‘പാര്‍ട്ടി ജയിക്കുമ്പോള്‍ തോല്‍ക്കുന്ന വി.എസ്, വി.എസ്. ജയിക്കുമ്പോള്‍ തോല്‍ക്കുന്ന പാര്‍ട്ടി’ -കേരള രാഷ്ട്രീയത്തില്‍ ഏറെ കാലമായി പറഞ്ഞുപഴകിയ ചൊല്ലുകളിലൊന്നാണിത്. വി.എസ് എന്ന രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തിലെ അതികായനായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതത്തെ അത്രത്തോളം അന്വര്‍ത്ഥമാക്കിയ വാക്കുകളാണിത്.
1965 മുതല്‍ 2016 വരെ പത്ത് തവണ വി.എസ്. വിവിധ മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടി. ജയിച്ചും പരാജയപ്പെട്ടും കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ വി.എസ്. തന്റെ സാന്നിധ്യമടയാളപ്പെടുത്തി. വി.എസ്. വിജയിക്കുമ്പോള്‍ പാര്‍ട്ടി പരാജയപ്പെടുകയും പാര്‍ട്ടി പരാജയപ്പെടുമ്പോള്‍ വി.എസ്. വിജയിക്കുന്നതും രാഷ്ട്രീയ കേരളത്തില്‍ ആരും മറക്കാത്ത കാഴ്ചകളിലൊന്നായി.
മൂന്ന് തവണ മാത്രമാണ് വി.എസും പാര്‍ട്ടിയും ഒന്നിച്ച് വിജയിച്ചിട്ടുള്ളത്. 1967ലും 2006ലും ഒടുവില്‍ 2016ലും. 2006ല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിക്കുന്നത് വരെ വി.എസ്. ഒരിക്കല്‍പ്പോലും മന്ത്രിക്കസേരയില്‍ ഇരുന്നിട്ടില്ല എന്നതും രസകരമായ വൈരുധ്യമാണ്.
തന്റെ രാഷ്ട്രീയ ജീവിതത്തില്‍ അമ്പലപ്പുഴയായിരുന്നു വി.എസിന്റെ ആദ്യ തട്ടകം. 1965, 1967, 1970, 1977 എന്നിങ്ങനെ നാല് തവണയാണ് വി.എസ്. അമ്പലപ്പുഴയില്‍ ജനവിധി തേടിയത്. ഇതില്‍ അദ്ദേഹത്തിന്റെ ആദ്യ മത്സരമായിരുന്ന 1965ലും 1977ലും വി.എസ് പരാജയപ്പെട്ടു. 65ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എസ്. കൃഷ്ണക്കുറുപ്പിനോടും 77ല്‍ ആര്‍.എസ്.പി സ്ഥാനാര്‍ത്ഥി കെ.കെ. കുമാരപിള്ളയോടും തോല്‍വി സമ്മതിക്കേണ്ടതായി വന്നു.
1967ലും 1970ലും വി.എസ് എന്ന രണ്ടക്ഷരത്തിലൂടെ അമ്പലപ്പുഴയുടെ ശബ്ദം നിയമസഭയില്‍ മുഴങ്ങിക്കേട്ടു. 1967ല്‍ 113 സീറ്റുകള്‍ നേടിയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. മത്സരിച്ച 59 സീറ്റില്‍ 52ലും സി.പി.ഐ.എം വിജയിച്ചപ്പോള്‍ അമ്പലപ്പുഴയില്‍ നിന്നും 26,627 വോട്ടുമായി വി.എസ്. ജയിച്ചുകയറി. 1970ല്‍ 28,596 ആയി തന്റെ വോട്ടുവിഹിതം വര്‍ധിപ്പിച്ചാണ് വി.എസ് അമ്പലപ്പുഴ സി.പി.ഐ.എമ്മിനായി നിലനിര്‍ത്തിയത്.
അടുത്ത രണ്ട് തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്താണ് വി.എസ്. മത്സരിച്ചത്. 1991ലും 1996ലും. 91ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വി. സുഗതനെയാണ് വി.എസ്. പരാജയപ്പെടുത്തിയത്. 9,980 വോട്ടിനായിരുന്നു അദ്ദേഹത്തിന്റെ വിജയം. വി.എസ്. 71,470 വോട്ടുകള്‍ നേടിയപ്പോള്‍ 61,490 വോട്ടുകളാണ് സുഗതന് ലഭിച്ചത്.
