കേരളത്തിന്റെ പോക്ക് വല്ലാത്ത സ്ഥിതിയിലേക്ക്; എന്തിനാണ് മാസമാദ്യം ശമ്പളം എന്ന ചോദ്യം എല്ലാവരോടും ചോദിക്കും: സതീശന്‍
KERALA NE
കേരളത്തിന്റെ പോക്ക് വല്ലാത്ത സ്ഥിതിയിലേക്ക്; എന്തിനാണ് മാസമാദ്യം ശമ്പളം എന്ന ചോദ്യം എല്ലാവരോടും ചോദിക്കും: സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th February 2023, 10:28 pm

തിരുവനന്തപുരം: ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം ചോദിച്ച ചോദ്യം നാളെ കേരളത്തിലെ എല്ലാവരോടും സംസ്ഥാന സര്‍ക്കാര്‍ ചോദിക്കാന്‍ പോകുന്ന ചോദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാന സര്‍ക്കാര്‍ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

‘സംസ്ഥാനം രൂക്ഷമായ കടക്കെണിയെയാണ് നേരിടുന്നത്. മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം ചോദിച്ചത്, എന്തിനാണ് ശമ്പളം മുഴുവന്‍ മാസമാദ്യം തന്നെ ലഭിക്കുന്നതെന്നായിരുന്നു.

ആ ചോദ്യം വരാനിരിക്കുന്ന കാലത്ത് കേരളത്തിലെ എല്ലാവരോടും സംസ്ഥാന സര്‍ക്കാര്‍ ചോദിക്കാന്‍ പോകുന്ന ചോദ്യമാണ്. കാരണം അത്രമാത്രം, കേരളം കാണാത്ത രൂക്ഷമായ കടക്കെണിയിലേക്ക് സര്‍ക്കാര്‍ കൂപ്പ് കുത്തുകയാണ്. വല്ലാത്തൊരു സ്ഥിതിയിലേക്കാണ് കേരളം പോകുന്നത്,’ സതീശന്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കിയി നല്‍കുന്നതു സംബന്ധിച്ച മന്ത്രി ആന്റണി രാജുവിന്റെ പ്രതികരത്തെക്കുറിച്ചാണ് വി.ഡി. സതീശന്‍ സൂചിപ്പിച്ചത്. ശമ്പളം ഗഡുക്കളാക്കി നല്‍കുന്നതില്‍ വിവാദമുണ്ടാകേണ്ട ആവശ്യമില്ലെന്നായിരുന്നു ആന്റണി രാജു പറഞ്ഞിരുന്നത്.