കൊച്ചി: വന്ദേ ഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ ചാരക്കേസില്‍ പിടിയിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര പങ്കെടുത്തത് താന്‍ ക്ഷണിച്ചിട്ടല്ല എന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന്‍.
ഈ വിവാദത്തിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിന് രക്ഷപ്പെടാനാണെന്നും മുരളീധരന്‍ പറഞ്ഞു. ഇത്തരം പ്രചാരങ്ങള്‍ കൊണ്ടൊന്നും ബി.ജെ.പിയെ പ്രതിരോധത്തിലാക്കാന്‍ സാധിക്കില്ലെന്നും മുന്‍ കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജ്യോതി മല്‍ഹോത്രയെ പണം കൊടുത്ത് കൊണ്ടുവന്നു എന്ന വിവരം പുറത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയായിരുന്നു. അതിനാലാണ് പഴയ വാര്‍ത്തകള്‍ വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ അറസ്റ്റിലായ ജ്യോതി തന്റെ വ്‌ളോഗിലൂടെ മുരളീധരനൊപ്പമുള്ള യാത്രയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുകയും ചെയ്തിരുന്നു.
സംസ്ഥാന ടൂറിസം പ്രൊമോഷന്റെ ഭാഗമായി ജ്യോതി മല്‍ഹോത്രയെ ടൂറിസം വകുപ്പ് ക്ഷണിച്ചെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പി വിഷയം രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവിനൊപ്പമുള്ള ചാരക്കേസ് പ്രതിയുടെ ചിത്രം സജീവ ചര്‍ച്ചാ വിഷയമായതോടെ ബി.ജി.പി പരുങ്ങലിലായിരിക്കുകയാണ്.
ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയതില്‍ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പ്രതികരിച്ചിരുന്നു.
നിലവില്‍ ബി.ജെ.പിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പ്രചാരണം യഥാര്‍ത്ഥത്തില്‍ ദോഷകരമായി ബാധിക്കാന്‍ പോകുന്നത് കേരളത്തിലെ വിനോദ സഞ്ചാരമേഖലയെയാണെന്ന് മന്ത്രി പറഞ്ഞു
എന്തുകൊണ്ട് പ്രസ്തുത യൂട്യൂബര്‍ സന്ദര്‍ശിച്ച മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാര്‍ രാജിവെക്കണമെന്ന് ആരും പറയുന്നില്ലെന്നും ഇത് വ്യക്തിയെ മാത്രം ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്‍ഫ്ളുവന്‍സേഴ്സ് കേരളത്തിലേക്ക് വന്ന് നമ്മുടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്നത് ടൂറിസം മേഖലയ്ക്ക് ഗുണകരമാണ്. അത് കാലങ്ങളായി തുടര്‍ന്ന് വരുന്ന രീതിയാണ്. ഇതിനായുള്ള ഇന്‍ഫ്ളുവന്‍സേഴിസിനെ തെരഞ്ഞെടുക്കുന്നത് എം പാനലിനുള്ള ഏജന്‍സിയാണ്. അതില്‍ മന്ത്രിക്ക് ഉത്തരവാദിത്തമില്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് ബോധപൂര്‍വമുള്ള ഒരു അപവാദം സൃഷ്ടിക്കലാണ്,’ മന്ത്രി റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു.
ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നത് ജനുവരി മാസമാണ്. അന്ന് ഇവര്‍ ഇത്തരത്തില്‍ അപകടകാരിയാണെന്ന് സംസ്ഥാന സര്‍ക്കാരിന് അറിയില്ലായിരുന്നുവെന്നും വിവരം തരേണ്ടിയിരുന്ന ദേശീയ ഏജന്‍സികള്‍ ഒരു വിവരവും തന്നിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്‍ഫ്ളുവന്‍സര്‍മാരുടെ സ്വഭാവം എന്താണെന്നും ഭാവിയില്‍ ഇവര്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നൊന്നും ദൂരകാഴ്ച്ചയിലൂടെ കാണാന്‍ ടൂറിസം എം പാനലിലെ ഏജന്‍സിയോ സംസ്ഥാന സര്‍ക്കാരോ മമ്മൂട്ടിയുടെ അയ്യര്‍ ദി ഗ്രേറ്റിലെ സൂര്യ നാരായണ അയ്യര്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവര്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലെ കുംഭമേളയ്ക്ക് പോയിട്ടുണ്ട്. ബി.ജെ.പി യോഗിക്കെതിരെ അന്വേഷണം വേണമെന്ന് പറയുമോയെന്നും സംസ്ഥാനത്തെ ടൂറിസം മന്ത്രി രാജിവെക്കണമെന്ന് പറയുമോയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ ടൂറിസം സര്‍വകാല റെക്കോര്‍ഡ് സഞ്ചാരികളുമായി മുന്നോട്ട് കുതിക്കുമ്പോള്‍ ഇത്തരം അപവാദങ്ങള്‍ ബാധിക്കുന്നത് സംസ്ഥാനത്തെ ടൂറിസം മേഖലയെ തന്നെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlight: V Muraleedharan on Jyothi Malhotra controversy