എന്നാല്‍ 1996ല്‍ മാരാരിക്കുളം വി.എസിനെ കൈവിട്ടു. ആ തോല്‍വി സി.പി.ഐ.എമ്മിനെ മാത്രമല്ല, പ്രതിപക്ഷത്തെ പോലും ഞെട്ടിക്കുന്നതായിരുന്നു. 80 സീറ്റുകളുമായി ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോള്‍ പാര്‍ട്ടിയുടെ കരുത്തന്‍ 1965 വോട്ടിന് പരാജയപ്പെട്ടു. അന്ന് കോണ്‍ഗ്രസിന്റെ പി.ജെ. ഫ്രാന്‍സിസ് 68,302 വോട്ടുകള്‍ നേടിയപ്പോള്‍ 66,337 വോട്ടുകളാണ് വി.എസിന് ലഭിച്ചത്. ഒരുപക്ഷേ അന്ന് വിജയിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദവും അദ്ദേഹത്തെ തേടിയെത്തുമായിരുന്നു.
ആ തോല്‍വി വി.എസിന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന നാഴികക്കല്ലായിരുന്നു. നിയമസഭാ സാമാജികനല്ലാത്ത വി.എസ്. ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രവര്‍ത്തിച്ചു. ഈ തോല്‍വിയിലൂടെയാണ് വി.എസിന് കൂടുതല്‍ കരുത്തും ജനസമ്മതിയും കൈവന്നത് എന്ന് പറഞ്ഞാല്‍ പോലും അധികമാകില്ല.
1996ലെ പരാജയത്തിന് ശേഷം ശേഷം നാല് തവണ വി.എസ്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. നാലിലും വിജയിച്ചു. ഓരോ തെരഞ്ഞെടുപ്പിലും തന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയാണ് വി.എസ്. ചെയ്തത്.
2001 മുതല്‍ 2016 വരെ വി.എസ്. മലമ്പുഴയിലാണ് മത്സരിച്ചത്. വി.എസിന്റെ മലമ്പുഴയെന്നതിലുപരി മലമ്പുഴയുടെ വി.എസിനെയാണ് കേരളവും പാര്‍ട്ടിയും കണ്ടത്. 2016ല്‍ മലമ്പുഴയില്‍ വി.എസിന് സീറ്റ് നല്‍കേണ്ടി വന്നതുപോലും സി.പി.ഐ.എമ്മിന്റെ കേരളചരിത്രത്തില്‍ എഴുതിവെക്കപ്പെട്ടു.
2001ല്‍ കോണ്‍ഗ്രസിന്റെ സതീശന്‍ പാച്ചേനിയെ പരാജയപ്പെടുത്തുന്നത് 4,703 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. വി.എസ്. 53,661 വോട്ട് നേടിയപ്പോള്‍ സതീശന്‍ പാച്ചേനി 48,958 വോട്ടിലൊതുങ്ങി.
2006ല്‍ 200,17 വോട്ടിന് വി.എസ്. ജയിച്ചുകയറി. ഇത്തവണയും വി.എസിനോട് തോറ്റത് സതീശന്‍ പാച്ചേനി തന്നെയായിരുന്നു. ഈ വിജയത്തോടെയാണ് വി.എസ്. ആദ്യമായി കേരളത്തില്‍ മന്ത്രിപദത്തിലെത്തുന്നത്, അതും മുഖ്യമന്ത്രിയായി!
ഈ തെരഞ്ഞെടുപ്പില് സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വി.എസ്. ഉണ്ടായിരുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരമായിരുന്നു അത്. എന്നാല്‍ പാര്‍ട്ടിയുടെ ഈ തീരുമാനത്തിനെതിരെ പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധമുയര്‍ന്നു. ഇതോടെ കേന്ദ്ര നേതൃത്വം ഇടപെട്ടാണ് വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. പാര്‍ട്ടിയുടെ തീരുമാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരുത്തിയപ്പോള്‍ വി.എസ്. സംസ്ഥാന മന്ത്രിസഭയിലെ ഒന്നാമനായി നടന്നുകയറി.
2011ല്‍ കേരള ചരിത്രത്തിലാദ്യമായി ഭരണത്തുടര്‍ച്ചയ്ക്കും കളമൊരുങ്ങിയിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് പ്രതികൂലമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളില്‍ ബാലകൃഷ്ണപിള്ളയുടെ ജയില്‍ ശിക്ഷയും കുഞ്ഞാലിക്കുട്ടിയുടെ ഐസ്‌ക്രീം പാര്‍ലര്‍ കേസും വി.എസ്. പ്രചരണായുധമാക്കി. ഐക്യജനാധിപത്യമുന്നണി അധികാരത്തിലേറുമെന്ന് പ്രവചിച്ചവര്‍ ആശങ്കയിലായി.
