അടൂര്‍: മറ്റത്തൂര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മറ്റത്തൂരില്‍ രണ്ട് വിമതര്‍ ജയിച്ചിരുന്നു. അവരില്‍ ഒരാളെ സി.പി.ഐ.എം പഞ്ചായത്ത് പ്രസിഡന്റാക്കാൻ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രണ്ടാമത്തെ വിമതനെ പിന്തുണക്കുകയായിരുന്നുവെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
കൗണ്‍സിലര്‍മാരുടെ നീക്കം പാര്‍ട്ടിയുടെ തീരുമാനം ലംഘിച്ചായിരുന്നുവെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. അടൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിമതനെ പിന്തുണച്ചവരില്‍ ആരും തന്നെ ബി.ജെ.പിയില്‍ പോയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ആഗ്രഹം അതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഒരു വാക്ക് പറഞ്ഞാല്‍ എവിടെയും ഒപ്പിട്ട് നല്‍കുന്ന വ്യക്തിയാണ് അദ്ദേഹം. എന്നിട്ടാണ് മറ്റത്തൂര്‍ പഞ്ചായത്തില്‍ ഉണ്ടായ വിഷയത്തില്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
എല്‍.ഡി.എഫ് ഇപ്പോഴും തോറ്റിട്ടില്ലെന്നാണ് വിചാരിക്കുന്നത്. ആദ്യം തോല്‍വി പഠിക്കണം. ഒന്നും കിട്ടാത്തതുകൊണ്ടാണ് മുഖ്യമന്ത്രി മറ്റത്തൂരിനെ കുറിച്ച് പറയുന്നത്. മറ്റത്തൂരിലെ ഒരു കോണ്‍ഗ്രസുകാരനും ബി.ജെ.പിയിലേക്ക് പോയിട്ടില്ല. വിമതനെ പിന്തുണക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ അത് പാര്‍ട്ടിയുടെ തീരുമാനം അല്ലാത്തതിനാലാണ് അവര്‍ക്കെതിരെ നടപടിയെടുത്തതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ തലമുറമാറ്റം ഉണ്ടാകുമെന്ന പരാമര്‍ശത്തിലും അദ്ദേഹം പ്രതികരിച്ചു.
രാഹുല്‍ ഗാന്ധി എപ്പോഴും നല്‍കുന്ന നിര്‍ദേശമാണ് യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്നത്. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും 50 ശതമാനം സംവരണം ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്. അത് നടപ്പിലാക്കേണ്ടത് തങ്ങളെ പോലുള്ള നേതാക്കളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഴയ തലമുറയില്‍ ഉള്ളവരോട് മാറിനില്‍ക്കാനല്ല പറയുന്നത്. ആരെയും മാറ്റിനിര്‍ത്തില്ല. കൂടുതല്‍ യുവാക്കളെയും സ്ത്രീകളെയും രംഗത്ത് കൊണ്ടുവരും. ഇത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തില്‍ ആരാണ് ഏറ്റവും കൂടുതല്‍ എ.ഐ ചിത്രങ്ങള്‍ പുറത്തിറക്കിയതെന്നും ചോദ്യമുണ്ട്. വയനാട് ഉരുള്‍പൊട്ടലിനെ മുന്‍നിര്‍ത്തി താനും കെ.സി. വേണുഗോപാലും സണ്ണി ജോസഫും രാഹുല്‍ ഗാന്ധിയും നൃത്തം ചെയ്യുന്ന ഒരു എ.ഐ വീഡിയോ സി.പി.ഐ.എം പ്രചരിപ്പിച്ചിരുന്നു.
എന്നിട്ട് ഇപ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ മുഖ്യമന്ത്രി കണ്ടിട്ടില്ലെന്ന് പറയാന്‍ എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ക്ക് നാണമില്ലേയെന്നും വി.ഡി. സതീശന്‍ ചോദിച്ചു.
Content Highlight: V.D.Satheesan responds to the controversy related to Mattathur Panchayat