തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തന്നെ വെല്ലുവിളിച്ചുകൊണ്ടുള്ള ചോദ്യമായിരുന്നു അതെന്നും ആ വെല്ലുവിളി ഏറ്റെടുക്കുക മാത്രമാണ് ചെയ്തത് എന്നുമായിരുന്നു സതീശന്‍ പറഞ്ഞത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല കോണ്‍ഗ്രസ് നേതാക്കളും ചോദിക്കുന്നത് 85-90 സീറ്റ് കിട്ടിയാലും ഭരിക്കാമെന്നിരിക്കേ എന്തിനാണ് ഈ നൂറ് സീറ്റ് കിട്ടിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പറയുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘നൂറ് സീറ്റ് കിട്ടിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പറഞ്ഞത്, തിളക്കമാര്‍ന്ന വിജയം നേടി യു.ഡി.എഫിനെ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ – സാങ്കല്‍പികമായ ചോദ്യമാണ് – യു.ഡി.എഫ് തകര്‍ന്നാല്‍, പിന്നെ ഞാന്‍ അധികാരത്തിന് വേണ്ടി പിടിച്ചുനില്‍ക്കില്ല. ഇത് വ്യക്തിപരമായ തീരുമാനമാണ്,’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘അത് എന്നെ വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു ചോദ്യമായിരുന്നു. താങ്കള്‍ യു.ഡി.എഫിനെ ജയിപ്പിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമോ എന്ന്. ആ വെല്ലുവിളി ഞാന്‍ ഏറ്റെടുത്തതാണ്. ഞാന്‍ അതില്‍ പതറിക്കഴിഞ്ഞാല്‍, അതിന് മറുപടി പറയാതെ ഉരുണ്ടുകളിച്ചുകഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമില്ല എന്ന് തോന്നും. പ്രവര്‍ത്തകരുടെ ധാര്‍മികത നഷ്ടപ്പെടും.
തകര്‍ന്നിരിക്കുന്ന യു.ഡി.എഫിന്റെ നേതൃത്വമാണ് എന്നെ ദൗത്യം ഏല്‍പ്പിച്ചത്. രണ്ട് പ്രാവശ്യം തുടര്‍ച്ചയായി പരാജയപ്പെട്ട്, ആത്മവിശ്വാസം നഷ്ടപ്പെട്ട് നില്‍ക്കുന്ന യു.ഡി.എഫിനെ ഒരു തിളക്കമാര്‍ന്ന വിജയത്തിലേക്ക് തിരിച്ചുകൊണ്ടുവരണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പൊരുത്തക്കേടുകള്‍ കാരണം പ്രതിപക്ഷ നേതാവിന്റെ പത്രിക സ്വീകരിക്കുന്നത് മാറ്റി വെച്ചിരിക്കുകയാണ്. സ്വത്ത് വിവരങ്ങള്‍ പൂര്‍ണമല്ല എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് വരണാധികാരിയുടെ നടപടി.
ആസ്തി കുറച്ചുകാണിച്ചെന്നും വരുമാന സ്രോതസ് വെളിപ്പെടുത്തിയില്ല എന്നുമാണ് പരാതി. പറവൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് സതീശന്‍.
ഇതിന് പുറമെ ഔദ്യോഗിക വാഹനത്തിനുമേല്‍ ചുമത്തിയ പിഴ അടച്ചിട്ടില്ല, കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം കുറച്ചു കാണിച്ചു, പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ശമ്പളവും ആനുകൂല്യവും മാത്രമാണ് നാമനിര്‍ദേശ പത്രികയില്‍ കാണിച്ചിട്ടുള്ളതെന്നും ഉള്‍പ്പടെയുള്ള ആരോപണങ്ങളാണ് വി.ഡി. സതീശനെതിരെ ഉയര്‍ന്നിരിക്കുന്നത്.