തിരുവനന്തപുരം: യു.ഡി.എഫിലേക്കുള്ള ക്ഷണം നിരസിച്ച കാമരാജ് കോണ്‍ഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
മുന്നണിയിലേക്ക് വരാനല്ലെങ്കില്‍ എന്തിനാണ് യു.ഡി.എഫിനെ സമീപിച്ചതെന്ന് സതീശന്‍ ചോദിച്ചു. സൗകര്യമില്ലെങ്കില്‍ വരേണ്ടെന്നും അതൊക്കെ അവരുടെ ഇഷ്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ചര്‍ച്ചകള്‍ക്ക് ശേഷം ചന്ദ്രശേഖരന്‍ പിന്മാറിയത് എന്തുകൊണ്ടാണെന്ന് അറിയില്ല. നിരവധി തവണ ആവശ്യപ്പെട്ടിട്ടാണ് യു.ഡി.എഫ് അസോഷ്യേറ്റായി ഉള്‍പ്പെടുത്തിയതെന്നും സതീശന്‍ വിശദീകരിച്ചു.
അതേസമയം, ഇന്ന് നടന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിന് ശേഷമാണ് പി.വി. അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും എന്‍.ഡി.എ ഘടകകക്ഷികളായ സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെ കാമരാജ് കോണ്‍ഗ്രസിനെയും മുന്നണിയിലേക്ക് ക്ഷണിച്ചത്.
താനിപ്പോഴും എന്‍.ഡി.എ വൈസ് ചെയര്‍മാനാണെന്നും തനിക്ക് സംഘപരിവാര്‍ പശ്ചാത്തലമാണുള്ളതെന്നും ചന്ദ്രശേഖരന്‍ വിശദീകരിച്ചിരുന്നു.
യു.ഡി.എഫില്‍ ഉള്‍പ്പെടുത്താനുള്ള അപേക്ഷ താന്‍ നല്‍കിയിട്ടില്ലെന്നും സാധാരണ കൂടിക്കാഴ്ചകള്‍ക്കപ്പുറം രാഷ്ട്രീയപരമായ കൂടിക്കാഴ്ചകള്‍ നേതാക്കളുമായി നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.