വി.എം. വിനുവിന്റെ വോട്ട്: മറ്റ് സംസ്ഥാനങ്ങളെ വെല്ലുന്ന വോട്ട് ചോരി; സി.പി.ഐ.എമ്മിന് ജയിക്കാന്‍ വേണ്ടി ഒരുക്കിയ നാടകമെന്ന് കോഴിക്കോട് ഡി.സി.സി
Kerala
വി.എം. വിനുവിന്റെ വോട്ട്: മറ്റ് സംസ്ഥാനങ്ങളെ വെല്ലുന്ന വോട്ട് ചോരി; സി.പി.ഐ.എമ്മിന് ജയിക്കാന്‍ വേണ്ടി ഒരുക്കിയ നാടകമെന്ന് കോഴിക്കോട് ഡി.സി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th November 2025, 9:53 pm

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ വി.എം. വിനുവിന്റെ പേര് വോട്ടര്‍ ലിസ്റ്റില്‍ നിന്നും വെട്ടിയ സംഭവം വോട്ട് ചോരിയെന്ന് കോണ്‍ഗ്രസ്.

കല്ലായി ഡിവിഷനില്‍ നിന്നും മത്സരിക്കാനായി പ്രചാരണം പോലും ആരംഭിച്ച സാഹചര്യത്തിലാണ് വി.എം. വിനുവിനും ഭാര്യയ്ക്കും വോട്ടില്ലെന്ന് വ്യക്തമായത്. പുതുക്കിയ വോട്ടര്‍ പട്ടികയില്‍ നിന്നാണ് ഇരുവരുടെയും പേര് നഷ്ടമായിരിക്കുന്നത്.

അതേസമയം, മറ്റ് സംസ്ഥാനങ്ങളെ വെല്ലുന്ന വോട്ട് ചോരിയാണ് കേരളത്തില്‍ നടന്നിരിക്കുന്നതെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു.

സി.പി.ഐ.എമ്മിന് ജയിക്കാന്‍ വേണ്ടി കരുതിക്കൂട്ടി നടത്തിയ നാടകമാണിതെന്നും അദ്ദേഹം ആരോപിച്ചു.

വി.എം. വിനുവിന് വോട്ടര്‍ ഐ.ഡി കാര്‍ഡുണ്ട്. എന്നാല്‍ വോട്ടില്ല. അദ്ദേഹത്തിന് വോട്ടില്ലാത്തത് അസാധാരണ സംഭവമാണ്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ്.

ഇന്ന് തന്നെ കളക്ടറെ കാണുമെന്നും രാവിലെ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ നാല്‍പ്പതിലേറെ വര്‍ഷമായി വോട്ട് ചെയ്യുന്ന വ്യക്തിയാണ് താനെന്നാണ് വി.എം. വിനു പ്രതികരിച്ചത്. എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കല്ലായിയില്‍ നിന്നും വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെന്നും ശക്തമായ രീതിയില്‍ തന്നെയാണ് പ്രചാരണം നടത്തിയിരുന്നതെന്നും വി.എം. വിനു പറഞ്ഞു. എന്നാല്‍ മത്സരിക്കുന്നുവെന്ന് പറഞ്ഞതോടെ തന്റെ വോട്ട് നഷ്ടപ്പെട്ടു.

കോടതിയില്‍ തനിക്ക് വിശ്വാാസമുണ്ടെന്നും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എല്ലായിടത്തും പ്രചാരണത്തിനെത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

തന്റെ വോട്ടവകാശം നിഷേധിക്കാന്‍ ആര്‍ക്കാണ് അധികാരം. ഇത് ജനാധിപത്യ രാജ്യമാണോ എന്ന് തനിക്ക് സംശയമുണ്ട്. ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണിത്. സെപ്റ്റംബറിലെ കരട് വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകുമെന്നാണ് പ്രതീക്ഷ,’ വി.എം. വിനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Content Highlight: V.M. Vinu’s vote: Vote theft that surpasses other states; Kozhikode DCC says it is a drama planned for CPI(M) to win