തലസ്ഥാനത്ത് ഇനി വി.ജെ.ടി ഹാളില്ല; അയ്യന്‍കാളിയുടെ പേര് നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Kerala News
തലസ്ഥാനത്ത് ഇനി വി.ജെ.ടി ഹാളില്ല; അയ്യന്‍കാളിയുടെ പേര് നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2019, 6:23 pm

തലസ്ഥാന നഗരിയിലെ പ്രസിദ്ധമായ വി.ജെ.ടി ഹാള്‍ ഇനി ആ പേരില്‍ അല്ല അറിയപ്പെടുക. അയ്യന്‍കാളിയുടെ പേരിലാണ്. അയ്യന്‍കാളിയുടെ ജന്മവാര്‍ഷിക ദിനമായ ഇന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

കേരള ദളിത് ഫെഡറേഷന്‍ സംഘടിപ്പിച്ച അയ്യന്‍കാളി ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യവേ ആണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടന്നത്. ശ്രീമൂലം പ്രജാസഭ സമ്മേളിച്ചിരുന്നത് വി.ജെ.ടി ഹാളിലായിരുന്നു. ഈ ഹാളില്‍ നിന്നുകൊണ്ടാണ് ദളിത് ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി അയ്യങ്കാളി ശബ്ദമുയര്‍ത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശ്രീമൂലം പ്രജാസഭയില്‍ അയ്യങ്കാളി നടത്തിയ നിരവധി ഇടപെടലുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അയ്യങ്കാളിയുടെ പേര് വി.ജെ.ടി ഹാളിന് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിക്ടോറിയ ജൂബിലി ടൗണ്‍ഹാള്‍ എന്നാണ് വി.ജെ.ടി ഹാളിന്റെ പൂര്‍ണ്ണരൂപം.