ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും മന്ത്രിമാരും 44 ദിവസം ഇങ്ങനെ മാറിനിന്നിട്ടുണ്ടോ; കേരളം നാഥനില്ലാ കളരിയായി: വി.ഡി. സതീശന്‍
Kerala News
ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും മന്ത്രിമാരും 44 ദിവസം ഇങ്ങനെ മാറിനിന്നിട്ടുണ്ടോ; കേരളം നാഥനില്ലാ കളരിയായി: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th December 2023, 2:24 pm

ന്യൂദല്‍ഹി: കേരളം വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയ്ക്ക് പോയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളം ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ധനകാര്യമന്ത്രി എങ്കിലും തലസ്ഥാനത്ത് ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പെന്‍ഷനും ശമ്പളവും സാമൂഹിക സുരക്ഷാ പദ്ധതികളും താറുമാറായി കിടക്കുകയാണെന്നും സെക്രട്ടറിയേറ്റിലെ പല കസേരകളിലും ഉദ്യോഗസ്ഥരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നികുതി വെട്ടിപ്പുകാരുടെ പറുദീസയാണ് കേരളം. കേരളത്തില്‍ ആര്‍ക്കും എന്തും കൊണ്ടുവന്നു വില്‍ക്കാം. പലിശ പിരിക്കാനുള്ള സംവിധാനം ഒന്നു ഇവിടെ ഇല്ല. ധനകാര്യമന്ത്രിമാര്‍ സെക്രട്ടറിയേറ്റില്‍ ഉണ്ടാകേണ്ടതാണ്. ഇവിടെ ധനകാര്യമന്ത്രി 44 ദിവസത്തെ യാത്രയ്ക്ക് പോയിരിക്കുകയാണ്. നേരത്തെ ട്രഷറിയില്‍ 5 ലക്ഷം പരിധി വരെയുള്ള ചെക്കുകള്‍ പാസായപ്പോള്‍ ഇപ്പോള്‍ ഒരു ലക്ഷത്തിന്റെ ചെക്കേ പാസാകുന്നുള്ളൂ. അക്ഷരാര്‍ത്ഥത്തില്‍ ട്രഷറി അടഞ്ഞുകിടക്കുകയാണ്. ദയവുചെയ്ത് ധനകാര്യമന്ത്രിയേയെങ്കിലും സെക്രട്ടറിയേറ്റിലേക്ക് അയക്കണമെന്നാണ് എനിക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളത്.

കേരളം നശിച്ച് കൊണ്ടിരിക്കുകയാണ് വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. കരാറുകാര്‍ക്ക് പണം നല്‍കുന്നില്ല. അതുകൊണ്ട് അവര്‍ പണിയെടുക്കുന്നില്ല. പെന്‍ഷന്‍ ശമ്പളവും നല്‍കുന്നില്ല. സാമൂഹ്യ സുരക്ഷാ പദ്ധതികളും വികസന പദ്ധതികളും താളം തെറ്റിക്കുകയാണ്. എന്നിട്ടാണ് മുഖ്യമന്ത്രി മന്ത്രിമാരെയും കൊണ്ട് ടൂര്‍ പോയിരിക്കുന്നത്. കേരള സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്ത് നിന്ന് ഇതുപോലെ മാറിനിന്നിട്ടുണ്ടോ? സെക്രട്ടറിയേറ്റില്‍ പല ഉദ്യോഗസ്ഥരും ലീവിലാണ്. കേരളം നാഥനില്ലാ കളരിയാണ്. അരാജകത്വമാണ്. ദയനീയമായ അവസ്ഥയിലാണ് കേരളം,’ വി.ഡി. സതീശന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

CONTENT HIGHLIGHT : V.D Satheeshan against kerala government