കോഴിക്കോട്: മതരാഷ്ട്രവാദം ജമാഅത്തെ ഇസ്‌ലാമി ഉപേക്ഷിച്ചെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി സുന്നി കാന്തപുരം വിഭാഗം.
വി.ഡി. സതീശന്റെ പ്രസ്താവന ജമാഅത്തെ ഇസ്‌ലാമിയെ വെള്ളപൂശുന്ന തരത്തിലുള്ളതാണെന്നും ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന വാദം തെറ്റാണെന്നും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി പ്രതികരിച്ചു. ന്യൂസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെല്‍ഫെയര്‍ പാര്‍ട്ടിയേയും പി.ഡി.പിയേയും ഒരുപോലെ കാണാന്‍ സാധിക്കില്ലെന്നും സതീശന്റെ പ്രസ്താവന അപകടം നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
‘മതരാഷ്ട്ര വാദത്തില്‍ നിന്ന് ജമാഅത്തെ ഇസ്‌ലാമി പിന്മാറിയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയാണ് വലിയ അപകടമുണ്ടാക്കുന്നത്. അത് വലിയ പ്രത്യാഘതങ്ങളുണ്ടാക്കുന്നതാണ്. ആര്‍.എസ്.എസ് പോലുള്ള സംഘടനകള്‍ക്ക് ആയുധമാക്കാന്‍ പറ്റുന്ന പ്രസ്താവനയാണ്. ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് വേണ്ടപോലെ പഠിക്കാതെയാണ് പ്രതിപക്ഷ നേതാവ് അഭിപ്രായം പറഞ്ഞതെന്നാണ് എനിക്ക് തോന്നുന്നത്,’ റഹ്‌മത്തുള്ള സഖാഫി പറഞ്ഞു.
വെല്‍ഫയര്‍ പാര്‍ട്ടി വര്‍ഷങ്ങളായി യു.ഡി.എഫിന് പിന്തുണകൊടുക്കുന്നതാണന്നും അതിനാല്‍ അത് പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ആര്‍.എസ്.എസ് പോലെയുള്ള തീവ്രസംഘടനകള്‍ പ്രചരണത്തില്‍ ആയുധമാക്കുമെന്നും കൂടാതെ ജമാഅത്തെ ഇസ്‌ലാമിക്ക് സ്വീകാര്യത കിട്ടുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ നേതാക്കള്‍ വിവിധ സമയങ്ങളില്‍ നടത്തിയ പ്രസ്താവനകളില്‍ നിന്ന് പിന്മാറിയാല്‍ തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.വി. ഗോവിന്ദന്‍ പി.ഡി.പിയെ പിന്തുണച്ചതിനേയും സഖാഫി ന്യായീകരിച്ചു. അബ്ദുല്‍ നാസര്‍ മഅദനി നേരിട്ട കഷ്ടതകള്‍ കാരണമാകും അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും സഖാഫി കൂട്ടിച്ചേര്‍ത്തു.
വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി.ഡി സതീശന്‍ ജമാഅത്തെ ഇസ്ലാമിയെ അനുകൂലിച്ച് മാധ്യമങ്ങളോട് സംസാരിച്ചത്. മുസ്‌ലിം സംഘടനകളില്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും അവരുടെ പിന്തുണ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
Content Highlight: V.D. Satheesan’s statement is Whitewashing Jamaat-e-Islami and a weapon for RSS: Sunni Kanthapuram leader says