തിരുവനന്തപുരം: കേരളത്തില്‍ മദ്യവ്യാപനത്തിനും സ്വകാര്യ കരിമണല്‍ ഖനനത്തിനും വഴിയൊരുക്കുന്ന ബജറ്റ് നിര്‍ദേശങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍.
ബജറ്റില്‍ ഭാവനാസമ്പന്നമായ പല പദ്ധതികളും ഉണ്ടെങ്കിലും, ജനവിരുദ്ധമായ ചില നിര്‍ദേശങ്ങളിലുള്ള ശക്തമായ വിയോജിപ്പും എതിര്‍പ്പും വ്യക്തമാക്കിക്കൊണ്ടാണ് സുധീരന്‍ കത്തെഴുതിയിരിക്കുന്നത്.
ബജറ്റ് അവതരിപ്പിച്ച ദിവസം തന്നെ താന്‍ ഈ വിയോജിപ്പ് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി സുധീരന്‍ ചൂണ്ടിക്കാട്ടി.
ലഹരി വ്യാപനം സംസ്ഥാനത്ത് അതിഗുരുതരമായ സാഹചര്യത്തില്‍, അതിനെതിരെ ശക്തമായ നയങ്ങള്‍ നടപ്പാക്കുമെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ ബജറ്റ് നിര്‍ദേശമെന്ന് അദ്ദേഹം ആരോപിച്ചു.
വീര്യം കുറഞ്ഞതെന്ന പേരില്‍ നടത്തുന്ന ഏതൊരു മദ്യവ്യാപനവും ആപത്കരമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) വ്യക്തമാക്കിയിട്ടുണ്ട്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതും യു.ഡി.എഫിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് വിപരീതവുമായ ഈ നിര്‍ദേശവുമായി മുന്നോട്ടു പോകരുത്.
മുന്‍ പിണറായി സര്‍ക്കാരിന്റെ നയങ്ങള്‍ വരുത്തിവെച്ച കെടുതികളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ഫലപ്രദമായ ജനപക്ഷ മദ്യനയം എത്രയും പെട്ടെന്ന് രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധാതുമണല്‍ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപത്തിന് കളമൊരുക്കുന്ന ബജറ്റ് നിര്‍ദേശം ആലപ്പുഴയിലെ തീരദേശ ജനതയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി.
ആലപ്പുഴ തീരത്തെ സര്‍വനാശത്തിലേക്ക് എത്തിക്കുന്ന സ്വകാര്യ കരിമണല്‍ ഖനനത്തിന് അക്കാലത്തെ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ അനുമതി വലിയ ജനകീയ പ്രതിരോധത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്. 2003 ജൂണ്‍ 16ന് വലിയഅഴിക്കല്‍ മുതല്‍ ആലപ്പുഴ വരെ ജനങ്ങള്‍ തീര്‍ത്ത ‘മനുഷ്യക്കോട്ട’ ഇതിന്റെ ഭാഗമായിരുന്നു.
കുട്ടനാട്ടിലെ പ്രളയ പരിഹാരമെന്ന വ്യാജേന, പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവില്‍ മുന്‍ പിണറായി സര്‍ക്കാര്‍ തോട്ടപ്പള്ളിയില്‍ നടത്തിയ ഖനനം സ്വകാര്യ ലോബിയെ സഹായിക്കാന്‍ മാത്രമായിരുന്നു. ഇതിനെതിരെയുള്ള എല്ലാ ഉത്തരവുകളും റദ്ദാക്കണം. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഖനനം ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍, ഖനന ലോബിയുടെ താത്പര്യപ്രകാരമാണ് നിലവിലെ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുള്ളതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അതിനാല്‍ അര്‍ഹതപ്പെട്ട വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി കമ്മിറ്റി പുനസംഘടിപ്പിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
കരിമണല്‍ കര്‍ത്താക്കന്മാര്‍ക്ക് ആലപ്പുഴ തീരം തീറെഴുതാനുള്ള ഒരു നീക്കവും ജനങ്ങള്‍ വളരെയേറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഈ സര്‍ക്കാരില്‍ നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ബജറ്റിലെ ഈ രണ്ടു വിവാദ നിര്‍ദേശങ്ങളും പിന്‍വലിച്ച് തീരദേശ ജനതയുടെയും കേരള പൊതുസമൂഹത്തിന്റെയും താത്പര്യം സംരക്ഷിക്കണമെന്ന് സുധീരന്‍ കത്തില്‍ അഭ്യര്‍ത്ഥിച്ചു.
വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, എക്‌സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
Content highlight: V.M. Sudheeran has written a letter to the Chief Minister demanding the withdrawal of budget proposals that pave the way for liquor distribution and private black sand mining in Kerala.