ലോകകപ്പ് ചരിത്രത്തിലാദ്യമായി നാല് ടീം; മാസ് എന്‍ട്രി എന്നൊക്കെ പറഞ്ഞാ ദാ ഇതാണ്!
Football
ലോകകപ്പ് ചരിത്രത്തിലാദ്യമായി നാല് ടീം; മാസ് എന്‍ട്രി എന്നൊക്കെ പറഞ്ഞാ ദാ ഇതാണ്!
ശ്രീരാഗ് പാറക്കല്‍
Sunday, 7th June 2026, 10:18 pm

2026 ഫിഫ ലോകകപ്പ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ജൂണ്‍ 11ന് ആരംഭിക്കുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ ഇത്തവണ കളത്തിലിറങ്ങാന്‍ പോകുന്നത് 48 രാജ്യങ്ങളാണ്. ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പ് എന്ന സവിശേഷതയും ഇത്തവണയുണ്ട്.

എന്നാല്‍ ഇത്തവണ കളത്തിലിറങ്ങുന്ന നാല് ടീമുകള്‍ക്ക് ഒരു വലിയ പ്രത്യേകതയുണ്ട്. ചരിത്രത്തിലാദ്യമായി ലോകകപ്പ് മാമാങ്കത്തിനെത്തുന്നു എന്ന ബഹുമതിയോടെയാണ് ഉസ്ബകിസ്ഥാന്‍, ജോര്‍ദാന്‍, കേപ് വെര്‍ദെ, ക്വുറാസാവോ എന്നീ രാജ്യങ്ങള്‍ ഫുട്‌ബോള്‍ മാമാങ്കത്തിനെത്തുന്നത്.

ആദ്യത്തെ ടീം ഉസ്ബകിസ്താനാണ്. നേരത്തെ ഏഴ് തവണ ലോകകപ്പിന്റെ പടിവാതിലിലെത്തിയെങ്കിലും ഉസ്ബകിസ്ഥാന് ക്വാളിഫൈ ചെയ്യാന്‍ സാധിച്ചില്ലായിരുന്നു. എന്നാല്‍ ഇത്തവണ ചരിത്രം തിരുത്തിയാണ് അവര്‍ ലോകകപ്പില്‍ എന്‍ട്രി നേടിയത്.

ഇറ്റാലിയന്‍ ഇതിഹാസമായ ഫാബിയോ കന്നവേരോയാണ് ഉസ്ബകിസ്ഥാന്റെ പരിശീലകന്‍. പോര്‍ച്ചുഗല്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് കെയിലാണ് ഉസ്ബകിസ്ഥാന്‍ സ്ഥാനം നേടിയത്.

രണ്ടാമത്തെ ടീം ജോര്‍ദാനാണ്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഫൈനല്‍ വരെ എത്തിയ ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ച ടീമാണ് ജോര്‍ദാന്‍. അര്‍ജന്റീന ഉള്‍പ്പെട്ട ഗ്രൂപ്പ് ജെയിലാണ് ജോര്‍ദാന്‍ പട ഇടം നേടിയത്.

മൂന്നാമത്തെ രാജ്യം കേപ് വെര്‍ദെയാണ്. ആഫ്രിക്കന്‍ തീരത്തുള്ള ഒരു കുഞ്ഞന്‍ ദ്വീപ് രാജ്യമാണ് കേപ് വെര്‍ദെ. ഇവിടുത്തെ ആകെ ജനസംഖ്യ ആറ് ലക്ഷത്തോളം മാത്രമാണ് എന്നത് എടുത്തുപറയേണ്ടതാണ്. അത്തരത്തിലുള്ള ഒരു രാജ്യം ലോകകപ്പ് വേദിയിലെത്തിയത് എടുത്തുപറയേണ്ടതാണ്. ഗ്രൂപ്പ് എച്ചില്‍ സ്‌പെയിനിനോടാണ് കേപ് വെര്‍ദേയുടെ ആദ്യ മത്സരം. മികച്ച ഫുട്‌ബോള്‍ കളിച്ച് ലോകകപ്പിന് യോഗ്യത നേടിയ ഈ ടീമിനെ കുറച്ച് കാണാന്‍ സാധിക്കില്ല.

നാലാമത്തെ രാജ്യം ക്വുറാസാവോയാണ്. കരീബിയന്‍ കടലിലെ ചെറിയൊരു ദ്വീപ് രാജ്യമാണിത്. ലോകകപ്പ് ചരിത്രത്തില്‍ യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമാണ് ക്വുറാസാവോ. വെറും ഒന്നര ലക്ഷം ആളുകള്‍ മാത്രമുള്ള രാജ്യമാണ് ക്വുറാസാവോ. ലോകകപ്പില്‍ ഇ ഗ്രൂപ്പില്‍ ജര്‍മനിയോടാണ് ഇവരുടെ ആദ്യ മത്സരം.

Content Highlight: Uzbekistan, Jordan, Cape Verde and Curacao are making their first appearance at the World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