82 വയസില്‍ ഗണ്‍മാന്‍മാരോടൊപ്പം ഷട്ടില്‍ കളിക്കുന്ന വി.എസ്; ഓര്‍മ പങ്കുവെച്ച് പാലൊളി മുഹമ്മദ് കുട്ടിയുടെ പി.എ
V.S. Achuthanandan
82 വയസില്‍ ഗണ്‍മാന്‍മാരോടൊപ്പം ഷട്ടില്‍ കളിക്കുന്ന വി.എസ്; ഓര്‍മ പങ്കുവെച്ച് പാലൊളി മുഹമ്മദ് കുട്ടിയുടെ പി.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd July 2025, 2:02 pm

കോഴിക്കോട്: വി.എസിന്റെ വിയോഗത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ഡിജിറ്റല്‍ ക്രിയേറ്ററായ മുഹമ്മദ് ബഷീര്‍. വി.എസിന്റെ ഭരണകാലത്ത് അയല്‍വാസികളായി താമസിച്ചപ്പോഴുള്ള അനുഭവവും ദിനചര്യകളും ഇടപെടലുകളും ഓര്‍ത്തെടുക്കുന്ന കുറിപ്പാണ് പാലൊളി മുഹമ്മദ് കുട്ടിയുടെ പി.എയായ മുഹമ്മദ് ബഷീര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

അഞ്ച് വര്‍ഷം ഒരു കോമ്പൗണ്ടില്‍ ഒരു മതിലിനപ്പുറവും ഇപ്പുറവുമുള്ള വീട്ടില്‍ ജീവിച്ചു. ഞാന്‍ താമസിച്ചത് ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ ‘അശോക’യിലാണ്. പാലൊളിയോടൊപ്പം. തൊട്ടടുത്ത് ക്ലിഫ് ഹൗസ്. വി.എസ് താമസിക്കുന്നിടം. ചില ദിവസങ്ങളില്‍ മറ്റു ജില്ലകളിലെ പരിപാടികള്‍ കഴിഞ്ഞ് പുലര്‍ച്ചയാണ് സഖാവിനൊപ്പം വീട്ടിലെത്തുക.

പിന്നെ ഉറങ്ങിയാല്‍ എഴുന്നേല്‍ക്കാന്‍ വൈകുമെന്ന് പേടിച്ച് ഞങ്ങള്‍ എല്ലാവരും, ഗണ്‍മാന്‍മാരും, ഡ്രൈവറും എല്ലാം ദേവസ്വം ബോര്‍ഡ് ജങ്ഷനിലേക്ക് ചായ കുടിക്കാന്‍ പോകും. അഞ്ച് മണി എന്നൊരു സമയമുണ്ടെങ്കില്‍ ബനിയനും കള്ളിമുണ്ടും ധരിച്ച് വി.എസ് ക്ലിഫ് ഹൗസില്‍ നടക്കാനിറങ്ങും. എത്ര പെരുമഴയിലും അതു മുടങ്ങാറില്ല. 82 -ാമത്തെ വയസിലാണ് വി.എസ് മുഖ്യമന്ത്രിയാവുന്നത്.

രാവിലെ ഗണ്‍മാന്‍മാരോടൊപ്പം ഷട്ടില്‍ കളിക്കുന്ന വി.എസിനെ കണ്ട് അന്തം വിട്ടിട്ടുണ്ട്. വി.എസിന്റെ സ്റ്റാഫിലുള്ളവരോടെല്ലാം അന്നും ഇന്നും നല്ല അടുപ്പമാണ്.

പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രന്‍ സഖാവും, ശരിധരന്‍ സാറും മുതല്‍, ശശിയേട്ടനും, ബാലകൃഷ്‌ണേട്ടനും, ജോസഫ് മാത്യവും, ഡ്രൈവര്‍ അര്‍ജുനനും, ഗണ്‍മാന്‍ ആന്റണിയും വരെ എല്ലാവരും അയല്‍ വീട്ടുകാരെ പോലെ അടുപ്പമുള്ളവര്‍. അടുപ്പത്തിന് കാരണം പി.എ. സുരേഷ് ആയിരുന്നു. ഞങ്ങള്‍ സമാന കാലത്ത് രണ്ട് ജില്ലകളില്‍ എസ്.എഫ്.ഐയുടെ സഹഭാരവാഹികളും, പാലക്കാട്ടെ സഹകരണ പരിശീലന കോളേജില്‍ സഹപാഠികളുമായിരുന്നു.

‘എടാ വി.എസ് പറഞ്ഞൊരു കേസാണ്, പാലൊളി സഖാവിനോടൊന്ന് പറയണം’ എന്ന് പറഞ്ഞ് സുരേഷിന്റെ വിളികള്‍ വരും. പാലൊളി സഖാവിനോടു വി.എസ്. പറഞ്ഞതാണെന്ന് മാത്രം പറഞ്ഞാല്‍ മതിയായിരുന്നു. ബാക്കിയെല്ലാം നടന്നു കഴിഞ്ഞിരിക്കും. ദര്‍ബാര്‍ ഹാളിലെ ഒരു യോഗത്തിനിടെ പെട്ടെന്ന് പാലൊളി സഖാവിന് ബോധം നഷ്ടപ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് നിമിഷം കഴിഞ്ഞപ്പോള്‍ ആദ്യമെത്തിയത് വി.എസ് ആയിരുന്നു.

ഒരു പാട് മനുഷ്യരെയും കൊണ്ട് അദ്ദേഹത്തെ കണ്ടിട്ടുണ്ട്. പലരുടേയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടിട്ടുണ്ട്. അഞ്ച് വര്‍ഷം എല്ലാ ബുധനാഴ്ചയും രാവിലെ ക്യാബിനറ്റ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ഓഫീസില്‍ നിന്നിറങ്ങി മീറ്റിങ്ങ് ഹാളിലേക്ക് വി.എസ് നടന്നു വരുമ്പോള്‍ അത്ഭുതാദരങ്ങളോടെ തൊട്ടുത്ത് നിന്ന് കാണും. ഓരോ തവണയും, ആദ്യമായി കാണുന്നതുപോലെ വി.എസിനെ നോക്കി നിന്നിട്ടുണ്ട്.

ഇന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ജങ്ഷനില്‍ വെച്ച് അവസാനമായി കണ്ടു. ആദ്യമായി കാണുന്നതു പോലെ ഇന്നും നോക്കി നിന്നു.ആദ്യമായി ആ മുദ്രാവാക്യം വിളിച്ചു ‘കണ്ണേ കരളേ വി എസ്സേ, ഞങ്ങടെ ചങ്കിലെ തീക്കനലേ’ കണ്ണു നിറഞ്ഞൊഴുകി. നന്നായൊന്നു കരഞ്ഞു.

ഇ.എം.എസിനെ കണ്ടു, നായനാരെ കണ്ടു, വി.എസിനെ കണ്ടു. ഈ ചെറിയ ജീവിതത്തില്‍ ഇത്രയും തന്നെ ധാരാളം. തങ്ങള്‍ക്ക് കൂടി ജീവിക്കാന്‍ പാകത്തില്‍ ഈ നാടിനെ പരുവപ്പെടുത്തിയ, മരണത്തെ മുഖാമുഖം കണ്ട് സമരം നയിച്ച ഒരു മനുഷ്യന്‍ യാത്രയാവുകയാണെന്ന് പറഞ്ഞാണ് മുഹമ്മദ് ബഷീര്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

Content Highlight: V.S. Achuthanandan playing shuttlecock with gunmen at the age of 82; Paloli Muhammed Kutty’s P.A shares memories