ആ ചര്‍ച്ചകള്‍ക്ക് ഇനി വിട; വി.കെ പ്രശാന്ത് വെള്ളിയാഴ്ച മേയര്‍ സ്ഥാനം രാജിവെക്കും, ആരാകും പകരക്കാരന്‍ ?
Kerala
ആ ചര്‍ച്ചകള്‍ക്ക് ഇനി വിട; വി.കെ പ്രശാന്ത് വെള്ളിയാഴ്ച മേയര്‍ സ്ഥാനം രാജിവെക്കും, ആരാകും പകരക്കാരന്‍ ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2019, 8:39 pm

തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് വിജയിച്ച് നിയമസഭയിലേക്കു പോകുന്ന സാഹചര്യത്തില്‍ ഇനി കോര്‍പ്പറേഷനെ ആരു നയിക്കുമെന്ന എന്ന ചോദ്യം ഉയരുകയാണ്.എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ രണ്ടു സ്ഥാനവും ഒരുമിച്ച് വഹിക്കാന്‍ പറ്റുമോ എന്ന് സി.പി.ഐ.എം നിയമോപദേശം തേടിയിരുന്നു. മേയര്‍ സ്ഥാനത്ത് പ്രശാന്ത് തന്നെ തുടരുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ രണ്ടു സ്ഥാനങ്ങളും ഒരുമിച്ച് വഹിക്കാന്‍ പറ്റില്ലെന്നാണ് സി.പി.ഐ.എമ്മിന് നിയമോപദേശം ലഭിച്ചത്.

വെള്ളിയാഴ്ചയാണ് മേയര്‍ സ്ഥാനം വി.കെ പ്രശാന്ത് രാജി വെക്കുന്നത്.കോര്‍പ്പറേഷനിലെ എല്‍.ഡി.എഫ് പാര്‍ലമെന്ററി സെക്രട്ടറി കെ. ശ്രീകുമാര്‍ മേയറാകാനാണ് സാധ്യത. സി.ഐ.ടി.യു ജില്ലാകമ്മിറ്റി അംഗവും സി.പി.ഐ.എം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗവുമാണ് ശ്രീകുമാര്‍.

മാത്രവുമല്ല ഭരണസമിതി ചുമതലയേറ്റപ്പോള്‍ പ്രശാന്തും ശ്രീകുമാറും മേയര്‍ സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടണമെന്നായിരുന്നു തീരുമാനിച്ചത്.  പിന്നീട് ഈ തീരുമാനം വേണ്ടെന്ന് വെക്കുകയായിരുന്നു.

പി. ബാബുവാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു വ്യക്തി. സി.പി.ഐ.എം പാളയം ഏരിയാ   കമ്മിറ്റി അംഗമാണ് പി.ബാബു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സി.പി.ഐ.എം ജില്ലാകമ്മിറ്റി അംഗവും മരാമത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ എസ്. പുഷ്പലതയാണ് പരിഗണനയിലുള്ള മറ്റൊരു പേര്.

ഇനി ഒരു വര്‍ഷം മാത്രം ഭരണകാലാവധി ഉള്ള സാഹചര്യത്തില്‍ സ്മാര്‍ട്ട് സിറ്റി, കിള്ളിയാര്‍ ശുചീകരണം തുടങ്ങിയ പല പദ്ധതികളും പൂര്‍ത്തിയാക്കാനുണ്ട്.

14251 വോട്ടിനാണ് പ്രശാന്തിന്റെ ജയം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എല്‍.ഡി.എഫ്,  ഉപതെരഞ്ഞെടുപ്പില്‍ അതിശയിപ്പിക്കുന്ന ജയത്തിലേക്കാണ് എത്തിയത്.