്ഷിയായി മാറിയ ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടിയുടെ കടന്നുവരവ് 2016ലെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി മാറി. എന്നാല്‍ ആ സമയത്തും വെള്ളാപ്പള്ളിയെ കടന്നാക്രമിക്കാന്‍ വി.എസ്. മടി കാണിച്ചില്ല. ‘ഹെലികോപ്റ്ററില്‍ പറന്നു നടന്ന് വിഷം തുപ്പുന്നവന്‍’ എന്നായിരുന്നു വെള്ളാപ്പള്ളിയെ വി.എസ്. വിശേഷിപ്പിച്ചത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തിന്റെ ഉദ്ദേശം വി.എസിന് അറിയാമായിരുന്നു.

ബി.ജെ.പി.യുടെ വര്‍ഗീയ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാന്‍ വെള്ളാപ്പള്ളിക്ക് ഉദ്ദേശമുണ്ടെന്ന് മനസിലാക്കിയ വി.എസ്. അന്നത്തെ എല്ലാ തെരഞ്ഞെടുപ്പ് റാലികളിലും വെള്ളാപ്പള്ളിയെ തുറന്നുകാട്ടി. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് ഉയര്‍ത്തിക്കാട്ടി വെള്ളാപ്പള്ളിക്കെതിരെ ശക്തമായി ആഞ്ഞടിക്കാന്‍ വി.എസിന് സാധിച്ചു.

രാജഭക്തിയുടെ കൂറ് ഇന്നും പ്രകടിപ്പിക്കുന്ന രാഷ്ട്രീയനേതാക്കളുള്ളപ്പോള്‍ അവര്‍ക്കെതിരെയും വി.എസ്. സംസാരിച്ചു. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അംഗങ്ങള്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം പായസം കൊണ്ടുപോകുന്ന പാത്രത്തില്‍ കടത്തുന്നു എന്ന വി.എസിന്റെ പ്രസംഗം പലരുടെയും ഉറക്കം കെടുത്തി. ക്ഷേത്രത്തിലെ ബി നിലവറയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴായിരുന്നു ഇത്.

കാലങ്ങളായി രാജകുടുംബത്തെ ആരാധിക്കുന്ന രാജഭക്തരെ ഈ വാക്കുകള്‍ പൊള്ളിച്ചു. അന്നത്തെ ഭരണപക്ഷമുള്‍പ്പെടെ പലരും വി.എസിനെതിരെ രംഗത്തെത്തി. എന്നാല്‍ പറഞ്ഞ വാക്കുകളില്‍ നിന്ന് ഒരിഞ്ചുപോലും അദ്ദേഹം മാറിയില്ല. നിലവറയിലെ സ്വര്‍ണം കടത്തുന്നത് അറിയാവുന്ന ജീവനക്കാരനെതിരെ വധശ്രമം നടന്നെന്നും വി.എസ്. പറഞ്ഞിരുന്നു. ഒടുവില്‍ വി.എസിന്റെ വാക്കുകള്‍ സത്യമായിരുന്നെന്ന് കോടതി കണ്ടെത്തിയിരുന്നു.

ഇത്തരം അപ്രിയസത്യങ്ങളിലൂടെ സമൂഹത്തിലെ പലരെയും വിറപ്പിക്കാന്‍ വി.എസ് എന്ന രണ്ടക്ഷരത്തിന് സാധിച്ചു. 102ാം വയസില്‍ രാഷ്ട്രീയ ഭൂമികയില്‍ നിന്ന് അദ്ദേഹം വിടവാങ്ങുമ്പോള്‍ ബാക്കിയാകുന്നത് കേരള രാഷ്ട്രീയത്തിലെ വലിയൊരു ചരിത്രമാണ്. ആരുടെ മുന്നിലും മുട്ട് മടക്കാത്ത, ആരെയും പേടിക്കാത്ത വി.എസ് എന്ന സമരപോരാളിയുടെ വിടവ് നികത്താനാകാത്തതാണ്.

Content Highlight: V S Achuthanandan’s statements against Vellappalli Nadeshan and Travancore Royal Family