സ്വപ്നയെ പ്രാഥമികമായി അവിശ്വസിക്കേണ്ട കാര്യമില്ല: വി.ഡി. സതീശന്‍
Kerala News
സ്വപ്നയെ പ്രാഥമികമായി അവിശ്വസിക്കേണ്ട കാര്യമില്ല: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th March 2023, 4:04 pm

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിലൂടെ ഉന്നയിച്ച പുതിയ ആരോപണങ്ങളില്‍ പ്രാഥമികമായി അവരെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്വപ്‌ന തെറ്റായിട്ടുള്ള കാര്യമാണ് പറയുന്നതെങ്കില്‍ സര്‍ക്കാര്‍ നിയമനടപടിക്ക് ഒരുങ്ങണമെന്നും സതീശന്‍ പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഇതിന് മുമ്പും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയില്‍ സ്വപ്നയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമം നടത്തിയിട്ടുണ്ടെന്നും അതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

‘ഷാജ് കിരണ്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ പേര് സ്വപ്‌ന വെളിപ്പെട്ടുത്തിയപ്പോള്‍, ആ മാധ്യമപ്രവര്‍ത്തകന്‍ ഇതുപോലെ വന്ന് നിഷേധിച്ചിരുന്നു. പിന്നാലെ ഉന്നത
പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാള്‍ക്ക് നിര്‍ദേശം നല്‍കുന്ന തെളിവുകളും പുറത്തുവന്നതാണ്.

സ്വപ്‌ന എത്രയോ വെളിപ്പെടുത്തലുകള്‍ നടത്തി. എന്നിട്ട് എന്ത് നിയമ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പേടിയാണ്, അങ്ങനെ ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു പറയുമോ എന്ന ഭയമാണ്,’ സതീശന്‍ പറഞ്ഞു.

തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ അതിനെ നേരിടാന്‍ നിയമപരമായിത്തന്നെ മുഖ്യമന്ത്രിക്ക് ഒരുപാട് പ്രിവിലേജുണ്ടെന്നും അദ്ദേഹം അത് ഉപയോഗിക്കണമെന്നും സതീശന്‍ പറഞ്ഞു.

‘ഇതിന് മുമ്പ് സ്വപ്‌ന മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഒരു ഡിഫമേഷന്‍ നോട്ടീസ് പോലും അയക്കാത്തതെന്താണ്.

 

കാലപാഹ്വാനം എന്നൊക്കെ പറഞ്ഞ ഒരു കേസ് മുമ്പ് എടുത്തിരുന്നു. അത് കള്ളക്കേസാണ്. മുഖ്യമന്ത്രിക്ക് പ്രിവില്ലേജുണ്ട്. ആരോപണം ഉന്നയിക്കുന്ന വ്യക്തികള്‍ക്കെതിര പബ്ലിക്ക് പ്രോസിക്യൂഷന് വേണമെങ്കില്‍ കേസെടുക്കാം. സ്വപ്‌ന ഇപ്പോള്‍ ആരോപിക്കപ്പെട്ട വ്യക്തിയുമായി ഒരു ബന്ധവുമില്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും എം.വി. ഗോവിന്ദനും ഉണ്ട്,’ സതീശന്‍ പറഞ്ഞു.

അതേസമയം, ബ്രഹ്മപുരത്തെ തീ അണയ്ക്കാന്‍ സര്‍ക്കാര്‍ ആധുനിക മാര്‍ഗങ്ങള്‍ തേടുന്നില്ലെന്നും ഒമ്പത് ദിവസമായി സര്‍ക്കാര്‍ എന്ത് ചെയ്യുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.