പൂര്‍ണ വസ്ത്രം ധരിച്ചുകൊണ്ട് സൂംബ ഡാന്‍സ് ചെയ്യാമെങ്കില്‍ എന്തിനാണ് അല്‍പ്പവസ്ത്രമാക്കുന്നത്? വി. മുരളീധരന്‍
Kerala News
പൂര്‍ണ വസ്ത്രം ധരിച്ചുകൊണ്ട് സൂംബ ഡാന്‍സ് ചെയ്യാമെങ്കില്‍ എന്തിനാണ് അല്‍പ്പവസ്ത്രമാക്കുന്നത്? വി. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th June 2025, 3:54 pm

തിരുവനന്തപുരം: സൂംബ ഡാന്‍സ് വിവാദത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് വി. മുരളീധരനും. കേരളത്തിലെ സാമൂഹിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായിട്ടുള്ള പരിഷ്‌ക്കാരമാണ് സ്‌കൂളില്‍ നടപ്പിലാക്കേണ്ടതെന്നും ഏത് വസ്ത്രവും ധരിച്ചുകൊണ്ട് സൂംബ ഡാന്‍സ് ചെയ്യാമെങ്കില്‍ എന്തിനാണ് അല്‍പ്പവസ്ത്രമാക്കുന്നതെന്നും ബി.ജെ.പി നേതാവ് ചോദിച്ചു.

അല്‍പ്പവസ്ത്രമാണോ അതോ പൂര്‍ണ വസ്ത്രമാണോ സൂംബ ഡാന്‍സിന് ഉപയോഗിക്കുന്നതെന്ന് തനിക്ക് ശരിയായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയില്‍ എവിടെയും കണ്ടിട്ടില്ലാത്ത സൂംബയെ എവിടെ നിന്ന് പൊക്കിക്കൊണ്ട് വന്നുവെന്ന് എനിക്കറിയില്ല. മതസംഘടനകള്‍ ഫത്‌വ പുറപ്പെടുവിക്കുമ്പോള്‍ അതിനനുസരിച്ച് വിദ്യാഭ്യാസ വകുപ്പിന് നടപടിയെടുക്കേണ്ടതിന്റെ സാഹചര്യം വരളെ അസ്വസ്ഥാജനകമാണ്. അങ്ങനെ ഫത്‌വകള്‍ക്ക് അനുസരിച്ച് തീരുമാനം എടുക്കേണ്ട സാഹചര്യം അപകടകരമായിട്ടുള്ള ഒരു ദിശയിലേക്കായിരിക്കും കേരളത്തിനെ കൊണ്ടുപോവുന്നത്,’ വി. മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കാവിക്കൊടിയേന്തിയ സ്ത്രീ വിവാദത്തില്‍ രാജ്ഭവനെ വിമര്‍ശിച്ച എസ്.എഫ്.ഐ നിലപാടിനേയും വി. മുരളീധരന്‍ വിമര്‍ശിച്ചു. എസ്.എഫ്.ഐക്കാര്‍ക്ക് ചരിത്രം അറിയാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും കമ്യൂണിസ്റ്റുകാര്‍ക്ക് പൊതുവെ ചരിത്രമറിയില്ലെന്നും അതിനാല്‍ എസ്.എഫ്.ഐക്കാര്‍ ചരിത്രം പഠിക്കണമെന്നും മുരളീധര്‍ കൂട്ടിച്ചേര്‍ത്തു.

എസ്.എഫ്.ഐക്കാര്‍ക്ക് അഭിനേന്ദ്ര നാഥ ടാഗോര്‍ ആരാണെന്ന് അറിയില്ലെന്നും ബങ്കിം ചന്ദ്ര ചാറ്റാര്‍ജിയെ അറിയില്ലെന്നും മുരളീധരന്‍ പരിഹസിച്ചു. ഭഗത് സിങ് പോലും ഭാരത് മാതാ കീ ജയ്  വിളിച്ചിരുന്നെന്നും ഭാരത് മാതാ കീ ജയ് വിളിക്കുന്നത് ബ്രിട്ടീഷുകാരുടെ കാലത്ത് രാജ്യദ്രോഹമായിരുന്നെന്നും പക്ഷെ സ്വതന്ത്ര ഇന്ത്യയില്‍ അത് രാജ്യദ്രോഹമാകുന്നതെങ്ങനെയെന്ന് തനിക്ക് അറിയില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

അതേസമയം സൂംബ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനെ അനുകൂലിച്ച് രംഗത്തെത്തി. ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കുന്ന കാലമാണെന്നും ആരോഗ്യസംരക്ഷണത്തിനുള്ള ഇത്തരം ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും സൂംബക്ക് യൂത്ത് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

സൂംബ നൃത്തം പഠിപ്പിക്കുന്നതില്‍ എം.എസ്.എഫിന്റെ എതിര്‍പ്പ് ശ്രദ്ധയില്‍ പെട്ടില്ലെന്നും എം.എസ്.എഫിന് അങ്ങനെ ഒരു നിലപാട് ഉണ്ടെങ്കില്‍ അത് അവരുടെ സ്വതന്ത്ര നിലപാടാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: V. Muraleedharan’s response on teaching Zumba dance at school