പാലക്കാട്: ലൈംഗികാരോപണ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളാതെ വി.കെ. ശ്രീകണ്ഠന്‍ എം.പി. രാഹുലിനെതിരായ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയ അദ്ദേഹം മാധ്യമങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ എന്ന ചോദ്യത്തിന് മറുപടി നല്‍കാനും അദ്ദേഹം തയ്യാറായില്ല. കാര്യങ്ങള്‍ നിയമപരമായി മുമ്പോട്ട് പോകട്ടെ എന്നാണ് ശ്രീകണ്ഠന്‍ പറഞ്ഞത്.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക പരിപാടികളിലൊന്നും സസ്പെന്‍ഷന് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ പങ്കെടുക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം താത്പര്യപ്രകാരമാണെന്നും കോണ്‍ഗ്രസ് എം.പി പറഞ്ഞു.
ഇതിനിടെ യുവതിയുടെ പരാതിയുടെ പിന്നാലെ കാണാതായ രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയെന്ന ചോദ്യത്തിന് ‘അദ്ദേഹത്തിന്റെ പി.എ അല്ല ഞാന്‍ എന്ന മറുപടി’യാണ് വി.കെ. ശ്രീകണ്ഠന്‍ നല്‍കിയത്.
യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നേരത്തെ പരാതി നല്‍കാതിരുന്ന യുവതി ഇപ്പോള്‍ പരാതി നല്‍കാന്‍ കാരണം തെരഞ്ഞെടുപ്പാണെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഏതെങ്കിലും കള്ളക്കേസ് ഉണ്ടാക്കിയെടുക്കുക എന്നതാണ് എല്‍.ഡി.എഫിന്റെ രീതിയെന്നും യു.ഡി.എഫ് കണ്‍വീനര്‍ കുറ്റപ്പെടുത്തി.