V. S. Achuthanandan; സാമൂഹ്യസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കും വേണ്ടി ജീവിതം സമര്‍പ്പിച്ചയാള്‍: പ്രധാനമന്ത്രി
V.S. Achuthanandan
V. S. Achuthanandan; സാമൂഹ്യസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കും വേണ്ടി ജീവിതം സമര്‍പ്പിച്ചയാള്‍: പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st July 2025, 7:03 pm

ന്യൂദല്‍ഹി: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മരണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ ദുഖമുണ്ടെന്നും തന്റെ ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ സാമൂഹ്യസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കും വേണ്ടി സമര്‍പ്പിച്ചയാളാണ് വി.എസ് എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇരുവരും സംസ്ഥാന മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഇടപെടലുകളും മോദി തന്റെ അനുശോചനക്കുറിപ്പിലൂടെ ഓര്‍ത്തെടുത്തു. ഈ ദുഖകരമായ സമയത്ത് എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും അനുയായികളോടൊപ്പമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വി.എസിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയില്‍ ആഴത്തില്‍ പതിഞ്ഞ ഒരു വിപ്ലവ പാരമ്പര്യമായിരുന്നു വി.എസിന്റേതെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച അനുശോചന കുറിപ്പില്‍ സ്റ്റാലിന്‍ പറഞ്ഞു.

വിപ്ലവ സൂര്യന്റെ വേര്‍പാടില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സി.പി.ഐ.എമ്മിനും സഖാക്കള്‍ക്കും കേരള ജനതയ്ക്കും തന്റെ അനുശോചനമറിയിക്കുന്നതായും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

വി.എസ്. അച്യുതാനന്ദനോടുള്ള ആദരസൂചകമായി നാളെ (ചൊവ്വ) സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും ഉണ്ട്.

സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

അതേസമയം വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം ഇന്ന് (തിങ്കളാഴ്ച്ച) എ.കെ.ജി സെന്ററില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രാത്രിയോടെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ (22-07-25)രാവിലെ ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനം അനുവദിക്കും. ദര്‍ബാര്‍ഹാളില്‍വെച്ച് ഔദ്യോഗികമായ യാത്രയയപ്പ് നല്‍കും.

തുടര്‍ന്ന് ദേശീയപാത വഴി ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലേക്ക് രാത്രിയോട് എത്തിച്ചേര്‍ന്ന ശേഷം മറ്റന്നാള്‍ രാവിലെ പാര്‍ട്ടി ജില്ല കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കും.

Content Highlight: V.S. Achuthanandan dedicated his life to social service and the progress of Kerala: Narendra Modi