തിരുവനന്തപുരം: രാഷ്ട്രീയക്കാരന്‍ അഴിമതിക്കാരനാണെങ്കില്‍ അവനെ ഒറ്റപ്പെടുത്തണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി നേതാവ് വി. മുരളീധരന്‍.
ബി.ജെ.പി നേതാവ് എം.ടി രമേശ് ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴവിവാദം പുറത്തുവരുന്നതിന്റെ ഒരു ദിവസം മുന്‍പാണ് അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി വി. മുരളീധരന്‍ രംഗത്തെത്തുന്നത്.
അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ ഗൂഢാലോചനയുടെ ഫലമാണിത് എന്ന് വാദിച്ചു രക്ഷപ്പെടെന്നും അഴിമതിക്കാരെ സ്വന്തം പാര്‍ട്ടിയില്‍ തിരിച്ചറിഞ്ഞാല്‍ ഒറ്റപ്പെടുത്തണമെന്നുമായിരുന്നു മോദിയുടെ വാക്കുകള്‍ പങ്കുവെച്ച് കൊണ്ട് വി. മുരളീധരന്‍ പറഞ്ഞത്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ ഈ ആഹ്വാനം ഏറ്റവും അര്‍ത്ഥവത്തായതാണ് എന്നുപറഞ്ഞുകൊണ്ടാണ് വി. മുരളീധരന്‍ ഷെയര്‍ ചെയ്തത്.
രാജ്യത്തെ കൊള്ളയടിക്കുന്നവര്‍ക്ക് നിയമം ഒരു ശിക്ഷ അനുശാസിക്കുന്നുണ്ട്. എന്നാല്‍ ആരോപണങ്ങളെല്ലാം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വാദിക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ നമ്മള്‍ ഒറ്റക്കെട്ടായി ഇത്തരക്കാരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കോഴ വിവാദവുമായി ബന്ധപ്പെട്ട പരാതി ഒതുക്കാന്‍ ഔദ്യോഗിക നേതൃത്വം ശ്രമിച്ചെങ്കിലും വി. മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഇത് ചര്‍ച്ചയാക്കിയത്.
കോഴ വിവാദത്തില്‍ ബി.ജെ.പി നേതാവ് എം.ടി രമേശിന്റെ പേരുകൂടി ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. പാലക്കാട് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ രമേശ് മുഖേന കാശ് നല്‍കിയെന്നായിരുന്നു പരാമര്‍ശം. എന്നാല്‍ ഇക്കാര്യം രമേശ് നിഷേധിക്കുകയായിരുന്നു.
