നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണറായി പങ്കെടുക്കാത്തത് അപമാനകരം: വി. മുരളീധരന്‍
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യസഭാ എം.പിയും ബി.ജെ.പി നേതാവുമായ വി. മുരളീധരന്‍. മുഖ്യമന്ത്രിയുടെ നിലപാട് അപമാനകരമാണെന്നും വി. മുരളീധരന്‍ പറഞ്ഞു.
”രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ വിവിധ പാര്‍ട്ടിയിലുള്ള ആളുകള്‍ തമ്മിലുണ്ടാകും. അതൊക്കെയുള്ളപ്പോള്‍ തന്നെ ജനാധിപത്യ മര്യാദകള്‍ പാലിക്കുക എന്നുള്ളതാണ് സാംസ്‌കാരികപരമായ ഔന്നിത്യം കാണിക്കുന്നവര്‍ ചെയ്തുപോന്നിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും അതുണ്ടായില്ല. മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അപമാനകരമാണെന്നും” വി. മുരളീധരന്‍ പറഞ്ഞു.
പിണറായി വിജയനെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, കെ. ചന്ദ്രശേഖര്‍ റാവു, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ചത്തീസ്ഗണ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ എന്നിവരും മോജിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നുണ്ട്.
ഇന്ന് വൈകീട്ട് 7നാണ് സത്യപ്രതിജ്ഞ. വന്‍ ആഘോഷ പരിപാടിയായി സംഘടിപ്പിക്കുന്നതിനാല്‍ ദര്‍ബാര്‍ ഹാളിന് പകരം രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടക്കുന്നത്. മന്ത്രിസഭാ രൂപീകരണത്തിന് വേണ്ടിയുള്ള അന്തിമ ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുകയാണ്. മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
മോദി മന്ത്രി സഭയില്‍ മുരളീധരന്‍ കേന്ദ്രമന്ത്രിയായേക്കുമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ വസതിയില്‍ എത്താന്‍ ക്ഷണം ലഭിച്ചെന്ന് വി. മുരളീധരന്‍ പറഞ്ഞിരുന്നു.