കേരള രാഷ്ട്രീയത്തിലെ ഫോട്ടോ ഫിനിഷിഷില്‍ യു.ഡി.എഫിന് 72 സീറ്റും ഇടതുപക്ഷത്തിന് 68 സീറ്റും ലഭിച്ചു. എന്നാല്‍ ഒരുതരത്തിലുമുള്ള കുതിരക്കച്ചവടങ്ങള്‍ക്ക് തങ്ങളില്ലെന്ന് സി.പി.ഐ.എം വ്യക്തമാക്കിയതോടെ അനിശ്ചിതത്വങ്ങള്‍ക്ക് അവസാനമായി.
കൂട്ടലുകള്‍ക്കും കിഴിക്കലുകള്‍ക്കും ശേഷം 2011ല്‍ യു.ഡി.എഫ് അധികാരത്തിലേറുകയും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാവുകയും ചെയ്തു. അതേസമയം, വിജയത്തിന് പാര്‍ട്ടി നേതൃത്വം ആത്മാര്‍ത്ഥമായി ശ്രമിച്ചില്ലെന്ന് രാഷ്ട്രീയ വിമര്‍ശനവുമുയര്‍ന്നു. അന്ന് എല്‍.ഡി.എഫ് ജയിച്ചാല്‍ വി.എസ്. തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമായിരുന്നു. എന്നാല്‍ ഇത് പാര്‍ട്ടി നേതൃത്വത്തിന് താങ്ങാന്‍ സാധിക്കുന്നതിലും അപ്പുറമായതിനാലാണ് സി.പി.ഐ.എം ഇത്തരമൊരു തീരുമാനമെടുത്തതെന്ന കിംവദന്തികളും ഉയര്‍ന്നുകേട്ടു. ശേഷം സി.പി.ഐ.എം എം.എല്‍.എ സെല്‍വരാജിനെ യു.ഡി.എഫ് ചാക്കിട്ടുപിടിച്ചതോടെ എല്‍.ഡി.എഫ് 67ലേക്ക് വീണു.
തൊണ്ണൂറുകഴിഞ്ഞ വയോവൃദ്ധന് 2016ല്‍ സീറ്റ് നല്‍കേണ്ടതില്ലെന്ന് ഔദ്യോഗിക വിഭാഗത്തിന്റെ തീരുമാനിച്ചു. ഇതോടെ വി.എസിനായി ബോര്‍ഡുകളുയര്‍ന്നു. പിന്നാലെ കേന്ദ്രനേതൃത്വത്തിന് ഇടപെടേണ്ടി വരികയും ഒടുവില്‍ പാര്‍ട്ടിക്ക് വി.എസിന്റെ മലമ്പുഴ വി.എസിന് തന്നെ നല്‍കേണ്ടിയും വന്നു. 2006ലേതെന്ന പോലെ വി.എസിന്റെ കാര്യത്തില്‍ മാത്രം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പാര്‍ട്ടിക്ക് വീണ്ടും തോല്‍ക്കേണ്ടി വന്നപ്പോള്‍ വി.എസ്. തന്റെ ഭൂരിപക്ഷം 27,142 ആയി ഉയര്‍ത്തി.
73,299 വോട്ടുകളാണ് വി.എസ്. നേടിയത്. അന്ന് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പിയുടെ സി. കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്തെത്തിയത്. 46,157 വോട്ടുകള്‍ ബി.ജെ.പി നേടി. കോണ്‍ഗ്രസിനായി കളത്തിലിറങ്ങിയ വി.എസ്. ജോയ് 35,333 വോട്ടുകളിലൊതുങ്ങി.
‘പാര്‍ട്ടി ജയിക്കുമ്പോള്‍ തോല്‍ക്കുന്ന വി.എസ്, വി.എസ്. ജയിക്കുമ്പോള്‍ തോല്‍ക്കുന്ന പാര്‍ട്ടി’ എന്ന രാഷ്ട്രീയ പഴഞ്ചൊല്ല് മൂന്നാം തവണയും വി.എസ്. തിരുത്തിയെങ്കിലും മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരത്തിലേറുകയായിരുന്നു.
Content Highlight: V.S. Achuthanandan’s election victories and defeats