യു.ജി.സി നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
Kerala News
യു.ജി.സി നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th January 2025, 1:17 pm

തിരുവനന്തപുരം: യു.ജി.സി നിയമഭേദഗതിക്കെതിരെ നിയമസഭാ പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് കത്തയച്ചു.

നിയമസഭാ പ്രമേയത്തെ തങ്ങള്‍ പിന്തുണക്കുമെന്നാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ അറിയിച്ചത്. സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളെയും നിയമനത്തിലെ നിയമഭേദഗതിക്കെതിരെയാണ് സര്‍ക്കാരും പ്രതിപക്ഷവും ഒരേ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

നേരത്തെ മുഖ്യമന്ത്രിയും സി.പി.ഐ.എം പോളിറ്റ് ബ്യൂറോയും സമാനമായ തീരുമാനം എടുത്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിപക്ഷ നേതാവും യു.ജി.സി കരടിനെതിരെ രംഗത്തെത്തിയത്. വിഷയവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാനും സാധ്യമായ വഴികളിലൂടെ പ്രതിഷേധം സംഘടിപ്പിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

യു.ജി.സി പുറത്തിറക്കിയ മാര്‍ഗരേഖ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് മാര്‍ഗരേഖയെ ചോദ്യം ചെയ്തുകൊണ്ട് നിയമപ്രകാരം മുന്നോട്ട് പോകാനാണ് സംസ്ഥാനത്തിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മറ്റു സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് നിയമപ്രകാരം മുന്നോട്ട് പോകാനുള്ള വകുപ്പുതല ചര്‍ച്ചകളും നടക്കുന്നുണ്ട്. നിയമോപദേശം ലഭിച്ച ശേഷം നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.

അതേസമയം വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ചാന്‍സിലര്‍ക്ക് പരമാധികാരം നല്‍കുന്ന മാര്‍ഗരേഖയ്ക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ വ്യാഴാഴ്ച പ്രമേയം പാസാക്കിയിരുന്നു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങളെ ബി.ജെ.പി സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രമേയത്തില്‍ പറഞ്ഞിരുന്നു. പ്രതിപക്ഷമായ എ.ഐ.ഡി.എം.കെയും പ്രമേയത്തെ പിന്തുണച്ചിരുന്നു.

അക്കാദമിക പരിചയമില്ലാത്തവര്‍ക്ക് വൈസ് ചാന്‍സിലറാകാമെന്നും സെര്‍ച്ച് കമ്മറ്റി രൂപീകരിച്ച് വി.സിയെ ചാന്‍സിലര്‍ക്ക് നേരിട്ട് നിയമിക്കാമെന്നുമുള്‍പ്പെടെയുള്ള പരിഷ്‌ക്കരണങ്ങളാണ് യു.ജി.സി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നത്.

അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ക്ക് നെറ്റ് ആവശ്യമില്ലെന്നും ബിരുദത്തിന് 75 ശതമാനം മാര്‍ക്കോ ബിരുദാനനന്തര ബിരുദത്തിന് 65 ശതമാനം മാര്‍ക്കോ മതിയെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.

Content Highlight: V.D.Satheesan wants the Assembly to pass a resolution against the UGC Act Amendment